നോക്കുകൂലി: ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കും

Posted on: March 15, 2018 6:18 am | Last updated: March 14, 2018 at 11:12 pm
SHARE

തിരുവനന്തപുരം: സംസ്ഥാനത്ത് ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുകയോ വാങ്ങുകയോ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുമെന്ന് തൊഴിമന്ത്രി ടി പി രാമകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. പാറക്കല്‍ അബ്ദുല്ലയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി. ചെയ്യാത്ത ജോലിക്ക് കൂലി നിരോധിക്കുന്ന വിഷയത്തില്‍ എല്ലാ ട്രേഡ് യൂനിയനുകളും യോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. നോക്കുകൂലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സംസ്ഥാനത്ത് ഏകീകൃത ചുമട്ടുകൂലി പ്രാബല്യത്തില്‍ വരുത്തുകയും അത് 11 ജില്ലകളില്‍ നടപ്പാക്കുകയും ചെയ്തിട്ടുണ്ട്.

കൂലി ഏകീകരിക്കാത്ത ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കും. ചുമട്ടുതൊഴിലാളി മേഖലയില്‍ ഓരോ വിഭാഗത്തിനുമുള്ള ഏകീകരിച്ച കയറ്റിറക്ക് കൂലി വെബ്‌സെറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നോക്കുകൂലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സംബന്ധിച്ച് കോള്‍സെന്റര്‍ വഴി ലഭിക്കുന്ന പരാതികളില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ ഇടപെട്ട് അമിതമായി ഈടാക്കുന്ന കയറ്റിറക്ക് കൂലി തിരികെ വാങ്ങി നല്‍കുകയും ചെയ്യും. പരാതി ലേബര്‍ ഓഫീസര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ അടിയന്തരമായി പരിശോധിച്ച് അമിതമായോ അനര്‍ഹമായോ തുക വാങ്ങിയിട്ടുണ്ടെങ്കില്‍ അത് കൈപ്പറ്റിയ തൊഴിലാളികളില്‍ നിന്ന് തൊഴിലുടമക്ക് തിരികെ വാങ്ങിക്കൊടുക്കുകയും തൊഴിലാളികളുടെ ഭാഗത്തു നിന്ന് ഗുരുതരമായ ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ രജിസ്‌ട്രേഷന്‍ കാര്‍ഡ് റദ്ദ് ചെയ്യാനും തൊഴിലുടമയെ അധിക്ഷേപിക്കുകയോ ഭീഷണിപ്പെടുത്തുകയോ അക്രമിക്കുകയോ ചെയ്തുവെന്നുള്ള പരാതികള്‍ പോലീസിന് കൈമാറാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മാര്‍ച്ച് എട്ടിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര ട്രേഡ് യൂനിയന്‍ നേതാക്കളുടെ യോഗത്തില്‍ മെയ് ഒന്ന് മുതല്‍ നോക്കുകൂലി പൂര്‍ണമായും അവസാനിപ്പിക്കുന്നതിനും തൊഴിലാളികളെ വിതരണം ചെയ്യുന്ന രീതി നിര്‍ത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. വിഷയം ജില്ലാതലങ്ങളില്‍ ചര്‍ച്ച ചെയ്ത് നടപ്പാക്കല്‍ തീരുമാനിക്കാന്‍ ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ മെയ് ഒന്നിനു മുമ്പ് യോഗം ചേരാനും തീരുമാനമായി.

നോക്കുകൂലി സംബന്ധിച്ച പരാതികള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ നിലവിലുള്ള നിയമമുപയോഗിച്ച് ഇതവസാനിപ്പിക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം വെണ്‍പാലവട്ടത്ത് യുവ സംരംഭകന് നേരെ നോക്കുകൂലിയെ ചൊല്ലിയുണ്ടായ പ്രശ്‌നത്തില്‍ നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here