കെകെ രമ തിരികെവന്നാല്‍ സ്വീകരിക്കും: പി മോഹനന്‍

Posted on: March 15, 2018 9:42 am | Last updated: March 15, 2018 at 9:42 am
പി മോഹനന്‍ മാസ്റ്റര്‍

കോഴിക്കോട്: പാറക്കല്‍ അബ്ദുല്ല എം എല്‍ എയെ ശാരീരികമായി ഇല്ലാതാക്കാന്‍ സി പി എം ശ്രമിക്കുകയാണെന്ന യു ഡി എഫ് ജില്ലാ കമ്മിറ്റിയുടെ ആരോപണം നിരുത്തരവാദപരവും രാഷ്ട്രീയ ജാള്യത മറച്ചുപിടിക്കാനുള്ള ശ്രമവുമാണെന്ന് സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വടകര താലൂക്കില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ആസൂത്രിതമായ നീക്കങ്ങളുടെ ഭാഗമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നാലു പഞ്ചായത്തില്‍ മാത്രമുണ്ടായിരുന്ന ആര്‍ എം പി ഇപ്പോള്‍ രണ്ട് പഞ്ചായത്തിലായി ചുരുങ്ങുകയും ധാരാളം പേര്‍ ഇപ്പോഴും പാര്‍ട്ടി വിട്ട് സി പി എമ്മിലും മറ്റും ചേരുകയും ചെയ്യുന്നതു കാരണം ആര്‍ എം പിയെ കരുവാക്കി ഒഞ്ചിയം മേഖലകളില്‍ സംഘര്‍ഷം പടര്‍ത്തുകയെന്ന യു ഡി എഫ്-ബി ജെ പി അജണ്ട നടക്കുന്നില്ല.

വീരേന്ദ്രകുമാര്‍ വിഭാഗവും വിട്ടതോടെ തന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച ആശങ്കയില്‍ വിറളി പിടിച്ചാണ് എം എല്‍ എ അക്രമം സ്‌പോണ്‍സര്‍ ചെയ്യുന്നത്. തനിനിറം തുറന്നുകാട്ടിയതിലെ വേവലാതിയാണ് ആരോപണത്തിനു പിന്നില്‍.
സി പി എം അക്രമം നടത്തുന്നില്ല. മുമ്പ് നാദാപുരം സംഘര്‍ഷമുണ്ടായപ്പോള്‍ സമാധാനം പുനസ്ഥാപിക്കാന്‍ രംഗത്തിറങ്ങിയത് സി പി എമ്മും ലീഗും സര്‍ക്കാര്‍ സംവിധാനവുമാണ്. ഇങ്ങിനെ ഒരനുഭവം പാറക്കല്‍ അബ്ദുല്ലക്കില്ല. അത് കൊണ്ടാണ് സി പി എമ്മിനെതിരെ ആരോപണം ഉന്നയിക്കുന്നത്.
അതേ സമയം, ഓര്‍ക്കാട്ടേരിയിലും മറ്റും നിരന്തരം സി പി എമ്മുകാര്‍ക്ക് വഴിനടക്കാന്‍ പറ്റാത്ത സാഹചര്യം ആര്‍ എം പിയും മറ്റും ഉണ്ടാക്കിയിട്ടുണ്ട്. കെ കെ രമ അടക്കമുള്ള ആരെയും സി പി എം സ്വീകരിക്കും. പാര്‍ട്ടി പരിപാടി അംഗീകരിച്ച് തെറ്റു മനസ്സിലാക്കി ആര് വരാന്‍ തയ്യാറായാലും അവരുമായി ചര്‍ച്ച നടത്തും.
ടി പി ചന്ദ്രശേഖരന്‍ സി പി എം നശിച്ചുകാണാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന തിരിച്ചുവരാനുള്ള ചില നീക്കങ്ങള്‍ അന്നുണ്ടായതിന്റെ വെളിച്ചത്താലാണ്. അതേ സമയം പിണറായി വിജയന്‍ ‘കൂലം കുത്തി’ എന്ന് വിളിച്ചത് അന്ന് പാര്‍ട്ടിയോട് കാണിച്ച സമീപനത്തിന്റെ പേരിലുമാണ്.
കൊല്ലപ്പെട്ടവരുടെ സമുദായം നോക്കി വികാരം ഇളക്കിവിടാനും മുതലെടുപ്പ് നടത്താനും ശ്രമിക്കുന്നത് ലീഗ് ആണ്.

ലീഗ് പുണ്യവാളന്‍ ചമയണ്ട എന്നാണ് മന്ത്രി കെ ടി ജലീല്‍ നിയമസഭയില്‍ പറഞ്ഞതിന്റെ അര്‍ഥം. അക്രമം നടത്തുന്നത് സി പി എമ്മിന് നഷ്ടമാണുണ്ടാക്കുകയെന്ന ബോധ്യമുണ്ട്. പ്രതിരോധം മാത്രമാണ് നടത്തുന്നത്. ക്രിമിനല്‍ സ്വഭാവമുള്ളവര്‍ പാര്‍ട്ടിയിലുണ്ടോ എന്ന് പരിശോധനയും ബോധവത്കരണവും നടത്തും.
കോവൂരിലടക്കം എവിടെയും കൊടികുത്തി സമരം നടത്തുന്നില്ല. നേരത്തെ ഉണ്ടായിരുന്നു. അഡ്വ. പി എ.മുഹമ്മദ് റിയാസും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.