Connect with us

National

ബിജെപിക്കും യോഗിക്കുമേറ്റ കനത്ത പ്രഹരമായി ഗോരഖ്പൂര്‍

Published

|

Last Updated

ലക്‌നോ: കാലങ്ങളായി രാഷ്ട്രീയ എതിരാളികളായി കൊമ്പുകോര്‍ത്തവര്‍ അവസാന നിമിഷം പൊതുശത്രുവിനെതിരെ ഒന്നിക്കാന്‍ തീരുമാനിച്ചത് ദേശീയ രാഷ്ട്രീയം മാറ്റിവരക്കുമെന്ന സൂചനകള്‍ ശക്തമാക്കുന്നതായി. ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂര്‍, ഫൂല്‍പൂര്‍ ഉപതിരഞ്ഞെടുപ്പുകള്‍ നല്‍കുന്ന സൂചന അതാണ്.

ഗൊാരഖ്പൂരില്‍ സമാജ്‌വാദി പാര്‍ട്ടി (എസ് പി) സ്ഥാനാര്‍ഥിയെ പിന്തുണക്കാന്‍ ബി എസ് പി മേധാവി മായാവതി അവസാന നിമിഷമാണ് തീരുമാനിച്ചത്. അവസാന നിമിഷ തീരുമാനം ദേശീയ രാഷ്ട്രീയത്തെ വരെ തിരുത്തിക്കുറിക്കുന്നതുമായി.
2014ലെ പൊതുതിരഞ്ഞെടുപ്പില്‍ മൂന്ന് ലക്ഷത്തിലേറെ ഭൂരിപക്ഷത്തിന് നിലവിലെ യു പി മുഖ്യമന്ത്രി ആദിത്യനാഥ് വിജയിച്ച ഗൊരഖ്പൂരിലാണ് ബി ജെ പി പരാജയപ്പെട്ടത്. മാത്രമല്ല, കഴിഞ്ഞ 30 വര്‍ഷമായി ബി ജെ പി വെന്നിക്കൊടി പാറിച്ച മണ്ഡലം കൂടിയായിരുന്നു ഇത്. കഴിഞ്ഞ കാലങ്ങളില്‍ മണ്ഡലത്തില്‍ ശക്തമായി സ്വാധീനം ചെലുത്തിയ ഗൊരഖ്‌നാഥ് ക്ഷേത്രവും മുഖ്യപുരോഹിതന്‍ മഹന്ദ് അവൈദ്യനാഥും ശിഷ്യന്‍ യോഗി ആദിത്യനാഥുമെല്ലാം ബി ജെ പിയുടെ മുന്‍കാല വിജയങ്ങളില്‍ നിര്‍ണായകമായിരുന്നു. എട്ട് തവണ തുടര്‍ച്ചയായി ഇവിടെ നിന്നാണ് യോഗി ജയിച്ചുകയറിയത്.

സ്വന്തം തട്ടകത്തില്‍ മഹാരാജ് ജി (യോഗി ആദിത്യനാഥ്)യെ വെല്ലുവിളിക്കാന്‍ ധൈര്യപ്പെട്ടവരെ തകര്‍ക്കണമെന്നാണ് ബി ജെ പി സ്ഥാനാര്‍ഥി ഉപേന്ദ്ര ശുക്ല വോട്ടര്‍മാരോട് നിരന്തരം ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് പൊതുതിരഞ്ഞെടുപ്പില്‍ 80 സീറ്റുകളില്‍ 73 സീറ്റുകളും നേടിയത് ബി ജെ പിയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 403 സീറ്റുകളില്‍ 312ഉം ബി ജെ പി നേടിയിരുന്നു.
വിജയത്തിന്റെ ഈ വെള്ളിവെളിച്ചത്തിലേറ്റ തിരിച്ചടി പ്രഹരത്തിന്റെ ആഘാതം വര്‍ധിപ്പിക്കുന്നു. ഉപതിരഞ്ഞെടുപ്പില്‍ ബി എസ് പി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല. രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായാണ് ബി എസ് പിയും എസ് പിയും ഒരുമിച്ച് പോരാടാന്‍ തീരുമാനിച്ചത്.

Latest