Connect with us

Editorial

മാറ്റത്തിന്റെ സൂചന

Published

|

Last Updated

രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ വരാനിരിക്കുന്ന മാറ്റങ്ങളുടെ സൂചനയായാണ് ഗോരഖ്പൂര്‍, ഫൂല്‍പൂര്‍ ലോക്‌സഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങളെ വിലയിരുത്തപ്പെടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വിജയങ്ങളും ഭരണം പിടിച്ചെടുക്കലും നല്‍കിയ ആത്മവിശ്വാസത്തില്‍ കേന്ദ്രത്തില്‍ തുടര്‍ഭരണം ഉറപ്പിച്ചു കഴിയുന്ന ബി ജെ പിക്ക് വന്‍ ഞെട്ടലാണ് ഇത് സൃഷ്ടിച്ചത്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിജയിച്ച ഗോരഖ്്പൂരില്‍ ഇരുപത്തി രണ്ടായിരത്തോളം വോട്ടുകള്‍ക്കാണ് സമാജ്‌വാദി സ്ഥാനാര്‍ഥി പ്രവീണ്‍കുമാര്‍ നിഷാദിനോട് ബി ജെ പിയുടെ ഉപേന്ദ്രദത്ത് ശുക്ല പരാജയപ്പെട്ടത്. ഫുല്‍പൂര്‍ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ മൂന്ന് ലക്ഷത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലമാണ്. ഇവിടെ എസ് പി നേതാവ് നാഗേന്ദ്ര പ്രതാപ് സിംഗ് പട്ടേലിനോട് 59,613 വോട്ടുകള്‍ക്കാണ് ബി ജെ പിയുടെ കൗശലേന്ദ്ര സിംഗ് പട്ടേല്‍ അടിയറവ് പറഞ്ഞത്. ഇതോടെ 2014ലെ തിരഞ്ഞെടുപ്പില്‍ 543 അംഗസഭയില്‍ 282 സീറ്റ് നേടിയ ബി ജെ പിയുടെ ലോക്‌സഭാ സീറ്റുനില 272 ലേക്ക് താഴ്ന്നു.

യോഗി ആദിത്യനാഥ് സര്‍ക്കാറിനെതിരായ ജനവികാരവും സമാജ്‌വാദി പാര്‍ട്ടി ബി എസ് പി സഹകരണത്തിന്റെ ഗുണഫലവുമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നത്. ചില വര്‍ഗീയ അജന്‍ഡകളല്ലാതെ യോഗി സര്‍ക്കാറിന് ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളൊന്നും എടുത്തുകാണിക്കാനില്ല. കേരളം, കര്‍ണാടക തുടങ്ങി ബി ജെ പി ഇതര സര്‍ക്കാറുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ചെന്ന് അവരെ ഉപദേശിക്കുന്ന യോഗിക്ക് സ്വന്തം സംസ്ഥാനത്തിന്റെ വികസനത്തിലും ജനങ്ങളുടെ ക്ഷേമകാര്യങ്ങളിലും ശ്രദ്ധിക്കാനായില്ല. ഒരു വര്‍ഷത്തെ യോഗി ഭരണം കൊണ്ടുതന്നെ ജനങ്ങള്‍ക്ക് മതിയായി. കാവി ഭീകരര്‍ അഴിച്ചു വിടുന്ന അക്രമങ്ങളിലും ക്രൂരതകളിലും മതന്യൂനപക്ഷങ്ങളും ദളിതരും കടുത്ത പ്രതിഷേധത്തിലുമാണ്. ഈ രാഷ്ട്രീയ സാഹചര്യം കണ്ടറിഞ്ഞു തിരഞ്ഞെടുപ്പ് തന്ത്രം മെനയുന്നതില്‍ ബി എസ് പി നേതാവ് മായാവതി പ്രകടിപ്പിച്ച രാഷ്ട്രീയ ദിശാബോധവും എടുത്തുപറയേണ്ടതാണ്. മതേതര പാര്‍ട്ടികള്‍ വേറിട്ടു മത്സരിച്ചാല്‍ ബി ജെ പിക്കായിരിക്കും ഗുണമെന്ന് മനസ്സിലാക്കി സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്താതെ 25 വര്‍ഷമായി നിലനില്‍ക്കുന്ന വൈരം മറന്ന് എസ് പിക്ക് പിന്തുണ നല്‍കിയ അവരുടെ രാഷ്ട്രീയ വിവേകം അഭിനന്ദനമര്‍ഹിക്കുന്നു.
ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എടുത്ത നിലപാട് അവിവേകവും വിഡ്ഢിത്തവുമായിപ്പോയി. ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മതേതര ഇന്ത്യ ഒരു വിശാല സഖ്യത്തെക്കുറിച്ചു ചര്‍ച്ച ചെയ്യുന്ന സന്ദര്‍ഭമായിട്ടും ഉപതിരഞ്ഞെടുപ്പുകളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചു വര്‍ഗീയ വിരുദ്ധവോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ അവസരമൊരുക്കുകയായിരുന്നു കോണ്‍ഗ്രസ്. വോട്ടര്‍മാര്‍ അത് കണ്ടറിഞ്ഞു പ്രതികരിച്ചിട്ടുണ്ടെന്നാണ് കെട്ടിവെച്ച കാശ് പോലും തിരിച്ചു പിടിക്കാനാകാതെ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയതില്‍ നിന്ന് ബോധ്യമാകുന്നത്. മുന്നാക്ക ജാതിക്കാര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള രണ്ട് മണ്ഡലങ്ങളിലും അക്കാര്യം പരിഗണിച്ചു ബ്രാഹ്മണ സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയതെങ്കിലും ഫലമുണ്ടായിയില്ല.

