സമസ്ത: പണ്ഡിത ക്യാമ്പ് ആരംഭിച്ചു

ദഅ്‌വത്തിന് പുതിയ പദ്ധതികള്‍
Posted on: March 15, 2018 6:16 am | Last updated: March 14, 2018 at 11:10 pm

കോഴിക്കോട്: പുതിയ ശൈലിയും രീതിയും സ്വീകരിച്ച് ഇസ്‌ലാമിക ദഅ്‌വത്തിന് നവീന പദ്ധതികളുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആഭിമുഖ്യത്തിലുള്ള ദ്വിദിന പണ്ഡിത ക്യാമ്പിന് തുടക്കമായി. വിശുദ്ധ മതത്തിന്റെ യഥാര്‍ഥ വിശ്വാസവഴിയില്‍ നിന്ന് വ്യതിചലിച്ച് അല്ലാഹുവിന്റെ മഹത്വത്തിനും ബഹുമതിക്കും വിലകല്‍പ്പിക്കാതെ വിശ്വാസവൈകൃതങ്ങളില്‍പ്പെട്ട് ജീവിതം നശിപ്പിക്കുന്ന മതപരിഷ്‌കരണ വാദികളുടെ പുതിയ കണ്ടെത്തലുകള്‍ക്കെതിരെ സമൂഹത്തെ ബോധവത്കരിക്കുന്നതിന് വൈവിധ്യമാര്‍ന്ന പദ്ധതികളുടെ കരട് ക്യാമ്പ് രൂപപ്പെടുത്തി.

തൗഹീദ്, ശിര്‍ക്ക്, ഇബാദത്ത്, മക്കാമുശ്‌രിക്കുകളുടെ വിശ്വാസം, ഇസ്തിഗാസ, തര്‍ക്കുല്‍ മുവാലാത്ത് തുടങ്ങിയ വിഷയങ്ങളില്‍ ക്യാമ്പില്‍ പഠനവും ചര്‍ച്ചയും നടന്നു.

കാരന്തൂര്‍ മര്‍കസ് ലൈബ്രറി ഹാളില്‍ വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖിയുടെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എ പി മുഹമ്മദ് മുസ്‌ലിയാര്‍, പോരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

ക്യാമ്പിന്റെ രണ്ടാം ദിവസമായ ഇന്ന് സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, അലവി സഖാഫി കൊളത്തൂര്‍, കെ പി മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന സമാപന ചടങ്ങില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തും.