Connect with us

International

ഉത്തരവാദി റഷ്യ തന്നെ: യു എസ്

Published

|

Last Updated

വാഷിംഗ്ടണ്‍: റഷ്യന്‍ മുന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയക്കുമെതിരെ ബ്രിട്ടനില്‍ വെച്ച് വിഷപ്രയോഗമുണ്ടായ സംഭവത്തില്‍ ഉത്തരവാദി റഷ്യയാണെന്ന് അമേരിക്ക. റഷ്യ നടത്തിയ ഈ ചതിപ്രയോഗത്തെ തുടര്‍ന്ന് ആ രാജ്യത്തിന്റെ 23 നയതന്ത്ര പ്രതിനിധികളെ ഒഴിവാക്കാനുള്ള ബ്രിട്ടന്റെ തീരുമാനം “ചെറിയൊരു” പ്രതികരണം മാത്രമാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ് പറഞ്ഞു. ഈ വിഷയത്തില്‍ തങ്ങളുടെ സഖ്യകക്ഷിയായ ബ്രിട്ടനോടൊപ്പം അമേരിക്ക ഉറച്ചുനില്‍ക്കുന്നു. നയതന്ത്ര പ്രതിനിധികളെ പുറത്താക്കാനുള്ള ബ്രിട്ടന്റെ തീരുമാനത്തെ അംഗീകരിക്കുന്നതായും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പറഞ്ഞു.

23 റഷ്യന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കുമെന്ന് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് പ്രഖ്യാപിച്ചിരുന്നു. 30 വര്‍ഷ ചരിത്രത്തിനിടയില്‍ ഇതാദ്യമായാണ് ബ്രിട്ടന്‍ ഒറ്റയടിക്ക് ഇത്രയും കൂടുതല്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കുന്നത്. എന്നാല്‍ എല്ലാ ആരോപണങ്ങളെയും റഷ്യ തള്ളിക്കളഞ്ഞിരിക്കുകയാണ്.

അന്താരാഷ്ട്ര മര്യാദകളെയെല്ലാം വെല്ലുവിളിച്ചാണ് റഷ്യ ഇത്തരമൊരു കൃത്യം നിര്‍വഹിച്ചിരിക്കുന്നത്. ലോകത്തുള്ള മറ്റു രാജ്യങ്ങളുടെ പരമാധികാരം റഷ്യ വിലകുറച്ചുകാണുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ സഖ്യരാജ്യമായ ബ്രിട്ടനോടൊപ്പം ചേര്‍ന്നുനില്‍ക്കുന്നുവെന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.

ന്യൂയോര്‍ക്കിലെ യു എന്‍ ആസ്ഥാനത്തെത്തിയ യു എസ് അംബാസിഡര്‍ നിക്കി ഹാലെയും റഷ്യയുടെ പ്രവൃത്തിയെ അപലപിച്ചു. ബ്രിട്ടനില്‍ വെച്ച് രഹസ്യാന്വേഷണ ഏജന്റുമാര്‍ക്കെതിരെ നടന്ന ചതിപ്രയോഗത്തിന്റെ ഉത്തരവാദിത്വം റഷ്യക്കാണെന്നും നിക്കി ഹാലെ ആരോപിച്ചു. ഇവര്‍ക്ക് പുറമെ, ഫ്രാന്‍സും ജര്‍മനിയും റഷ്യക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

---- facebook comment plugin here -----

Latest