നേടിയത് കൂട്ടുകെട്ടിന്റെ വിജയം; മഹാസഖ്യത്തിന് ആത്മവിശ്വാസം

Posted on: March 15, 2018 8:55 am | Last updated: March 15, 2018 at 10:34 am
SHARE
ഫലപ്രഖ്യാപനത്തിന് ശേഷം ലക്‌നോയിലെ സമാജ്‌വാദി പാര്‍ട്ടി ആസ്ഥാനത്തിന് മുമ്പില്‍ അഖിലേഷ് യാദവിന്റെയും ബി എസ് പി നേതാവ് മായാവതിയുടെയും ഫോട്ടോ ഉയര്‍ത്തി വിജയാഹ്ലാദം പ്രകടിപ്പിക്കുന്ന പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: മോദിയുടെ വികസന മന്ത്രവും യോഗിയുടെ വര്‍ഗീയ തന്ത്രവും ഒരുമിച്ചു പയറ്റിയ അഭിമാന പോരാട്ടത്തിനായി ബി ജെ പി കളത്തിലിറങ്ങിയിട്ടും വിജയം എസ് പിക്കൊപ്പം നിന്നത് ബി എസ് പി വോട്ടുകള്‍ ശേഖരിക്കാനായതിലൂടെ. ഈ രണ്ട് പാര്‍ട്ടികള്‍ക്കും മതേതര വോട്ടുകള്‍ ഏകോപിപ്പിച്ച് ഒരുപെട്ടിയിലെത്തിക്കാനായി എന്നതാണ് വിജയം നേടുന്നതിലെ പ്രധാന കാരണം. മൂന്ന് ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് യോഗി ആദിത്യനാഥ് 2014ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ ഗോാരഖ്പൂരില്‍ നിന്ന് ബി ജെ പിക്ക് ലഭിച്ചത് 51.80 ശതമാനം വോട്ടുകളായിരുന്നു. എന്നാല്‍ ഈ ഉപതിരഞ്ഞെടുപ്പിലും ബി ജെ പിയുടെ വോട്ടിംഗ് ശതമാനത്തില്‍ കേവലം അഞ്ച് ശതമാനത്തിന്റെ കുറവ് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്; 46.53 ശതമാനം. മണ്ഡലത്തിലെ മറ്റു പ്രധാന കക്ഷികളായ എസ് പിയും ബി എസ് പിയും സഖ്യമായി മത്സരിച്ചതോടെ 48.88 ശതനമാനം വോട്ട് കരസ്ഥമാക്കിയാണ് എസ് പി സ്ഥാനാര്‍ഥിയായ പ്രവീണ്‍കുമാര്‍ നിഷാദ് വിജയിച്ചത്. കഴിഞ്ഞ ലോക്‌സഭ പൊതുതിരഞ്ഞെടുപ്പില്‍ എസ് പി 21.75 ശതമാനവും ബി എസ് പി 16.95ഉം, കോണ്‍ഗ്രസ് 4.39ഉം ശതമാനം വോട്ടുകളായിരുന്നു നേടിയത്.

മതേതര പാര്‍ട്ടികളുടെ വോട്ടുകള്‍ ഭിന്നിച്ചതായിരുന്നു ബി ജെ പിയുടെ വലിയ ഭൂരിപക്ഷത്തിന് കാരണമായത്. ഇതേ രീതിയില്‍ തന്നെയായിരുന്നു ബി ജെ പി മണ്ഡലത്തില്‍ വിജയം നേടിയിരുന്നതെന്ന് മുന്‍ തിരഞ്ഞെടുപ്പ് ഫലങ്ങളും വ്യക്തമാക്കുന്നുണ്ട്. 1999ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത വോട്ടുകളുടെ 41.1 ശതമാനം വോട്ടുകള്‍ മാത്രമായിരുന്നു ബി ജെ പിക്ക് ലഭിച്ചിരുന്നത്. അതേസമയം, എസ് പിക്ക് 39.97 ശതമാനവും ബി എസ് പിക്ക് 14.43 ശതമാനം വോട്ടും ലഭിച്ചിരുന്നു. കോണ്‍ഗ്രസിന് 3.08 ശതമാനം വോട്ടും നേടാനായി. പിന്നീട് 2004ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് അമ്പത് ശതമാനത്തില്‍ കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയിരുന്നുവെങ്കിലും മതേതര വോട്ടുകള്‍ വിഭജിച്ച് പോകുന്നതിനാല്‍ വലിയ ഭൂരിപക്ഷത്തിലുള്ള വിജയമാണ് ബി ജെ പിക്ക് നേടാനായത്.

ഉപമുഖ്യമന്ത്രി പ്രതിനിധാനം ചെയ്ത മണ്ഡലമായ ഫൂല്‍പുരിലും സമാന രീതിയില്‍ തന്നെയായിരുന്നു വോട്ടിംഗ് ശതമാനം. അഞ്ച് ലക്ഷത്തിലേറെ വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തോടെ ബി ജെ പി ജയിച്ചുകയറിയ മണ്ഡലമാണ് എസ് പി- ബി എസ് പി സഖ്യം പിടിച്ചെടുത്തത്. 2014ലെ തിരഞ്ഞെടുപ്പില്‍ 52.43 ശതമാനം ബി ജെ പിക്ക് ലഭിച്ചിരുന്നത്, എസ് പിക്ക് 20.33 ശതമാനവും ബി എസ് പിക്ക് 17.05 ശതമാനവും കോണ്‍ഗ്രസിന് 6.05 ശതമാനവും ലഭിച്ചിരുന്നു.
ഈ തിരഞ്ഞെടുപ്പില്‍ മതേതര പാര്‍ട്ടികളുടെ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടിരുന്നുവെങ്കില്‍ ബി ജെ പിയുടെ വലിയ ഭൂരിപക്ഷത്തെ കുറക്കാന്‍ സാധിക്കുമായിരുന്നുവെന്നത് വ്യക്തമാണ്. അക്കാര്യമാണ് ഈ ഉപതിരഞ്ഞെടുപ്പിലൂടെ തെളിയിക്കപ്പെട്ടത്. സകല അടവും പയറ്റി അഭിമാന പോരാട്ടത്തിനായി ബി ജെ പി കളത്തിലിറങ്ങിയിട്ടും ഗോരഖ്പൂരിലും ഫൂല്‍പുരിലും വിജയം നേടിയതിന് പിന്നില്‍ മതേതര വോട്ടുകള്‍ ഒരു പെട്ടിയിലെത്തിക്കാനായി എന്നതാണ്. ദേശീയ തലത്തില്‍ 2019 പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളുടെ നേതൃത്വത്തില്‍ രൂപവത്കരിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന മഹാസഖ്യത്തിന് ആത്മവിശ്വാസം നല്‍കുന്നതാണ് യുപിയിലെ എസ് പി- ബി എസ് പി കൂട്ടുകെട്ട് വിജയം.

LEAVE A REPLY

Please enter your comment!
Please enter your name here