ധീരമായ ഒരു ബഹിഷ്‌കരണം

ലോകത്താകെ നടക്കുന്ന ശാസ്ത്രഗവേഷണങ്ങളിലെല്ലാം ഇസ്‌റാഈലിന്റെ അപ്രതിരോധ്യമായ മുന്‍കൈ ഉണ്ടെന്ന് സ്റ്റീഫന്‍ ഹോക്കിംഗിനറിയാമായിരുന്നു. തന്റെ ബഹിഷ്‌കരണത്തിന് വലിയ മാനങ്ങളും പ്രഹരശേഷിയുമുണ്ടെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. എന്നിട്ടും ജറൂസലമിലെ 'ഫേസിംഗ് ടുമോറോ' സമ്മേളനത്തിന് ഇസ്‌റാഈലിലേക്ക് പോകേണ്ടെന്നാണ് അന്നദ്ദേഹം തീരുമാനിച്ചത്. പങ്കെടുക്കില്ലെന്ന് ഹോക്കിംഗ് ഇസ്‌റാഈല്‍ പ്രസിഡന്റ് ഷിമോണ്‍ പെരസിനെ നേരിട്ട് അറിയിക്കുകയും ചെയ്തു.
Posted on: March 15, 2018 6:06 am | Last updated: March 15, 2018 at 8:18 pm
SHARE

വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് തന്റെ രാഷ്ട്രീയത്തെ എങ്ങനെ ആവിഷ്‌കരിച്ചു എന്നു വ്യക്തമാക്കുന്ന ആ ജീവിത്തിലെ ഒരു കീറ് ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. ഇരകള്‍ക്കും അപലര്‍ക്കുമൊപ്പം നിന്ന് ശാസ്ത്രത്തിന്റെ നീതിയെ അദ്ദേഹം പ്രയോഗവത്കരിച്ചത് ഒരു ബഹിഷ്‌കരണത്തിലൂടെയായിരുന്നു. ശാസ്ത്ര ലോകത്തിന്റെ സാമ്പ്രദായിക രസതന്ത്രത്തിന് അപ്പുറമായിരുന്നു ആ നിലപാട്. അതിന് ഐന്‍സ്റ്റീന്റെ മുന്‍ മാതൃകയുണ്ടായിരുന്നെങ്കിലും  പില്‍ക്കാലത്ത് വ്യാപകമായ തുടര്‍ച്ചകളുണ്ടായിരുന്നില്ല.  2013 ജൂണ്‍ എട്ടിന് ജറൂസലമിലെ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ‘ഫേസിംഗ് ടുമോറോ’ എന്ന സമ്മേളനത്തിനുള്ള ക്ഷണം നിരസിച്ചുകൊണ്ടാണ് ഹോക്കിംഗ് ധീരമായ ബഹിഷ്‌കരണത്തിന് തയ്യാറായത്. ബി ഡി എസ് (ബോയ്‌കോട്ട്, ഡിവസ്റ്റ്‌മെന്റ്, സാന്‍ക്ഷന്‍) പ്രസ്ഥാനത്തിന്റെ ഭാഗമായി നിരവധി കലാകാരന്‍മാരും വിദ്യാഭ്യാസ വിചക്ഷണരും സാഹിത്യകാരന്‍മാരും മനുഷ്യാവകാശ പ്രവര്‍ത്തകരുമൊക്കെ ഇസ്‌റാഈല്‍ ദൗത്യങ്ങളെ ബഹിഷ്‌കരിച്ചിട്ടുണ്ട്. എന്നാല്‍, അന്ന് ആദ്യമായായിരുന്നു ശാസ്ത്രരംഗത്ത് നിന്ന് ഇത്രയും ശക്തമായ പ്രഹരം ഇസ്‌റാഈലിന് ലഭിക്കുന്നത്. ഹീബ്രു സര്‍വകലാശാലയിലാണ് പരിപാടി നടക്കുന്നത്. ഇസ്‌റാഈല്‍ പ്രസിഡന്റ് ശിമോണ്‍ പെരസ് തന്നെയാണ് സമ്മേളനത്തിന്റെ മുഖ്യ സംഘാടകന്‍. ‘ലോക നേതാക്ക’ളായ ബില്‍ ക്ലിന്റണും ടോണി ബ്ലെയറും നിക്കോളാസ് സര്‍ക്കോസിയുമൊക്കെ വരുന്നുണ്ട്. ഇസ്‌റാഈലിലെ ശാസ്ത്ര, സാങ്കേതിക മുന്നേറ്റങ്ങളെയും കലാ സാഹിത്യ ധാരകളെയും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം.

