കൃഷിയും വെള്ളവും

കാര്‍ഷിക മേഖലയിലേക്കുള്ള തിരിച്ചു പോക്ക് നമ്മുടെ നാടിനെ വീണ്ടും ജൈവസമ്പുഷ്ടവും ജലസമൃദ്ധവുമാക്കി മാറ്റാനുള്ള മാര്‍ഗങ്ങളില്‍ ഒന്നാണ്. ഇബ്‌നു ബത്തൂത്ത അദ്ദേഹത്തിന്റെ യാത്രാവിവരണത്തില്‍ കേരളത്തിലൂടെ ചെയ്ത യാത്രയെ കുറിച്ചു പരാമര്‍ശിച്ച ഭാഗത്ത് കൃഷി കാണാത്ത ഒരിഞ്ച് സ്ഥലം ഈ നാട്ടില്‍ കാണാന്‍ സാധിക്കില്ല എന്ന് വായിച്ചത് ഓര്‍ക്കുന്നു. ഭൂമിയുണ്ടായിട്ടും കൃഷിചെയ്യുന്നില്ലെങ്കില്‍ നാളെ റബ്ബിന്റെ മുമ്പില്‍ നമ്മള്‍ മറുപടി പറയേണ്ടിവരും. ഭാവി തലമുറക്കും നമുക്ക് തന്നെയും സ്വസ്ഥമായി ഈ ഭൂമിയിലിനി ജീവിക്കാന്‍ നമ്മള്‍ തന്നെ മനസ്സുവെക്കണം. കാര്‍ഷികമേഖലയിലേക്കും പ്രകൃതിസംരക്ഷണത്തിലേക്കും ഇറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Posted on: March 16, 2018 6:00 am | Last updated: March 15, 2018 at 10:17 pm
SHARE

വെസ്‌റ്റേണ്‍ കേപ്ടൗണ്‍, സൗത്ത് ആഫ്രിക്കയുടെ ദക്ഷിണ പശ്ചിമതീര ദേശത്ത് സ്ഥിതി ചെയ്യുന്ന നഗരം. ലോകത്ത് നിര്‍ജലീകരണം നേരിടുന്ന ഏറ്റവും പ്രധാന സിറ്റി. ജലദൗര്‍ലഭ്യം കാരണം സര്‍ക്കാര്‍ ഡെ സീറോ പദ്ധതി രൂപവത്കരിച്ച പ്രദേശം. if this happens, cape town will be the first major city to run out of water ഡെ സീറോ പ്രഖ്യാപിക്കുകയാണെങ്കില്‍ ലോകത്തെ ആദ്യ വെള്ളമില്ലാത്ത പ്രധാന നഗരമായി കേപ്ടൗണ്‍ മാറുമെന്ന് ലോകത്തെ പ്രധാന പത്രമാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്ത ഈ വാര്‍ത്ത ഭയത്തോടെയാണ് കേട്ടത്. 1995ല്‍ ക്യാപ്ടൗണിലെ ജനസംഖ്യ 2.4 മില്യണായിരുന്നു. എന്നാല്‍ 2018ല്‍ ജനസംഖ്യ 4.3മില്യണായി വര്‍ധിച്ചു. 23 വര്‍ഷമെന്ന ഈ ചുരുങ്ങിയ കാലയളവില്‍ ഇവിടെയുണ്ടായ ജനസംഖ്യാ വളര്‍ച്ച 73 ശതമാനമാണ്. എന്നാല്‍, ഇവിടെയുണ്ടായ ഡാമുകളിലെ ജലവര്‍ധനവ് വെറും 15 ശതമാനവും.

