മാഞ്ചസ്റ്റര്‍ പുറത്ത്

സ്പാനിഷ് ക്ലബ്ബ് സെവിയ്യ ആദ്യമായി ഇംഗ്ലണ്ടില്‍ ജയിച്ചു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തേക്കുള്ള വഴി കാണിച്ചു കൊണ്ടായിരുന്നു ആ ജയം
Posted on: March 15, 2018 6:28 am | Last updated: March 14, 2018 at 11:47 pm
സെവിയ്യയുടെ ഗബ്രിയേല്‍ മെര്‍സാഡോയെ മറികടന്ന് മാഞ്ചസ്റ്ററിന്റെ സാഞ്ചസിന്റെ മുന്നേറ്റം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്ത്. അതേ സമയം, ഇറ്റാലിയന്‍ ക്ലബ്ബ് എ എസ് റോമ എവേ ഗോള്‍ ബലത്തില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചു.

പ്രീക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം പാദത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്വന്തം തട്ടകത്തില്‍ 1-2ന് സ്പാനിഷ് ക്ലബ്ബായ സെവിയ്യയോട് പരാജയപ്പെടുകയായിരുന്നു. സ്‌പെയ്‌നില്‍ നടന്ന ആദ്യപാദം ഗോള്‍ രഹിതം ആയിരുന്നു. അതുകൊണ്ടു തന്നെ ഹോം ഗ്രൗണ്ടില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വലിയ സാധ്യതയുണ്ടായിരുന്നു. എന്നാല്‍, സെവിയ്യയുടെ മധ്യനിര ഉണര്‍ന്നു കളിച്ചതോടെ മൗറിഞ്ഞോയുടെ തന്ത്രങ്ങളെല്ലാം വെള്ളത്തിലായി. ഗോള്‍ അകന്നു നിന്ന ആദ്യ പകുതിയില്‍ നിന്ന് വിഭിന്നമായി രണ്ടാം പകുതി. 74,78 മിനുട്ടുകളില്‍ സ്‌കോര്‍ ചെയ്ത് ബെന്‍ യെഡ്ഡര്‍ സന്ദര്‍ശക ടീമിനെ ഉത്തേജിപ്പിച്ചു. ബെല്‍ജിയം സ്‌ട്രൈക്കര്‍ റൊമേലു ലുകാകു എണ്‍പത്തിനാലാം മിനുട്ടില്‍ ഒരു ഗോള്‍ മടക്കിയെങ്കിലും സെവിയ്യയുടെ വിജയം തടയാനായില്ല. രണ്ട് എവേ ഗോളുകള്‍ നേടിയത് സെവിയ്യക്ക് ആത്മവിശ്വാസം പകര്‍ന്നു. രണ്ട് ഗോളുകള്‍ കൂടി അധികം നേടിയാലെ മാഞ്ചസ്റ്ററിന് ക്വാര്‍ട്ടര്‍ ഉറപ്പിക്കാനാകുമായിരുന്നു. അവസാന മിനുട്ടുകളില്‍ പ്രതിരോധം ശക്തമാക്കി സെവിയ്യ കൈയ്യില്‍ കിട്ടിയ ക്വാര്‍ട്ടര്‍ ബെര്‍ത് കാത്തുസൂക്ഷിച്ചു.

