Connect with us

National

ചലോ ലക്‌നോ...!!! മഹാരാഷ്ട്രക്ക് സമാനമായി ഉത്തര്‍പ്രദേശിലും കര്‍ഷകപ്രക്ഷോഭം

Published

|

Last Updated

അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ നടന്ന കര്‍ഷക റാലിയില്‍ നിന്ന്‌

ലക്‌നൗ: രാജ്യത്തെ കര്‍ഷകപ്പോരാട്ടത്തിന്റെ പുത്തന്‍ അധ്യായം തീര്‍ത്ത മഹാരാഷ്ട്രയിലെ സമരത്തിന് സമാനമായി ഉത്തര്‍പ്രദേശിലും കര്‍ഷകര്‍ പ്രക്ഷോഭത്തിന്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് “ചലോ ലക്‌നൗ” എന്ന പേരില്‍ കര്‍ഷകര്‍ ഇന്ന് തലസ്ഥാനനഗരിയിലേക്ക് മാര്‍ച്ച് നടത്തും. യുപി കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ചില്‍ അറുപത് ജില്ലകളില്‍നിന്നുള്ള ഇരുപതിനായിരത്തോളം കര്‍ഷകര്‍ പങ്കെടുക്കും. രാവിലെ പതിനൊന്നോടെ ചര്‍ബാഗ് റയില്‍വേ സ്‌റ്റേഷന് സമീപത്തുനിന്നാരംഭിക്കുന്ന മാര്‍ച്ച് ആറ് കിലോമീറ്റര്‍ പിന്നിട്ട് ലക്ഷ്മണ്‍ മേള ഗ്രൗഡില്‍ എത്തിച്ചേരും. ആള്‍ ഇന്ത്യ കിസാന്‍ സഭ പ്രസിഡന്റ് അശോക് ധാവളെ മാര്‍ച്ചിനെ അഭിസംബോധന ചെയ്യും.

എസ്പി, ബിഎസ്പി, കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷകസമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഗോരഖ്പൂര്‍, ഫുല്‍പൂര്‍ മണ്ഡലങ്ങളിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെയെത്തിയ കര്‍ഷക സമരം ബിജെപി സര്‍ക്കാറിന് വെല്ലുവിളിയാകും.

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, കര്‍ഷകര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുക, കാര്‍ഷികോത്പന്നങ്ങള്‍ക്ക് ഉത്പാദനച്ചെലവിന്റെ ഒന്നരമടങ്ങ് താങ്ങുവില നല്‍കുക, വൈദ്യുതിനിരക്ക് വര്‍ധനയും വൈദ്യുതിമേഖലയിലെ സ്വകാര്യവത്കരണവും അവസാനിപ്പിക്കുക, പശുസംരക്ഷകര്‍ കര്‍ഷകര്‍ക്ക് നേരെ നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഇടപെടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ലക്‌നൗവിലെത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നിവേദനം കൈമാറും.

മഹാരാഷ്ട്രയില്‍ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭത്തിന് മുന്നില്‍ ബിജെപി സര്‍ക്കാര്‍ മുട്ടുകുത്തിയിരുന്നു. വനാവകാശ നിയമം നടപ്പിലാക്കുന്നതുള്‍പ്പെടെ കര്‍ഷകര്‍ മുന്നോട്ടുവെച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കുകയുണ്ടായി.
കനത്ത ചൂട് വകവെക്കാതെ കഴിഞ്ഞയാഴ്ച നാസികിലെ സി ബി എസ് ചൗക്കില്‍ നിന്ന് ആരംഭിച്ച യാത്രയില്‍ അരലക്ഷത്തോളം കര്‍ഷകരാണ് പങ്കെടുത്തത്. കാല്‍നടയായി ഇരുന്നൂറോളം കിലോമീറ്ററാണ് ആറ് ദിവസം കൊണ്ട് കര്‍ഷകര്‍ താണ്ടിയത്.

 

Latest