ഈ വര്‍ഷം ജനുവരി പകുതിയില്‍ കേപ്ടൗണ്‍ മേയര്‍ ഒരു പ്രഖ്യാപനം നടത്തി: ഇപ്പോഴത്തെ ജലാവസ്ഥയില്‍ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ലെങ്കില്‍ നഗരത്തില്‍ നിലവിലുള്ള ജലവിതരണ സ്രോതസ്സുകളെല്ലാം നിര്‍ത്തലാക്കുമെന്ന്. നഗരത്തിലെ പ്രധാന ഡാമില്‍ ജലനില 13.5ലെത്തിയാല്‍ ഡെ സീറോ പ്രഖ്യാപിക്കും. ഡെ സീറോ പ്രഖ്യാപിക്കലോടു കൂടെ നിലവില്‍ നഗരത്തിലെ എല്ലാ ജലവിതരണ സംവിധാനങ്ങളും നിര്‍ത്തലാക്കും. തുടര്‍ന്ന് 149 ജല ശേഖരണ കേന്ദ്രങ്ങള്‍(water collection points) നഗരത്തിന് ചുറ്റും തുറക്കും. അവിടെ നിന്ന് ആളോഹരി 25 ലിറ്റര്‍ വെള്ളം റേഷന്‍ മുഖേന ലഭിക്കും. ഈ വരുന്ന ഏപ്രില്‍ 12നകം നിലവിലെ ജലനിലവാരത്തില്‍ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കില്‍ നഗരത്തില്‍ ഡെ സീറോ പ്രഖ്യാപിക്കും. ഇതിനകം ജല പ്രതിസന്ധി കാരണം കേപ്ടൗണില്‍ കാര്‍ഷികമേഖലയിലേക്ക് ചെലവഴിച്ചിരുന്ന 50 ശതമാനം വെള്ളം നിറുത്തലാക്കി. വെള്ളമില്ലാതെ കാര്‍ഷികമേഖല തകര്‍ന്നു തുടങ്ങി. മേഖലയില്‍ 37,000 പേര്‍ക്ക് ജോലി നഷ്ടമായി. ഇത്രയും ആളുകള്‍ക്ക് ജോലി നഷ്ടമായതിലൂടെ ഇവരുടെ ആശ്രിതരടക്കം 50,000ത്തില്‍ പരം ആളുകള്‍ ദാരിദ്രരേഖക്ക് താഴേക്ക് പോയി. അഥവാ ഭക്ഷണവും കൂരയും ഇല്ലാത്തവരായി. കാരണം കാര്‍ഷിക മേഖല തകര്‍ന്നതോടെ ഭക്ഷണ പദാര്‍ഥങ്ങളുടെയും മറ്റും വില കുതിച്ചുയര്‍ന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഇവിടെ കാര്‍ഷിക മേഖലയിലുണ്ടായ നഷ്ടം 11.7 ബില്യണ്‍ യു എസ് ഡോളറാണ്.

വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്കകം ലോകത്ത് സംഭവിക്കാന്‍ പോകുന്ന കാര്യം. ഇനി ഈ നഗരത്തില്‍ ജലസംഭരണികള്‍ക്കെല്ലാം സായുധരായ പോലീസുകാരുടെയും സൈനികരുടെയും കാവലുണ്ടാവും. ഇത് സൗത്ത് ആഫ്രിക്കയിലല്ലേ എന്ന് ഇപ്പോഴും സമാധാനം കൊള്ളുന്നവരുണ്ടാവും. ലോകത്ത് അടുത്ത കാലത്തായി ഏറ്റവും കൂടുതല്‍ ജലപ്രതിസന്ധി നേരിടുന്ന നഗരങ്ങളിലൊന്ന് ബെംഗളൂരാണ്. കേരളത്തിന്റെ തൊട്ടടുത്ത നഗരം. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ചൂടനുഭവിക്കുന്ന 10 നഗരങ്ങളിലൊന്നായി നമ്മുടെ തൃശൂരും എണ്ണപ്പെട്ടു കഴിഞ്ഞു. വെള്ളം ഇല്ലാതാവലോടെ മനുഷ്യര്‍ മാത്രമല്ല. മറിച്ച്, ജൈവികമായ എല്ലാറ്റിന്റെയും ആവാസ വ്യവസ്ഥകളാണ്.

ജലം ഒരു സമുദായത്തെ രൂപപ്പെടുത്തിയതിന്റെ ഉദാഹരണം പറയാം. അറേബ്യന്‍ സമൂഹം ലോകത്ത് ഉരുവം കൊള്ളുന്നത് യമനില്‍ നിന്നുള്ള ജുറുഹും കബീലക്കാര്‍ ഹാജറ ബീവി(റ)യേയും മകന്‍ ഇസ്മായീല്‍ നബി(അ)യേയും കണ്ടുമുട്ടുന്നിടത്താണല്ലോ. മക്കയിലൂടെ യാത്ര ചെയ്യുന്ന ജുറുഹുമുകാരെ ബീവി ഹാജറിലേക്കും മകന്‍ ഇസ്മായില്‍ നബിയിലേക്കും ആകര്‍ഷിക്കാന്‍ കാരണമെന്തായിരുന്നു? ഇസ്മായീല്‍ നബി(അ) കാലിട്ടടിച്ചപ്പോള്‍ രൂപപ്പെട്ട സംസമിന്റെ മുകളില്‍ വട്ടമിട്ട് പറക്കുന്ന പറവകളുടെ സാന്നിധ്യം അവിടെ വെള്ളമുണ്ടെന്ന വിവരം ജുറുഹുമുക്കാര്‍ക്ക് നല്‍കുകയും അതിലൂടെ അവര്‍ അവിടെ എത്തിപ്പെടുകയുമായിരുന്നുവെന്ന് കാണാം.