കഴിഞ്ഞ സീസണില്‍ യുവേഫ കപ്പ് ജേതാക്കളായാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയത്. മൗറിഞ്ഞോയുടെ തന്ത്രങ്ങളെ ക്ലബ്ബ് അനുകൂലികള്‍ പുകഴ്ത്തിയിരുന്നു. എന്നാല്‍, സെവിയ്യക്കെതിരെ അവരെല്ലാം കോച്ചിനെതിരെ തിരിഞ്ഞു. കളിക്കാരോട് ക്ലബ്ബ് അനുകൂലികള്‍ വിളിച്ചു പറഞ്ഞു : ആക്രമിക്കൂ, ആക്രമിക്കൂ, ആക്രമിക്കൂ. മൗറിഞ്ഞോയുടെ പ്രതിരോധ തന്ത്രം സെവിയ്യയുടെ മികച്ച മധ്യനിരക്ക് മുന്നില്‍ വിലപോകില്ലെന്ന ബോധ്യത്തിലായിരുന്നു കാണികള്‍ ഇടപെട്ടത്. പക്ഷേ, കോച്ച് മൗറിഞ്ഞോ അറ്റാക്കിംഗ് തന്ത്രം സ്വീകരിച്ചതേയില്ല. മിഡ്ഫീല്‍ഡര്‍ ഫെലെയ്‌നി ഒട്ടും വേഗതയില്ലാത്ത താരമാണ്. അദ്ദേഹത്തിന് ആദ്യ ഇലവനില്‍ ഇടം നല്‍കിയപ്പോള്‍ തന്നെ മൗറിഞ്ഞോയുടെ ഉദ്ദേശ്യം വ്യക്തമായി.

ജനുവരിയില്‍ ടീമിലെത്തിയ ചിലി വിംഗര്‍ അലക്‌സിസ് സാഞ്ചസിനെ ഇനിയും വേണ്ട വിധം ഉപയോഗപ്പെടുത്താന്‍ മൗറിഞ്ഞോക്ക് സാധിച്ചിട്ടില്ല. എഫ് സി പോര്‍ട്ടോ, ഇന്റര്‍മിലാന്‍ ക്ലബ്ബുകള്‍ക്കൊപ്പം യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ കോച്ചാണ് മൗറിഞ്ഞോ. ലിവര്‍പൂള്‍, ചെല്‍സി, ക്രിസ്റ്റര്‍പാലസ് ടീമുകളെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവുമായിറങ്ങിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് പിഴച്ചത് സെവിയ്യയെ മനസ്സിലാക്കിയടത്താണ്.

മൂന്ന് സമനിലകള്‍, ഒരു തോല്‍വി. സെവിയ്യ ഇതുവരെയും ഇംഗ്ലണ്ടില്‍ ഒരു ചാമ്പ്യന്‍സ് ലീഗ് മത്സരം ജയിച്ചിട്ടില്ല. ആ ചരിത്രം ആവര്‍ത്തിക്കുമെന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിശ്വസിച്ചു. സെവിയ്യ കോച്ച് വിന്‍സെന്‍സോ മോന്റെല മധ്യനിരയിലാണ് കാര്യമായി പണിയെടുത്തത്. സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍മാരായ സ്റ്റീവന്‍ സോന്‍സി, എവര്‍ ബനേഗ എന്നിവര്‍ കളമറിഞ്ഞു കളിച്ചു. മാഞ്ചസ്റ്ററിന്റെ ഫെലെയ്‌നി, നെമാന്‍ജ മാറ്റിച്, പോള്‍ പോഗ്ബ എന്നിവരേക്കാള്‍ കൂടുതല്‍ തവണ പന്തെടുത്ത് കളിച്ചത് ഇവരായിരുന്നു. 94 പാസുകളാണ് സ്റ്റീവന്‍ സോന്‍സി നടത്തിയത്. പൊസഷന്‍ നിലനിര്‍ത്തിയ ബനേഗ പതിമൂന്ന് തവണ സ്റ്റീവന്‍ സോന്‍സിക്ക് പന്ത് തിരികെ പാസ് നല്‍കി മികച്ച നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. 21 തവണയാണ് സെവിയ്യ എതിര്‍വലയിലേക്ക് ഷോട്ടുതിര്‍ത്തത്. ഷാക്തര്‍ ഡോനെസ്‌കിനെ രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ 1-0ന് തോല്‍പ്പിച്ചാണ് റോമയുടെ മുന്നേറ്റം.