ത്രിപുരയില്‍ നേടിയ വന്‍വിജയത്തിന്റെ തൊട്ടുപിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു പിയിലെ രണ്ട് സീറ്റുകളും നിലനിര്‍ത്താനാകുമെന്ന ആത്മവിശ്വാസത്തിലായിരുന്നു യോഗിയും ബിജെ പി നേതൃത്വവും. യോഗി ആദിത്യനാഥിന്റെ കീഴില്‍ പാര്‍ട്ടിയുടെ ഏറ്റവും സുരക്ഷിതമായ സീറ്റുകളില്‍ ഒന്നായാണ് ഗോരഖ്പൂരിനെ ബി ജെ പി കണക്കാക്കിയിരുന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ പാര്‍ട്ടി കടുത്ത അങ്കലാപ്പിലാണ്. ഗോരഖ്പൂരില്‍ ബി ജെ പിയെ പിന്തള്ളി സമജ്‌വാദി പാര്‍ട്ടി മുന്നേറാന്‍ തുടങ്ങിയതോടെ തത്സമയ റിപ്പോര്‍ട്ടിംഗിന് മാധ്യമങ്ങള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് പാര്‍ട്ടിയുടെ വികാരം നന്നായി പ്രതിഫലിപ്പിക്കുന്നുണ്ട്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ റിഹേഴ്‌സലെന്നായിരുന്നു ഉപതിരഞ്ഞെടുപ്പിനെ യോഗി വിശേഷിപ്പിച്ചിരുന്നത്. കേന്ദ്രത്തിലെ തുടര്‍ഭരണം ഇനി പാര്‍ട്ടിക്ക് ഏറെ ശ്രമകരമായിരിക്കും. നോട്ട് നിരോധം, പെട്രോള്‍ വിലവര്‍ധന തുടങ്ങി ജനദ്രോഹ നടപടികളിലും ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുമെതിരെ നടത്തുന്ന കൊടും ക്രൂരതകളിലും ഇന്ത്യന്‍ സമൂഹം അതൃപ്തരാണ്. മോദിയുടെ വണ്‍മാന്‍ ഷോക്കെതിരെ പാര്‍ട്ടിക്കുള്ളിലും സഖ്യകക്ഷികളിലും മുറുമുറുപ്പുണ്ട്. വാജ്‌പേയിക്ക് 2004ല്‍ തുടര്‍ഭരണം നഷ്ടമാക്കിയത് ഇത്തരം രാഷ്ട്രീയ സാഹചര്യങ്ങളായിരുന്നു. അതേസമയം അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു വിശാല സഖ്യത്തെക്കുറിച്ചു ചിന്തിച്ചു കൊണ്ടിരിക്കുന്ന മതേതര കക്ഷികള്‍ക്ക് ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഉണര്‍വ് പകരും.

ബീഹാറിലെ അരാരിയ ലോക്‌സഭാ മണ്ഡലത്തില്‍ ആര്‍ ജെ ഡി സ്ഥാനാര്‍ഥി സര്‍ഫറാസ് നേടിയ വിജയവും ശ്രദ്ധേയമാണ്. അവിടെ സംസ്ഥാന ഭരണ കക്ഷിയായ ജനതാദള്‍-യുവിന്റെ പിന്തുണയുള്ള ബി ജെ പി സ്ഥാനാര്‍ഥി പ്രദീപ് കുമാര്‍ സിംഗിനെ 61,988 വോട്ടിനാണ് സര്‍ഫറാസ് പരാജയപ്പെടുത്തിയത്. സംസ്ഥാനത്ത് ആര്‍ ജെ ഡിയും ജനതാദള്‍ യുവും ചേര്‍ന്നു രൂപവത്കരിച്ച മഹാസഖ്യം പൊളിച്ചു നിതീഷ്‌കുമാറിനെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടു വന്ന ബി ജെ പിക്ക്, ആര്‍ ജെ ഡിയുടെ സ്വാധീനത്തിന് സംസ്ഥാനത്ത് ഒരു പോറലുമേല്‍പ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് ഫലം നല്‍കുന്ന സൂചന. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ ആര്‍ ജെ ഡിക്ക് ഇവിടെ ഒരു ലക്ഷത്തിലേറെ വോട്ട് വര്‍ധിക്കുകയാണുണ്ടായത്. ബി ജെ പി- ജെ ഡി യു സഖ്യത്തിന് നാല്‍പതിനായിരത്തോളം വോട്ട് കുറയുകയും ചെയ്തു. സംസ്ഥാനത്ത് നിലവിലുള്ള ആര്‍ ജെ ഡി-കോണ്‍ഗ്രസ് സഖ്യം പൊതുതിരഞ്ഞെടുപ്പില്‍ തുടരുന്നതിന് ഇരുപാര്‍ട്ടികള്‍ക്കും ഇത് പ്രചോദനമാകും. 2015ല്‍ ആര്‍ ജെ ഡിയും കോണ്‍ഗ്രസുമായി ചേര്‍ന്നു മത്സരിച്ചാണ് നിതീഷ് അധികാരത്തിലെത്തിയത്. ആ സഖ്യം ഉപേക്ഷിച്ചു ബി ജെ പിയുമായി സ്ഥാപിച്ച കൂട്ടുകെട്ട് ജനങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നാണ് അരാരിയ ഫലം നിതീഷിനെ ഉണര്‍ത്തുന്നത്.

---- facebook comment plugin here -----

Latest