Connect with us

Kerala

ചെങ്ങന്നൂരില്‍ സഹകരിക്കില്ല

Published

|

Last Updated

ചേര്‍ത്തല: ബി ഡി ജെ എസിന് വാഗ്ദാനം ചെയ്ത സ്ഥാനമാനങ്ങള്‍ നല്‍കുന്നതുവരെ എന്‍ ഡി എയുമായി സഹകരിക്കില്ലെന്നും ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ ഇതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലടക്കം പങ്കെടുക്കില്ല.പ്രവര്‍ത്തകര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കുമെന്നും ബി ഡി ജെ എസ് നേതൃയോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബി ഡി ജെ എസിന്റെ പിന്തുണയില്ലെങ്കില്‍ ബി ജെ പിയുടെ നില മെച്ചമാകില്ലെന്നും തുഷാര്‍ പറഞ്ഞു.

യു ഡി എഫിലും എല്‍ ഡി എഫിലും ബി ഡി ജെ എസ് തീണ്ടാപ്പാട് അകലെയല്ല. രാഷ്ടീയത്തില്‍ മഅ്ദനിയെ കൂട്ടാമെങ്കില്‍ എന്തുകൊണ്ട് ബി ഡി ജെ എസിനെ കൂട്ടിക്കൂടെന്ന് അദ്ദേഹം ചോദിച്ചു. വാഗ്ദാനങ്ങള്‍ പാലിക്കാത്ത എന്‍ ഡി എ മുന്നണിയുമായി ഇനിയൊരു തീരുമാനം ഉണ്ടാകുന്നതുവരെ സഹകരിക്കില്ല .ബി ജെ പി ഇതര എന്‍ ഡി എയുടെ ഘടകകക്ഷിയോഗം രണ്ടാഴ്ചക്കുള്ളില്‍ വിളിക്കാനും യോഗത്തില്‍ ധാരണയായി. ബി ഡി ജെ എസിനും മുന്നണിയിലെ മറ്റ് ഘടകകക്ഷികള്‍ക്കും വാഗ്ദാനം ചെയ്തിരുന്ന സ്ഥാനമാനങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി വിഷയം കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തുന്നതിനാണ് യോഗം വിളിക്കുന്നതെന്ന് ബി ഡി ജെ എസ് സംസ്ഥാന പ്രസിഡന്റും എന്‍ ഡി എ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

കേരളത്തിലെ ബി ജെ പി നേതാക്കളില്‍ ചിലരാണ് താന്‍ രാജ്യസഭാംഗമാകുമെന്ന് പ്രചരിപ്പിച്ചത്. സീറ്റ് വേണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. കോഴിക്കോട് നിന്നുള്ള പ്രചരണത്തിന് പിന്നില്‍ സ്ഥാനമോഹികളായ ചിലരാണ്. അസത്യം പ്രചരിപ്പിച്ചതിനെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി ദേശീയ അധ്യക്ഷന് പരാതി നല്‍കും. കഴിഞ്ഞ മാസം അമിത്ഷായുമായി ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഏതാനും സംസ്ഥാന നേതാക്കളും ഉണ്ടായിരുന്നു. ഇവരില്‍ നിന്നാണ് വിവരം ചോര്‍ന്നതെന്നാണ് കരുതുന്നത്.

കേരളത്തിലെ ബി ജെ പി നേതാക്കള്‍ കൂടെ നിന്ന് കാലില്‍ ചവിട്ടുന്നവരാണ്. എന്‍ ഡി എയുടെ പ്രവര്‍ത്തനം തൃപ്തികരമല്ല. സംസ്ഥാന കമ്മിറ്റി മാത്രമാണുള്ളത്.ബാക്കി കീഴ്ഘടകങ്ങളെല്ലാം പേപ്പറില്‍ മാത്രമാണ്. പ്രശ്‌നങ്ങളില്‍ കുമ്മനം നിസ്സഹായനാണ്. അദ്ദേഹത്തിന് ഇതുപോലുള്ള കുരുട്ടുബുദ്ധിപ്രയോഗങ്ങളില്ല. രാഷ്ടിയമായി വളരുകയാണ് ബി ഡി ജെ എസിന്റെ ലക്ഷ്യം. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലൂടെ ബി ഡി ജെ എസിന്റെ പ്രതിനിധി നിയമസഭയിലെത്തും. തുഷാര്‍ കൂട്ടിച്ചേര്‍ത്തു.