പരിസ്ഥിതി പഠനം നടത്താതെ കണികാ പരീക്ഷണത്തിന് കേന്ദ്ര സര്‍ക്കാര്‍

Posted on: March 15, 2018 6:10 am | Last updated: March 14, 2018 at 10:59 pm
SHARE

തിരുവനന്തപുരം: പരിസ്ഥിതി പ്രത്യാഘാത പഠനം നടത്താതെ തമിഴ്‌നാട്-കേരളാ അതിര്‍ത്തിയില്‍ വീണ്ടും കണികാ പരീക്ഷണ പദ്ധതി പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ഹരിത ട്രൈബ്യൂണല്‍ നേരത്തെ അനുമതി നിഷേധിച്ച പദ്ധതിക്ക് അടിയന്തര പ്രാധാന്യത്തോടെ അനുമതി നല്‍കാനാണ് കേന്ദ്രപരിസ്ഥിതി മന്ത്രാലയ സമിതിയുടെ തീരുമാനം. നേരത്തെ വ്യാപകമായ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് പശ്ചിമഘട്ട മേഖലയുള്‍പ്പെടുന്ന പരിസ്ഥിതി ലോല പ്രദേശത്ത് കണികാ പരീക്ഷണത്തിനായി അമേരിക്കന്‍ ഏജന്‍സിക്ക് നല്‍കിയ അനുമതി തത്കാലത്തേക്ക് നിര്‍ത്തിവക്കുകയായിരുന്നു. എന്നാല്‍ പ്രദേശത്ത് ആണവ വികിരണം ഉണ്ടാകില്ലെന്ന വാദത്തിന് ഇപ്പോള്‍ അംഗീകാരം ലഭിച്ചെന്നും ഈ സാഹചര്യത്തില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നുമാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട്.

അതേസമയം ജനരോഷം മൂലം നിര്‍ത്തിവെച്ച ഒരു പദ്ധതി പുതുതായി ജനാഭിപ്രായം തേടാതെയും വനം – വന്യ ജീവി ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതി വേണമെന്നുമുള്ള നിര്‍ദേശങ്ങളും പാടെ നിരാകരിച്ചാണ് അപകടകരമായ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇത് കൂടുതല്‍ പ്രക്ഷോഭങ്ങള്‍ക്ക് വഴിയൊരുക്കിയേക്കും.

പരിസ്ഥിതി ലോല പ്രദേശമായ പശ്ചിമഘട്ട മല നിരകള്‍ തുരന്ന് കണികാ പരീക്ഷണം നടത്താനാണ് അമേരിക്കന്‍ ഏജന്‍സിക്ക് എട്ട് വര്‍ഷം മുമ്പ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. ഇതുപ്രകാരം 2010 ജൂണില്‍ കേരള – തമിഴ്‌നാട് അതിര്‍ത്തിയായ തേനിയിലെ തേവാരത്തിനടുത്ത് പൊട്ടിപ്പുറം ഗ്രാമത്തിലായിരുന്നു കണികാ പരീക്ഷണത്തിനുള്ള കേന്ദ്രം സ്ഥാപിക്കാന്‍ യു പി എ സര്‍ക്കാറിന് കീഴിലെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിരുന്നത്.

പരീക്ഷണത്തിനായി തേനിയില്‍ നിര്‍മിക്കുന്ന രണ്ട് കിലോമീറ്റര്‍ ദൂരമുള്ള ഭൂഗര്‍ഭ തുരങ്കം മുക്കാല്‍ കിലോമീറ്ററോളം കേരളത്തിലേക്കും നീളുന്നുണ്ട്. കേരളത്തില ചതുരംഗപ്പാറ വരെ ഭൂഗര്‍ഭ തുരങ്കം നീളുമെന്നാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ പ്രദേശത്ത് താമസിക്കുന്ന കേരളക്കാര്‍ക്കോ, കേരള സര്‍ക്കാറിന് ഇതുസംബന്ധിച്ച് ഒരു വിവരവും കേന്ദ്ര സര്‍ക്കാറില്‍ നിന്നോ, പരീക്ഷണംനടത്തുന്ന ഏജന്‍സില്‍ നിന്നോ ലഭിച്ചിരുന്നില്ല.

അതേസമയം, പശ്ചിമഘട്ട മല നിരകള്‍ തുരന്നുള്ള പരീക്ഷണ പദ്ധതി സമീപ പ്രദേശത്തെ ഇടുക്കി അണക്കെട്ടിന് ഭീഷണി ഉയര്‍ത്തുമെന്ന് പരിസ്ഥിതി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒപ്പം കേരളത്തില്‍ ദൂരവ്യാപക പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കും പരീക്ഷണം കാരണമാകുമെന്നും വിദഗ്ധര്‍ പറഞ്ഞിരുന്നു. പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി തയ്യാറാക്കിയ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് ഇതിനെ അട്ടിമറിക്കുന്ന പരീക്ഷണ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയിരുന്നത്.