മദ്യമൊഴുക്കാന്‍ കോടതിയും കൂട്ടോ?

Posted on: March 15, 2018 6:08 am | Last updated: March 14, 2018 at 10:44 pm

സംസ്ഥാനത്ത് മദ്യമൊഴുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ നീതിപീഠവും തുണച്ചു കൊണ്ടിരിക്കയാണ്. പാതയോരങ്ങളിലെ മദ്യശാലകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ വിധിയില്‍ പഞ്ചായത്തുകള്‍ക്ക് ഇളവ് നല്‍കുന്ന കാര്യം സംസ്ഥാന സര്‍ക്കാറിന് തീരുമാനിക്കാന്‍ അനുമതി നല്‍കിയതിന് പിന്നാലെ കള്ളു ഷാപ്പുകള്‍ തുറക്കുന്ന കാര്യവും സര്‍ക്കാറിന്റെ ഇഷ്ടത്തിന് വിട്ടിരിക്കയാണ് സുപ്രീം കോടതി. 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ നിരോധിച്ച ഉത്തരവില്‍ നിന്ന് പഞ്ചായത്തുകളെയും പഞ്ചായത്തുള്‍പ്പെടുന്ന നഗരങ്ങളെയും ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചത് ഫെബ്രുവരി 24നാണ്. ഈ വിധിയില്‍ കള്ളുഷാപ്പുകളെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജികള്‍ പരിഗണിച്ചു കൊണ്ടാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, അമിതാവ് റോയ് എന്നിവരടങ്ങിയ ബഞ്ച് ചൊവ്വാഴ്ച കള്ളുഷാപ്പുകള്‍ക്കു കൂടി ഇളവനുവദിച്ചത്. കള്ളുഷാപ്പുകള്‍ക്ക് പുറമെ ബിയര്‍, വൈന്‍ പാര്‍ലറുകളും പാതയോരത്ത് തുറക്കാന്‍ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം, ആളോഹരി മദ്യ ഉപഭോഗത്തില്‍ ഒന്നാം സ്ഥാനത്താണ് കേരളം. മദ്യത്തിന്റെ ലഭ്യതയാണ് ഈ വര്‍ധനവിന് കാരണം. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ മദ്യനയവും പാതയോരത്തെ 500 മീറ്റര്‍ പരിധിയില്‍ മദ്യഷാപ്പുകള്‍ നിരോധിച്ച കോടതി ഉത്തരവും സംസ്ഥാനത്തെ മദ്യോപയോഗം ഗണ്യമായി കുറയാന്‍ ഇടയാക്കിയിട്ടുണ്ട്. ലഭ്യമായ കണക്കുകള്‍ പ്രകാരം മദ്യോപയോഗത്തില്‍ 21 ശതമാനം കുറവുണ്ടായി. ഇത് സംസ്ഥാനത്തെ സാമൂഹികാന്തരീക്ഷത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഗാര്‍ഹികപീഡനവും കുറ്റകൃത്യങ്ങളും റോഡപകടങ്ങളും കുറയുകയും നിരവധി കുടുംബങ്ങള്‍ക്ക് മനസ്സമാധാനത്തോടെ അന്തിയുറങ്ങാവുന്ന അന്തരീക്ഷം സംജാതമാവുകയും ചെയ്തു.

റവന്യൂ വരുമാനത്തില്‍ വരുന്ന കുറവും ടൂറിസം വികസനവും മദ്യമേഖലയിലെ തൊഴില്‍ നഷ്ടവുമാണ് പൂട്ടിയ മദ്യഷാപ്പുകളും കള്ളുഷാപ്പുകളും തുറക്കുന്നതിന് സര്‍ക്കാര്‍ പറയുന്ന ന്യായീകരണം. എന്നാല്‍ മദ്യനിരോധം മൂലം നഷ്ടമാക്കുന്നത് ഏതാനും ആയിരങ്ങളുടെ തൊഴിലാണെങ്കില്‍ ഇതുവഴി സമാധാനം തിരിച്ചുകിട്ടുന്നത് ലക്ഷക്കണക്കിന് കുടുംബങ്ങളിലാണെന്ന കാര്യം സര്‍ക്കാര്‍ വിസ്മരിക്കരുത്. ടൂറിസം വികസനം മദ്യം വിളമ്പാതെയും നടക്കും. മദ്യം കഴിച്ചു മദോന്മത്തരാകാനല്ല, കേരളത്തിന്റെ അനുഗൃഹീതമായ പ്രകൃതി ഭംഗിയും ചരിത്രശേഷിപ്പുകളും കണ്ടാസ്വദിക്കാനാണ് വിനോദ സഞ്ചാരികള്‍ വരുന്നത്. മദ്യത്തില്‍ നിന്നും ലഭിക്കുന്ന വരവിനേക്കാള്‍ കൂടിയ തുകയാണ് മദ്യവും ലഹരി പദാര്‍ഥങ്ങളും സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ക്കായി സര്‍ക്കാര്‍ ചെലവഴിക്കേണ്ടി വരുന്നത്.