ആവാസവ്യവസ്ഥ രൂപപ്പെടുത്തുന്നതില്‍ ജല സ്രോതസ്സുകള്‍ക്ക് പങ്കുണ്ട്. ലോകത്ത് രൂപംകൊണ്ട ഒട്ടുമിക്ക നാഗരികതകളും എടുത്തു പരിശോധിച്ചു നോക്കൂ, ഈജിപ്ഷ്യന്‍, ഗ്രീക്ക്, സിന്ധ്, മൊസൊപ്പൊട്ടാമിയ തുടങ്ങിയ സംസ്‌കാരങ്ങളെല്ലാം ഏതെങ്കിലും ഒരു ജലസ്സ്രോതസിന്റെ ഓരം ചേര്‍ന്നിട്ടായിരിക്കും അവരൂപപ്പെട്ടത്. അതിനാല്‍ തന്നെയാണ് നദീതട സംസ്‌കാരങ്ങളെ കുറിച്ച് വിശ്വനാഗരികതയുടെ കളിത്തൊട്ടില്‍(cardle of world civilization) എന്ന് വിളിക്കുന്നത്.

ജല ദൗര്‍ലഭ്യം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. ലോകത്ത് നിലവിലുള്ള ജലത്തില്‍ 97 ശതമാനവും സമുദ്രത്തിലാണ്. ബാക്കിവരുന്ന മൂന്ന് ശതമാനമുള്ള ശുദ്ധജലത്തിന്റെ മുക്കാല്‍ പങ്കും മഞ്ഞുമലകളിലും ഹിമനികളിലുമാണുള്ളത്. 1.6ശതമാനമാണ് ആകെ ഭൂഗര്‍ഭജലമുള്ളത്. ഈ വെള്ളം നശിപ്പിച്ചു തീര്‍ത്തതിന്റെ അല്ലങ്കില്‍ അതിന്റെ പുനചംക്രമണ സാധ്യതകളെ ഇല്ലാതാക്കിയതിന്റെ ഫലമാണ് നമ്മള്‍ അനുഭവിക്കാന്‍ പോകുന്നത്. എന്താണ് പരിഹാരം എന്ന് നമ്മള്‍ ഗൗരവതരമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ജലം സംരക്ഷിക്കപ്പെടണം. ചെലവയിക്കുന്ന ഓരോ തുള്ളി വെള്ളത്തെ കുറിച്ചും ബോധവാനായിരിക്കണം. ഉപയോഗിച്ച വെള്ളം മറ്റൊന്നിന് കൂടെ ഉപയോഗിക്കാന്‍ സാധിക്കുമോയെന്ന് ആലോചിക്കണം. ഒരു വീട്ടില്‍ തന്നെ നാലും അഞ്ചും വാഹനങ്ങള്‍ ഉള്ളവരാണ് പലരും. ഈ വാഹനങ്ങളെല്ലാം കഴുകാന്‍ ദിനം പ്രതിയെന്നോണം പൈപ് തുറന്നിട്ട് നിര്‍ലോഭം ജലം പാഴാക്കും. എത്ര വെള്ളമാണ് ഇവിടെ വെറുതെ പോകുന്നത്? ഇത്തരം പ്രവണതകള്‍ ഒഴിവാക്കന്‍ ശ്രമിക്കുക. ആര്‍ഭാടത്തിന്റെ പുതിയ കാലത്ത് ചെലവഴിക്കുന്നതിനെ കുറിച്ചല്ലാതെ പുനര്‍നിര്‍മാണത്തെ കുറിച്ച് ചിന്തിക്കാറില്ല. കാടും മലകളും നാം വെട്ടി നിരത്തുമെങ്കിലും അതിനു പരിഹാരമായി ഒരു ബദലിനെ കുറിച്ച് നമ്മള്‍ ചിന്തിക്കാറില്ല. വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തിന്റെ സകല മേഖലകളിലും അനുവര്‍ത്തിക്കേണ്ട കാര്യമാണ് പുനര്‍ നിര്‍മാണ പ്രക്രിയയെ കുറിച്ചുള്ള ചിന്ത. ഉമര്‍ (റ) ഖലീഫയായിരുന്ന കാലത്ത് നടക്കാനിറങ്ങുമ്പോള്‍ വഴികളില്‍ ആളുകള്‍ ഭക്ഷിച്ചതിനു ശേഷം ഉപേക്ഷിച്ച ഈത്തപഴത്തിന്റെ കുരുകളും ബാക്കി ഭാഗങ്ങളും ശേഖരിക്കുകയും അത് മദീനയില്‍ കൂട്ടിവെക്കുകയും ചെയ്യുമായിരുന്നു. അവ ഒട്ടകങ്ങള്‍ ഭക്ഷിക്കും. വേണ്ടാത്തത് എന്ന് കരുതി നമ്മള്‍ ഉപേക്ഷിക്കുന്ന പലതിലും നമുക്ക് നേരിട്ടൊ അല്ലാതെയോ പലതിനും ഉപകാരമുണ്ടാവും. അതു കൊണ്ടുതന്നെ ഉപയോഗിക്കുന്ന ഏതൊരു വസ്തുവിനുമുള്ള റീ സൈക്ലിംഗ് സാധ്യത നമ്മള്‍ തള്ളിക്കളയരുത്. കോഴി, പശു എല്ലാത്തിന്റെയും വേസ്റ്റുകള്‍ വരെ നമുക്ക് കൃഷിക്കും മറ്റും വളമായി ഉപയോഗിക്കാന്‍ പറ്റുന്നതാണ്. ഒരു പശു ദിവസവും ധാരാളം വേസ്റ്റ് തരും. അങ്ങെനെയെങ്കില്‍ പശുവിനെ വളര്‍ത്തുന്നവര്‍ക്ക് കൃഷിക്കുള്ള ഏറ്റവും നല്ല വളമാണത്.

