Connect with us

Gulf

പാകിസ്ഥാനില്‍ കൊല; ദുബൈയില്‍ പിടിയില്‍

Published

|

Last Updated

കൊല്ലപ്പെട്ട അസ്മ റാണിയും കേസിലെ പ്രതിയും

ദുബൈ: പാകിസ്ഥാനില്‍ കൊല നടത്തിയ പ്രതി ദുബൈയില്‍ അറസ്റ്റില്‍. പാകിസ്ഥാനില്‍ ഒരു മെഡിക്കല്‍ വിദ്യാര്‍ഥിയെ കൊല ചെയ്ത കുറ്റത്തിനാണ് യുവാവ് ദുബൈ പോലീസിന്റെ വലയിലായത്. കഴിഞ്ഞ ജനുവരിയില്‍ കൊലപാതകം നടത്തി പ്രതി പാകിസ്ഥാനില്‍ നിന്ന് കടന്നുകളയുകയായിരുന്നു. വിവിധ വിദേശ രാജ്യങ്ങളില്‍ കഴിഞ്ഞു വന്നിരുന്ന പ്രതി സമീപ ഗള്‍ഫ് രാജ്യത്ത് നിന്ന് ദുബൈയിലേക്ക് എത്തിയതോട് കൂടിയാണ് ഇന്റര്‍പോളിന്റെ സഹായത്തോടെ പോലീസ് പിടികൂടിയത്. പാകിസ്ഥാനിലെ അബോതാബാദിലെ കോഹത്തില്‍ മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ അസ്മ റാണിയെ കൊലപ്പെടുത്തി പ്രതി വിദേശത്തേക്ക് മുങ്ങുകയായിരുന്നു.

തുടര്‍ന്ന് പാകിസ്ഥാന്‍ അധികൃതര്‍ ഇന്റര്‍പോളിന്റെ സഹായം തേടി. ദുബൈയില്‍ എത്തുന്നതിന് മുന്‍പ് പ്രതി പല രാജ്യങ്ങളും സന്ദര്‍ശിച്ചു. വേഷവിതാനങ്ങളില്‍ മാറ്റം വരുത്തിയിരുന്നു പ്രതിയെ കൂടുതല്‍ നിരീക്ഷണ വിധേയമാക്കിയതിനെ തുടര്‍ന്ന് അറസ്റ്റിന് വഴിയൊരുക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത സമയത്തു തന്നെ തിരിച്ചറിയില്ലെന്ന് കരുതിയ പ്രതി ആശ്ചര്യം പ്രകടിപ്പിച്ചുവെന്നും ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി പറഞ്ഞു.

സമീപ രാജ്യത്ത് നിന്ന് ദുബൈയില്‍ എത്തിയത് മുതല്‍ പ്രതിയെ നിരീക്ഷിച്ചു വരികയായിരുന്നു. ഇന്റര്‍പോളിന്റെ സഹായത്തോടെയായിരുന്നു പ്രതിയെ നിരീക്ഷിച്ചു വന്നിരുന്നത്. ഇതിനിടെ പ്രതിയെ അറസ്റ്റ് ചെയ്തു കൈമാറണമെന്ന് പാകിസ്ഥാന്‍ അധികൃതരും അറിയിച്ചിരുന്നു. പാകിസ്ഥാനില്‍ നിന്നുള്ള അറസ്റ്റ് വാറണ്ട് ലഭിക്കുന്നതിന് മുന്‍പാണ് പ്രതി രാജ്യത്തേക്ക് കടന്നത്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ താമസ സ്ഥലം മനസ്സിലാക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് ദുബൈ പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ മേധാവി മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു.

യു എ ഇയിലേക്ക് കടക്കുമെന്ന് പാകിസ്ഥാന്‍ അധികൃതര്‍ ഇന്റര്‍പോളിന്റെ അറിയിച്ചിരുന്നു. താടിയും മീശയും ഷേവ് ചെയ്ത് രൂപ മാറ്റം വരുത്തിയ നിലയിലായിരുന്നു പ്രതി യു എ ഇ യിലെത്തിയത്. മെഡിക്കല്‍ വിദ്യാര്‍ഥിയെ കൊല ചെയ്യുന്നതിന് മുമ്പ് മറ്റൊരു കൊലപാതക കുറ്റത്തിനും ഇയാളുടെമേല്‍ കേസ് നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

Latest