ദുബൈയിലെ ആദ്യ സ്മാര്‍ട് പാര്‍ക് തുറന്നു

Posted on: March 15, 2018 9:56 pm | Last updated: March 15, 2018 at 9:56 pm
SHARE

ദുബൈ: ദുബൈയുടെ ആദ്യ സ്മാര്‍ട് പാര്‍ക്ക,് അല്‍ ബര്‍ശ സൗത്തില്‍ തുറന്നു. വൈദ്യുത വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനവും, സൗരോര്‍ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന പാര്‍ക്കിങ് കേന്ദ്രവുമായി ഏഴു ഹെക്ടര്‍ പ്രദേശത്ത് 1.5 കോടി ദിര്‍ഹം ചെലവില്‍ നിര്‍മിച്ച സ്മാര്‍ട്ട് പാര്‍ക്ക്, ദുബൈയിലെ ആദ്യ സ്മാര്‍ട്ട് പാര്‍കാണ്.

വര്‍ഷം തോറും 260 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന സൗരോര്‍ജ പാനലുകളാണ് 150 പാര്‍ക്കിങ് സ്ഥലങ്ങളുടെ മേല്‍ക്കൂരയിലായി സ്ഥാപിച്ചിരിക്കുന്നത്. ഈ പാനലുകള്‍ ദീവയുടെ ജല- വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. പാര്‍ക്കിലെ ജല സേചനത്തിനും, ലൈറ്റുകള്‍ തെളിയിക്കാനുമെല്ലാം ഇവിടെ നിന്നുത്പ്പാദിപ്പിക്കുന്ന ഊര്‍ജമാണ് ഉപയോഗിക്കുന്നതെന്ന് ദുബായ് മുനിസിപ്പാലിറ്റിയുടെ സൗന്ദര്യവത്കരണ പദ്ധതികളുടെ മേല്‍നോട്ടം വഹിക്കുന്ന ഫാത്തിമ അല്‍ മുഹൈരി പറഞ്ഞു.

സ്മാര്‍ട്ട് കണ്ട്രോള്‍ പാനല്‍ ഉള്ള ലൈറ്റിങ് സംവിധാനമാണ് പാര്‍ക്കിന്റെ മറ്റൊരു പ്രത്യേകത.
സുസ്ഥിര വികസനമെന്ന ആശയത്തിലൂന്നി പരിസ്ഥിതി സൗഹൃദപരമായ രീതികളാണ് പാര്‍ക്കിന്റെ നിര്‍മാണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ക്ക് വേണ്ടിയുള്ള സൗകര്യങ്ങളും, 800 മീറ്റര്‍ ജോഗിങ് പാര്‍ക്കും, കുട്ടികള്‍ക്കായി രണ്ടു കളിസ്ഥലങ്ങളും പാര്‍ക്കില്‍ ഒരുങ്ങിയിട്ടുണ്ട്.