കാര്‍ഷിക മേഖലയിലേക്കുള്ള തിരിച്ചു പോക്ക് നമ്മുടെ നാടുകളെ വീണ്ടും ജൈവസമ്പുഷ്ടവും ജലസമൃദ്ധവും ആക്കി മാറ്റാനുള്ള മാര്‍ഗങ്ങളില്‍ ഒന്നാണ്. ഇബ്‌നു ബത്തൂത്ത അദ്ദേഹത്തിന്റെ യാത്രാവിവരണത്തില്‍ കേരളത്തിലൂടെ ചെയ്ത യാത്രയെ കുറിച്ചു പാരമര്‍ശിച്ച ഭാഗത്ത് കൃഷി കാണാത്ത ഒരിഞ്ച് സ്ഥലം ഈ നാട്ടില്‍ കാണാന്‍ സാധിക്കില്ല എന്ന് വായിച്ചത് ഓര്‍ക്കുന്നു. ഭൂമിയുണ്ടായിട്ടും കൃഷിചെയ്യുന്നില്ലെങ്കില്‍ നാളെ റബ്ബിന്റെ മുമ്പില്‍ നമ്മള്‍ മറുപടി പറയേണ്ടിവരും. ഭാവി തലമുറക്കും നമുക്ക് തന്നെയും സ്വസ്ഥമായി ഈ ഭൂമിയിലിനി ജീവിക്കാന്‍ നമ്മള്‍ തന്നെ മനസ്സുവെക്കണം. കാര്‍ഷികമേഖലയിലേക്കും പ്രകൃതിസംരക്ഷണത്തിലേക്കും ഇറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കാര്‍ഷിക സംസ്‌കാരങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരല്‍ നമ്മുടെ ബാധ്യതയായി മറിയിരിക്കുന്ന കാലമാണിത്. പണ്ടുനമ്മള്‍ കൃഷി ചെയ്യുമായിരുന്നു. കാരണം അതു നമ്മുടെ നിലനില്‍പ്പിന്റെ ഭാഗമായിരുന്നു. ആദ്യകാല കാര്‍ഷിക പഴഞ്ചൊല്ലുകളെല്ലാം നമുക്ക് ആ നിലനില്‍പ്പിന്റെ ആഴവും പരപ്പും മനസ്സിലാക്കിത്തരും. അതുകൊണ്ടു തന്നെ അന്നെത്ര പ്രയാസം അനുഭവിച്ചാലും പ്രകൃതിയോട് തദാത്മ്യപ്പെട്ട ആ ജീവിതം സുരക്ഷിതമായിരുന്നു.