യഥാര്‍ഥത്തില്‍ വരുമാനവും തൊഴിലുമൊന്നുമല്ല, സാധാരണക്കാരെ കുരുതി കൊടുത്ത് തടിച്ചുകൊഴുക്കുന്ന മദ്യ രാജാക്കന്മാരുടെയും ബാര്‍ ഉടമകളുടെയും സമ്മര്‍ദമാണ് മദ്യവിതരണം ഉദാരമാക്കാനുള്ള അധികൃതരുടെ തത്രപ്പാടിന് പിന്നില്‍. മിക്ക രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും മദ്യലോബിയുമായി അടുത്ത ബന്ധമാണുള്ളത്. പാര്‍ട്ടി ഫണ്ടിലേക്കു മദ്യമേഖലയില്‍ നിന്ന് നല്ലൊരു വിഹിതം എത്തുന്നുണ്ട്. നേതാക്കളുടെ സ്വകാര്യ ഇടപാടുകള്‍ വേറെയും. ബാറുകള്‍ തുറക്കാന്‍ ഉടമകള്‍ ചില നേതാക്കള്‍ക്ക് ‘കാണിക്ക’ വെച്ച കോടികളുടെ കണക്കുകള്‍ ഇതിനിടെ വെളിച്ചത്തു വന്നതാണല്ലോ.

രാഷ്ട്രീയക്കാരും മദ്യലോബികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും മദ്യം സൃഷ്ടിക്കുന്ന സാമൂഹിക വിപത്തുമൊക്കെ കോടതികള്‍ക്ക് നന്നായി അറിയാകുന്നതാണ്. എന്നിട്ടും സര്‍ക്കാറിന്റെ ആവശ്യങ്ങള്‍ അപ്പടി അംഗീകരിച്ചു കൊടുക്കുന്നതാണ് വിരോധാഭാസം. സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയല്ല, തിരുത്തുകയാണ് കോടതികളുടെ ബാധ്യത. മദ്യഷാപ്പുകളുടേയും ബാറുകളുടേയും എണ്ണം നിയന്ത്രിക്കാനുള്ള ഉത്തരവാണ് സാധാരണക്കാരും സമാധാന ജീവിതം കൊതിക്കുന്നവരും കോടതികളില്‍ നിന്ന് ആഗ്രഹിക്കുന്നത്. ബാറുകള്‍ തുറക്കാത്തതില്‍ കോടതിക്ക് ഒരാശങ്കയുമില്ലെന്നും കച്ചവടം ചെയ്യാനുള്ള പൗരാവകാശത്തിന്റെ പരിധിയില്‍ പെടുത്തേണ്ടതല്ല ബാറുകളുടെ പ്രവര്‍ത്തനമെന്നുമായിരുന്നു നിലവാരമില്ലാത്ത ബാറുകള്‍ അടച്ചതിനെതിരെ സമര്‍പ്പിച്ച ഹരജിയില്‍ 2014 ജൂലൈ 9ന് സംസ്ഥാന ഹൈക്കോടതി പ്രസ്താവിച്ചത്. ബാറുകള്‍ തുറക്കാത്തതിന്റെ പേരില്‍ ആരും മരിക്കാന്‍ പോകുന്നില്ല. മദ്യം ബാറുടമകള്‍ക്കാണ് പ്രധാനപ്പെട്ടതാകുന്നത്. പൊതുജനത്തിനല്ലെന്നും കോടതി പറഞ്ഞു വെച്ചു. ഈ നിരീക്ഷണത്തിന്റെ അന്തസ്സത്തക്ക് എതിരാണ് സുപ്രീം കോടതിയുടെ ഇപ്പോഴത്തെ വിധി പ്രസ്താവങ്ങള്‍.

പൊതുശത്രു എന്ന നിലയില്‍ മദ്യത്തിന്റെ ലഭ്യത കുറച്ചും നിരോധിച്ചും അത് ഇല്ലായ്മ ചെയ്യുകയാണ് ഇന്നിന്റെ ആവശ്യം. രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യവും ധാര്‍മിക മൂല്യങ്ങളും കാത്തു സൂക്ഷിക്കാനും കുടുംബത്തില്‍ സമാധാനവും ബന്ധങ്ങളിലെ കെട്ടുറപ്പിനും ഇതാവശ്യമാണ്. ഭരണഘടന മദ്യനിരോധത്തെ മാര്‍ഗ നിര്‍ദേശക തത്വത്തില്‍ ഉള്‍പ്പെടുത്തിയതും ഇതുകൊണ്ടാണ്.