രാഷ്ട്രീയ കൊലപാതകം സുന്നി തര്‍ക്കമായി ചിത്രീകരിക്കുന്നതിനെതിരെ എസ്‌കെഎസ്എസ്എഫ്

Posted on: March 15, 2018 3:25 pm | Last updated: March 16, 2018 at 9:25 am
SHARE

തിരുവനന്തപുരം: മുസ്‌ലിം ലീഗ് നടത്തിയ രാഷ്ട്രീയ കൊലപാതകങ്ങളെ ഇരുവിഭാഗം സുന്നികള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ ഭാഗമായി ചിത്രീകരിക്കുന്നതിനെതിരെ എസ് കെ എസ് എസ് എഫ് രംഗത്ത്. മന്ത്രി കെ ടി ജലീല്‍ നിയമസഭയില്‍ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങള്‍ക്കിടെ വന്ന പരാമര്‍ശങ്ങള്‍ക്കെതിരെ എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂരാണ് രംഗത്തുവന്നത്.

ലീഗ് പ്രവര്‍ത്തകര്‍ 44 പേരെ കൊലപ്പെടുത്തിയതായി മന്ത്രി ജലീല്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ പ്രസംഗിച്ചിരുന്നു. ഇതിനെതിരെ ലീഗ് പ്രതിനിധികള്‍ പ്രതിഷേധിച്ചതോടെ വിഷയത്തില്‍ ഇടപെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ പി-ഇ കെ സുന്നികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ മുസ്‌ലിം ലീഗിന്റെ ചുമലില്‍ കെട്ടുന്നത് അപലപനീയമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരെയാണ് എസ് കെ എസ് എസ് എഫ് രംഗത്തുവന്നത്.

മന്ത്രിയുടെ ആരോപണം മുഴുവന്‍ അറിയുന്നതിന് മുമ്പ് അതെല്ലാം ഇ കെ-എ പി വിഭാഗങ്ങളുടെ സംഘര്‍ഷത്തിലാണെന്ന രമേശ് ചെന്നിത്തലയുടെ വാദം അദ്ദേഹം തെളിയിക്കണമെന്ന് സത്താര്‍ പന്തല്ലൂര്‍ ആവശ്യപ്പെട്ടു. മന്ത്രി ജലീല്‍ നിയമസഭയില്‍ പറഞ്ഞ 44 കൊലപാതകങ്ങളുടെ പട്ടിക പുറത്തുവിടണമെന്ന ആവശ്യവും ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം ഉന്നയിച്ചു. മണ്ണാര്‍ക്കാട് ഇരട്ടക്കൊലപാതകം പള്ളിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണെന്ന് എന്‍ ശംസുദ്ദീനും കുണ്ടൂര്‍ കുഞ്ഞുവിന്റെ കൊലപാതകം സുന്നികള്‍ തമ്മിലെ തര്‍ക്കത്തെ തുടര്‍ന്നാണെന്ന് പി കെ അബ്ദുര്‍റബ്ബും നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ, ഉണ്യാലില്‍ നബിദിന റാലിക്കിടെയുണ്ടായ ലീഗ് സി പി എം സംഘര്‍ഷവും സുന്നികള്‍ തമ്മിലെ തര്‍ക്കമായി ചിത്രീകരിക്കുന്നതിനെതിരെ എസ് കെ എസ് എസ് എഫ് രംഗത്ത് വന്നിരുന്നു.