ഇത്തരം സംസ്‌കാരങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമായി മഅ്ദിന്‍ അക്കാദമിയുടെ പ്രധാന അജന്‍ഡകളില്‍ ഒന്നായി കൃഷിയെ മാറ്റിയിട്ട് വര്‍ഷങ്ങളായി. മഅ്ദിന്‍ എന്‍കൗമിയം നടക്കുന്നത് 2009ലായിരുന്നു. അന്നാണ് കാര്‍ഷികം എന്ന ഒരു പദ്ധതികൂടി സമ്മേളനത്തിന്റെ ഭാഗമാക്കിയത്. മഅ്ദിന്‍ പ്രതിനി ധികള്‍ തൃശൂരിലും തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലും എല്ലാം ചെന്ന് കൃഷിയെ കുറിച്ച് പഠിക്കുകയും വിത്തിന്റെ ലഭ്യതയെ കുറിച്ച് മനസ്സിലാക്കുകയും ചെയ്തു. അന്നത്തെ കൃഷി മന്ത്രിയായിരുന്ന മുല്ലക്കര രത്‌നാകരന്‍ പദ്ധതിയുടെ തുടക്കം കുറിക്കുകയും ചെയ്തു. അന്ന് ഹോള്‍സെയിലായി വിത്തുകള്‍ ഇറക്കുകയും ആ സദസ്സില്‍ വിതരണം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് കൃഷിയുടെ പുരോഗതിയെ കുറിച്ചുള്ള വിവരം കര്‍ഷകര്‍ മഅ്ദിനില്‍ അറിയിക്കുകയും വിളവെടുത്ത പച്ചകറികള്‍ ആവശ്യപ്പെടാതെ തന്നെ പലരും എത്തിക്കുകയും ചെയ്തു.
2010ല്‍ നടന്ന കാര്‍ഷിക പദ്ധതിയില്‍ വിത്ത് വിതരണം ചെയ്തത് അന്നത്തെ റവന്യൂ വകുപ്പ് മന്ത്രി കെ പി രാജേന്ദ്രനായിരുന്നു. അന്നും തമിഴ്‌നാട്ടില്‍ നിന്നും മറ്റും വിത്തുകള്‍ കൊണ്ടുവന്ന് വിതരണം ചെയ്യുകയായിരുന്നു. തുടര്‍ന്ന് മുന്‍ കേന്ദ്രമന്ത്രി കെ വി തോമസ്, മുന്‍ മന്ത്രി കെ പി മോഹനന്‍ എന്നിവരെല്ലാം മഅ്ദിന്‍ കാര്‍ഷിക പദ്ധതിയുടെ ഉദ്ഘാടകരായി എത്തി. ഈ വര്‍ഷം വൈസനിയവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ആഗ്രോ സ്‌പൈസ് എന്ന മഅ്ദിന്‍ കാര്‍ഷിക പദ്ധതിയുടെ ആദ്യഘട്ടം തന്നെ കേരളത്തില്‍ വളരെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് വാഴക്കന്നു നല്‍കുകയും വ്യത്യസ്ത മുനിസിപ്പാലിറ്റികളിലെ ഏറ്റവും നല്ല കര്‍ഷകരെ അവാര്‍ഡ് നല്‍കി ആദരിക്കുകയും ചെയ്ത പരിപാടി മന്ത്രി വി എസ് സുനില്‍കുമാറാണ് ഉദ്ഘാടനം ചെയ്തത്. അതിനു ശേഷം ആഗ്രസ്‌പൈസിന് കീഴില്‍ സംഘടിപ്പിച്ച നിരവധി കുടുംബങ്ങള്‍ക്ക് ആടിനെയും വളര്‍ത്താനുള്ള കൂടും നല്‍കുന്ന പദ്ധതിയായ ആടും കൂടും പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് മന്ത്രി കെ രാജുവായിരുന്നു. കൃഷിയിലൂടെ വരളുന്ന ഭൂമിക്ക് നനവാര്‍ന്ന ആശ്വാസമൊരുക്കാന്‍ നമുക്ക് സാധിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here