വീട്ടിലെ വൃത്തി, അടുക്കും ചിട്ടയും

കുടുംബാംഗങ്ങള്‍ പരസ്പരം ഒരുമ കാണിക്കുന്നതും നല്ല അയല്‍ ബന്ധം കാത്തുസൂക്ഷിക്കുന്നതും നല്ല വീടിന്റെ ലക്ഷണമാണ്. വിശുദ്ധ ഖുര്‍ആന്‍ പാരായണം, ദിക്‌റുകള്‍, എന്നിവ വീടിനെ ആത്മീയ ജീവനുള്ളതാക്കുന്നു.
Posted on: March 16, 2018 6:00 am | Last updated: March 15, 2018 at 10:22 pm
SHARE

വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ എല്ലാ വീടുകളിലും ഇന്ന് സുലഭമാണ്. എന്നാല്‍, കൃത്യമായി സെറ്റ് ചെയ്യുന്നതിലും വൃത്തിയോടെ സൂക്ഷിക്കുന്നതിലും പല കുടുംബിനികളും പരാജയമാണ്. സ്വീകരണ മുറിയിലെ ഇരിപ്പിടം അലങ്കോലമായിക്കിടക്കുന്നതും തുണിത്തരങ്ങള്‍, പാഠപുസ്തകങ്ങള്‍ തുടങ്ങിയവയെല്ലാം ഇവിടങ്ങളില്‍ ഇരിപ്പിടമുറപ്പിക്കുന്നതും പല വീടുകളിലും നിത്യ കാഴ്ചയാണ്. ഗൃഹഭരണമെന്ന കലയുടെ അഭാവം കൊണ്ടാണിത്. ഒന്ന് ശ്രദ്ധ വെച്ചാല്‍ ഇതൊക്കെ ഒഴിവാക്കി എടുക്കാവുന്നതേയുള്ളൂ.

റൂമുകളിലെ ജനലുകളില്‍ അടിവസ്ത്രങ്ങള്‍ ആറിയിടുന്നതും ഉടുവസ്ത്രങ്ങള്‍ അഴിച്ചുവെക്കുന്നതും ദുര്‍ഗന്ധത്തിന് പുറമെ വൃത്തികേടുമാണെന്നറിയുക. കുട്ടികളുടെ വസ്ത്രങ്ങള്‍ അടുക്കി വെക്കാന്‍ അലമാരയില്‍ വെവ്വേറെ അറകള്‍ ഒരുക്കണം. അഴിച്ചിടാന്‍ പ്രത്യേക സ്ഥലം കാണിച്ചുകൊടുക്കണം. വസ്ത്രങ്ങള്‍ തിരയുന്നതിനിടയില്‍ ഉണ്ടാകുന്ന ബഹളങ്ങള്‍ ഒഴിവാക്കാന്‍ ഇത് ഉപകരിക്കും. വിദ്യാര്‍ഥികളുടെ പഠനോപകരണങ്ങളും ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ വീട് ബഹളമയമാകും.

ആധാരം, പട്ടയം, ഐ ഡി കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, എസ് എസ് എല്‍ സി ബുക്ക്, റേഷന്‍ കാര്‍ഡ് തുടങ്ങിയ രേഖകളും ഗൃഹോപകരണങ്ങളുടെയും മറ്റും ഗ്യാരണ്ടി വാറണ്ടി പേപ്പറുകളും സൂക്ഷിക്കുന്ന ഓഫീസ് കൂടിയാണ് വീട്. ഇതിലേതെങ്കിലുമൊന്ന് ആവശ്യപ്പെടുമ്പോള്‍ പലരും അത് പരതാന്‍ തുടങ്ങും.
കുട്ടികളുടെ പുസ്തകങ്ങള്‍ക്കുള്ളിലും തലയണക്കു ചുവട്ടിലുമൊക്കെ സൂക്ഷിച്ചുവെച്ചവര്‍ക്ക് അവ തിരിച്ചുകിട്ടിയില്ലെന്ന് വരും. നഷ്ടപ്പെട്ടുകഴിഞ്ഞാലാണ് അത് വീണ്ടെടുക്കാനുള്ള പ്രയാസം മനസ്സിലാകുക. ഇത്തരം രേഖകള്‍ സൂക്ഷിക്കാന്‍ നിര്‍ബന്ധമായും ഒരു ഫയല്‍ ആവശ്യമാണ്. ലാമിനേഷന്‍ ചെയ്ത് സൂക്ഷിക്കേണ്ടത് അങ്ങനെ തന്നെ സൂക്ഷിക്കണം.

