Connect with us

Kerala

വാട്ടര്‍ അതോറിറ്റി കരാറുകാര്‍ നാളെ മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

Published

|

Last Updated

കോഴിക്കോട്: കേരളാ വാട്ടര്‍ അതോറിറ്റി കരാറുകാര്‍ സംസ്ഥാന വ്യാപകമായി നാളെ മുതല്‍ അനശ്ചിതകാല സമരത്തിന്. വാട്ടര്‍ അതോറിറ്റിയില്‍ അറ്റകുറ്റ പ്രവൃത്തികള്‍ നടത്തിയ വകയില്‍ കരാറുകാര്‍ക്ക് ലഭിക്കേണ്ട 400 കോടി കുടിശ്ശിക നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരം ആരംഭിക്കുന്നതെന്ന് സംയുക്ത സമരസമിതി ജനറല്‍ കണ്‍വീനര്‍ പി നാഗരത്‌നന്‍ പറഞ്ഞു.

14 മാസത്തെ കുടിശ്ശികയാണ് അറ്റകുറ്റപ്പണി നടത്തിയതിലും മറ്റു പ്രവൃത്തികള്‍ക്കുമായി വാട്ടര്‍ അതോറിറ്റി കരാറുകാര്‍ക്ക് കൊടുത്തുതീര്‍ക്കാനുള്ളത്. കുടിശ്ശിക വിതരണവുമായി ബന്ധപ്പെട്ട് 2017 ഫെബ്രുവരിയില്‍ മാനേജിംഗ് ഡയരക്ടറുമായി കരാറുകാര്‍ ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ആറ് മാസത്തെ പണം 2017 ഏപ്രില്‍ 30ന് നല്‍കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. പിന്നീട് സെപ്തംബറില്‍ മൂന്ന് മാസത്തെ കുടിശ്ശിക മാത്രമാണ് വിതരണം ചെയ്തത്. അഞ്ചോ ആറോ മാസത്തിനിടയില്‍ കുറഞ്ഞ തുക മാത്രം നല്‍കിയാണ് കരാറുകാരെ മടക്കിയയക്കാറുമുള്ളത്. ഇത്തരത്തില്‍ കുടിശ്ശിക വര്‍ധിച്ചുവരികയും കരാറുകാര്‍ കടക്കെണിയിലകപ്പെടുന്ന സാഹചര്യവുമാണ് ഇപ്പോഴുള്ളതെന്ന് സംയുക്ത സമരസമിതി പറയുന്നു.

കുടിശ്ശിക ചോദിക്കുമ്പോള്‍ വാട്ടര്‍ അതോറിറ്റി നഷ്ടത്തിലാണെന്നു പറഞ്ഞ് അധികൃതര്‍ കൈമലര്‍ത്തുകയാണിപ്പോള്‍. സര്‍ക്കാറിലേക്ക് വിഷയമുന്നയിച്ച് നിവേദനങ്ങളും പ്രതിഷേധ സമരങ്ങളും നടത്തിയെങ്കിലും നടപടിയുണ്ടായില്ല. കരാറുകാരെ ചര്‍ച്ചക്കു പോലും വിളിക്കാതെ വിഷയത്തില്‍ സര്‍ക്കാര്‍ മൗനം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് അനിശ്ചിതകാലത്തേക്ക് അറ്റകുറ്റപ്പണികള്‍ നിര്‍ത്തിവെച്ച് സമരത്തിനൊരുങ്ങുന്നത്. കേരളാ വാട്ടര്‍ അതോറിറ്റി കോണ്‍ട്രാക്‌ടേഴ്‌സ് സംസ്ഥാന സംയുക്ത സമരസമിതി നേതാക്കളായ വി മോഹനന്‍ കണ്ണൂര്‍, പി സോമശേഖരന്‍, വി ജ്യോതിബസു, ജിതിന്‍ ഗോപിനാഥ്, കെ രമേശന്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.