വി മുരളീധരന്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

Posted on: March 15, 2018 10:34 pm | Last updated: March 16, 2018 at 9:19 am
SHARE

 

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള ബി ജെ പി ദേശീയ നിര്‍വാഹക സമിതി അംഗം വി മുരളീധരന്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്രയില്‍ ബി ജെ പിയുടെ മൂന്ന് സീറ്റിലേക്ക് നാല് സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കിയിരുന്നു. ഒടുവില്‍ ഒരാള്‍ പത്രിക പിന്‍വലിക്കാന്‍ തയ്യാറായതോടെയാണ് മുരളീധരന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെ എന്നിവരാണ് ജയിച്ച മറ്റുള്ളവര്‍.

മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അധ്യക്ഷ വിജയ രഹത്കരാണ് മുരളീധരന് വിലങ്ങുതടിയായി നേരത്തെ നാമനിര്‍ദേശ പത്രിക നല്‍കിയത്. ഇതോടെ വോട്ടെടുപ്പിലേക്ക് നീങ്ങുമെന്ന സൂചനകളുമുണ്ടായിരുന്നു. മുരളീധരന്റെ തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയില്‍ പിഴവുകളുണ്ടെന്ന പ്രചാരണവും ആശങ്കകള്‍ക്ക് ഇടനല്‍കി. അതിനിടെയാണ് വിജയ രഹത്കര്‍ ഇന്നലെ പത്രിക പിന്‍വലിച്ചത്.

പ്രതിപക്ഷ പാര്‍ട്ടികളുടെ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതിനായി ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ സ്വാധീനമില്ലാത്ത സീറ്റുകളില്‍ പോലും ബി ജെ പി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. മഹാരാഷ്ട്രയിലെ ആറ് രാജ്യസഭാ സീറ്റുകളില്‍ മൂന്നെണ്ണം ബിജെ പി ക്കും ഓരോ സീറ്റ് വീതം കോണ്‍ഗ്രസ്, എന്‍ സി പി, ശിവസേന എന്നിവക്കും വിജയിക്കാനാകുന്നതാണ്.