ഗൃഹോപകരണങ്ങളായ കൈക്കോട്ട്, മഴു, പിക്കാസ്, കുട്ട തുടങ്ങിയവ വീടിനു പുറത്ത് സുരക്ഷിതമായി സൂക്ഷിക്കണം. ആവശ്യം വരുമ്പോള്‍ മണിക്കൂറുകളോളം വീടിനു ചുറ്റും അലഞ്ഞുതിരിയേണ്ടിവരുന്നത് ഒഴിവാക്കിയെടുക്കാം. സൂചി, നൂല്‍, ആണികള്‍, സ്പാനറുകള്‍, ചുറ്റിക, സ്‌ക്രൂഡ്രൈവര്‍ തുടങ്ങിയവ അടുപ്പുള്ള പാത്രങ്ങളില്‍ സൂക്ഷിക്കണം. അയല്‍ വാസികള്‍ ഗൃഹോപകരണങ്ങള്‍ വായ്പക്ക് വന്നാല്‍ സസന്തോഷം നല്‍കണം. മുന്‍ഗാമികള്‍ വായ്പ നല്‍കി പ്രതിഫലം നേടാനായി മാത്രം ഇത്തരം ഉപകരണങ്ങള്‍ വാങ്ങി സൂക്ഷിക്കാറുണ്ടായിരുന്നു. ഇവ തടയുന്നത് പാരത്രികലോകത്ത് പ്രതിഫലം ലഭിക്കുമെന്ന അടിസ്ഥാന വിശ്വാസം ഇല്ലാത്തവന്റെ അടയാളമായി വിശുദ്ധഖുര്‍ആന്‍ പരാമര്‍ശിച്ചത് മറക്കാതിരിക്കുക.

ആയുസ്സിന്റെ നല്ലൊരു ഭാഗം നാം ചെലവഴിക്കുന്നത് വീടുകളിലാണ്. രോഗമുക്തമായ ജീവിതത്തിന് വീടും പരിസരവും വലിയ പങ്ക് വഹിക്കുന്നുണ്ട്. വായു, മണ്ണ്, ജലം എന്നിവ മലിനപ്പെടാതെ സൂക്ഷിക്കുക എന്നത് ആരോഗ്യ സംരക്ഷണത്തിന് അനിവാര്യമത്രേ. ചിക്കുന്‍ ഗുനിയ, ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ കൊതുകു ജന്യ രോഗങ്ങളാണ്. പരിസര മലിനീകരണം ഒഴിവാകുന്നതോടെ കൊതുകു നിവാരണം സാധ്യമാക്കാം. ഇതിന് ഓരോ വീട്ടിലും താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.

വേസ്റ്റ് ജലം അലക്ഷ്യമായി ഒഴുക്കുന്നതിനു പകരം കുഴിയെടുത്ത് സ്ലാബിട്ട് മൂടി അതിലേക്ക് പൈപ്പു വഴി ഒഴുക്കുക. ഉപയോഗിക്കാത്ത കക്കൂസുകള്‍ഇടവിട്ട് ഫഌഷ് ചെയ്യുക. ഇതില്‍ മുട്ടയിട്ട് കൊതുകുകള്‍ പെരുകാന്‍ സാധ്യത ഏറെയാണ്. ഫ്രിഡ്ജിന്റെ അടിഭാഗത്തുള്ള ട്രേയിലെ വെള്ളം ആഴ്ചയിലൊരിക്കലെങ്കിലും എടുത്ത് ഒഴിവാക്കുക. പൂച്ചട്ടികളില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക. ടെറസിന് മുകളില്‍ വെള്ളം കെട്ടിക്കിടക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ആലക്കുഴിയിലും മറ്റും കൊതുകു മുട്ടകള്‍ നശിപ്പിക്കുക. തൊണ്ട് ചിരട്ട, ടയര്‍, കുപ്പി, പൊട്ടിയ പാത്രങ്ങള്‍, പാള തുടങ്ങിയവയും പ്ലാസ്റ്റിക് കവറുകളും വെള്ളം കെട്ടിനില്‍ക്കാത്ത വിധം സംസ്‌കരിക്കുക. ദിവസവും ടോയ്‌ലറ്റുകള്‍ അണുനാശിനി ഉപയോഗിച്ച് കഴുകുക. മൂത്രവിസജര്‍ന ശേഷവും ജലമൊഴിക്കുന്നത് ശീലിക്കുക. വസ്ത്രങ്ങള്‍ വെയിലില്‍ ആറിയിട്ട് ഉണക്കിയെടുക്കുകയോ ഇസ്തിരിയിട്ട് മാത്രം ഉപയോഗിക്കുകയോ ചെയ്യുക.

