Connect with us

Ongoing News

നൗകാമ്പില്‍ ചെല്‍സി തരിപ്പണം; ബാഴ്‌സ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍

Published

|

Last Updated

മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ചെല്‍സിയെ തകര്‍ത്ത് തരിപ്പണമാക്കി സ്പാനിഷ് ക്ലബ് ബാഴ്‌സലോണ യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. സ്വന്തം തട്ടകമായ നൗകാമ്പില്‍ നടന്ന രണ്ടാം പാദത്തില്‍ ചെല്‍സിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയാണ് ബാഴ്‌സയുടെ കുതിപ്പ്.

ആദ്യപാദം 1-1ന് സമനിലയില്‍ പിരിഞ്ഞിരുന്നു. ഇരുപാദങ്ങളിലുമായി 4-1 അഗ്രിഗേറ്റ് സ്‌കോര്‍ നേടാന്‍ ബാഴ്‌സക്ക് കഴിഞ്ഞു. രണ്ട് ഗോളുകളും ഒരു അസിസ്റ്റുമായി ഉജ്ജ്വല പ്രകടനം പുറത്തെടുത്ത ലയണല്‍ മെസിയിലൂടെയാണ് ബാഴ്‌സ മിന്നുന്ന ജയം സ്വന്തമാക്കിയത്. സമനിലയില്‍ പരിഞ്ഞ ആദ്യപാദത്തിലും മെസി ഗോള്‍ നേടിയിരുന്നു.

കളി തുടങ്ങി മൂന്നാം മിനുട്ടില്‍തന്നെ ഗോള്‍ നേടിയ മെസി നയം വ്യക്തമാക്കിയിരുന്നു. 20ാം മിനുട്ടില്‍ ബാഴ്‌സ ലീഡ് ഉയര്‍ത്തി. ഡെംബാലയാണ് ഇത്തവണ സ്‌കോര്‍ ചെയ്തത്. ബോക്‌സിനുള്ളില്‍നിന്ന് മെസി നല്‍കിയ പാസ് മികച്ചൊരു ഷോട്ടിലൂടെ ഡെംബാല വലക്കുള്ളിലാക്കി. രണ്ടാം പകുതിയില്‍ ചെല്‍സി ഉണര്‍ന്നു കളിച്ചെങ്കിലും ലക്ഷ്യം കണുന്നതില്‍ നീലപ്പട പരാജയപ്പെട്ടു. കളിയുടെ ഒഴുക്കിന് വിപരീതമായി 63ാം മിനുട്ടില്‍ മെസിയുടെ രണ്ടാം ഗോളെത്തി. മെസിയുടെ ഇടംകാല്‍ ഷോട്ട് ചെല്‍സിക്ക് വലിയ ആഘാതമേല്‍പ്പിച്ചുകൊണ്ട് വലയില്‍ വിശ്രമിച്ചു.

തുടര്‍ച്ചയായ 11ാം തവണയാണ് ബാഴ്‌സ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. റയല്‍ മാഡ്രിഡ്, ലിവര്‍പൂള്‍, യുവന്റസ്, മാഞ്ചസ്റ്റര്‍ സിറ്റി, സെവിയ്യ, റോമ, ബയേണ്‍ മ്യൂണിച്ച് എന്നീ ടീമുകളാണ് ബാഴ്‌സക്ക് പുറമേ ക്വാര്‍ട്ടറില്‍ പ്രവേശിച്ച മറ്റ് ടീമുകള്‍. 2012 ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ തോറ്റതിന്റെ കണക്ക് തീര്‍ക്കാനും ജയത്തിലൂടെ ബാഴ്‌സക്ക് കഴിഞ്ഞു.