ജന്തുജന്യരോഗമായ എലിപ്പനി മരണത്തില്‍ വരെ കലാശിക്കുന്ന മാരക രോഗമാണ്. പ്രധാനമായും എലി, പൂച്ച, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയിലൂടെയാണ് ഇതിന്റെ അണുക്കള്‍ മനുഷ്യയരിലെത്തുന്നത്. എലി നശീകരണമാണ് മുഖ്യമായും ഇതിനുള്ള പരിഹാരം. എലികള്‍ക്ക് താവളമാകാന്‍ പറ്റിയ സൗകര്യങ്ങള്‍ വീടുകളില്‍ ഇല്ലാതിരിക്കണം. ആഹാരപദാര്‍ഥങ്ങള്‍ നന്നായി മൂടി വെക്കണം. പച്ചക്കറികളും പഴങ്ങളും കഴുകി വൃത്തി വരുത്തി മാത്രം ഉപയോഗിക്കുക. വളര്‍ത്തുമൃഗങ്ങള്‍ക്ക് വെള്ളം നല്‍കുന്ന പാത്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക.
സമ്പാദ്യത്തിന്റെ സിംഹഭാഗവും ഡോക്ടര്‍മാര്‍ക്കും മരുന്നു കമ്പനികള്‍ക്കും നല്‍കുന്നത് ഒഴിവാക്കാന്‍ വൃത്തിയും ആരോഗ്യബോധവും അനിവാര്യമാണ്.

കുടുംബാംഗങ്ങള്‍ പരസ്പരം ഒരുമ കാണിക്കുന്നതും നല്ല അയല്‍ ബന്ധം കാത്തുസൂക്ഷിക്കുന്നതും നല്ല വീടിന്റെ ലക്ഷണമാണ്. വിശുദ്ധ ഖുര്‍ആന്‍ പാരായണം, ദിക്‌റുകള്‍, എന്നിവ വീടിനെ ആത്മീയ ജീവനുള്ളതാക്കുന്നു. ദിക്‌റ് ചൊല്ലപ്പെടുന്ന വീടും ചെല്ലപ്പെടാത്ത വീടും ജീവനുള്ളതും ഇല്ലാത്തതും തമ്മിലുള്ള വ്യത്യാസമുണ്ടെന്ന തിരുവചനം ഓര്‍ത്തുവെക്കുക. വീട്ടിലേക്ക് കടന്നുചെല്ലുമ്പോഴും പുറത്ത് പോകുമ്പോഴും കുടുംബങ്ങളോട് സലാം പറയുക. ഇഫ്താര്‍, വിവാഹം, മാതാപിതാക്കള്‍ മറ്റു കുടുംബാംഗങ്ങള്‍ എന്നിവരുടെ ആണ്ട് തുടങ്ങിയ അവസരങ്ങള്‍ സദ്യ നല്‍കാന്‍ ഉപയോഗപ്പെടുത്തുക. ഇവയെല്ലാം നമ്മുടെ ഭവനങ്ങളില്‍ അല്ലാഹുവിന്റെ കാരുണ്യവര്‍ഷത്തിന് കാരണമാകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here