ബി ഡി എസ് പ്രവര്‍ത്തകര്‍ ഹോക്കിംഗിനോട് അഭ്യര്‍ഥിച്ചു: അങ്ങ് ഫേസിംഗ് ടുമാറോക്ക് വരരുത്. ഫലസ്തീന്‍ ജനതയോട് ജൂതരാഷ്ട്രം കാണിക്കുന്ന ക്രൂരതകള്‍ അവര്‍ ഹോക്കിംഗിന് മുന്നില്‍ വെച്ചു. സ്വന്തം മണ്ണില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട ജനതയുടെ വേദന അവര്‍ പങ്കുവെച്ചു. ഈ സമ്മേളനം നടക്കുന്ന കണ്‍വെന്‍ഷന്‍ സെന്റര്‍ പണിതിരിക്കുന്നത് തന്നെ അധിനിവേശ ഭൂമിയിലാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.തീരുമാനമെടുക്കും മുമ്പ് സ്റ്റീഫന്‍ ഹോക്കിംഗ് പലതും പരിഗണിച്ചിട്ടുണ്ടാകണം. ഇസ്‌റാഈല്‍ ഇന്ന് ശക്തമായൊരു രാഷ്ട്രമാണെന്ന വര്‍ത്തമാനവും നാടില്ലാത്ത ജനതയുടെ നാടാണെന്ന ചരിത്രപരമായ പ്രചാരണവും അദ്ദേഹം കണക്കിലെടുത്തിട്ടുണ്ടാകണം. ലോകത്താകെ നടക്കുന്ന ശാസ്ത്രഗവേഷണങ്ങളിലെല്ലാം ഇസ്‌റാഈലിന്റെ അപ്രതിരോധ്യമായ മുന്‍കൈ ഉണ്ടെന്നും അദ്ദേഹത്തിനറിയാം. തന്റെ ബഹിഷ്‌കരണത്തിന് വലിയ മാനങ്ങളും പ്രഹരശേഷിയുമുണ്ടെന്നും അദ്ദേഹം തിരിച്ചറിയുന്നുണ്ട്. എന്നിട്ടും ഇസ്‌റാഈലിലേക്ക് പോകേണ്ടെന്നാണ് അന്നദ്ദേഹം തീരുമാനിച്ചത്. തന്റെ തീരുമാനം അദ്ദേഹം പെരസിനെ നേരിട്ട് അറിയിക്കുകയും ചെയ്തു.

ശാസ്ത്ര ലോകത്ത് നിന്നുള്ള ഈ ശക്തമായ പ്രഹരമേറ്റ് ഇസ്‌റാഈല്‍ അക്ഷരാര്‍ഥത്തില്‍ പ്രകോപിതമായി. ബഹിഷ്‌കരണം സംവാദത്തിന്റെ നേര്‍ വിപരീതമാണെന്നും കാടത്തമാണെന്നും സിയോണിസ്റ്റ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. ഇത്ര വലിയൊരു ശാസ്ത്ര പ്രതിഭയോട് കാണിക്കേണ്ട മര്യാദയുടെ കണിക പോലും ആ പ്രതികരണങ്ങളിലില്ലായിരുന്നു. സംസാരിക്കാന്‍ ധൈര്യമില്ലാത്തവരാണ് ബഹിഷ്‌കരിക്കുന്നതെന്ന് അവര്‍ കെറുവി കൊണ്ടു. പക്ഷേ, ഹോക്കിംഗിന്റെ വിസമ്മതം വലിയ സംവാദത്തിന് തിരികൊളുത്തിയെന്നതാണ് യാഥാര്‍ഥ്യം. അങ്ങനെ ഇസ്‌റാഈലിന്റെ ഓരോ നിഗൂഢ ലക്ഷ്യവും ബന്ധവും അജന്‍ഡയും ചര്‍ച്ചയായി. ഇസ്‌റാഈലിന്റെ ‘സുന്ദര മുഖം’ പ്രദര്‍ശിപ്പിക്കാനുള്ള പരസ്യപ്പലകമായി എന്തിന് നിന്ന് കൊടുക്കണമെന്ന് ശാസ്ത്ര ലോകത്ത് നിന്നടക്കം കൂടുതല്‍ പേര്‍ ചിന്തിച്ചു തുടങ്ങി. ഹോക്കിംഗിന്റെ നിശ്ശബ്ദമായ പ്രതികരണം കൂടുതല്‍ പേരെ പ്രചോദിപ്പിക്കുന്നു. ബ്രിയാന്‍ ഇനോ തൊട്ട് ആലിസ് വാക്കര്‍ വരെയുള്ള ഗായകരും എഴുത്തുകാരും കലാകാരന്‍മാരും ഇസ്‌റാഈലിനോട് വിസമ്മതം പ്രഖ്യാപിച്ചു.
ഇസ്‌റാഈലിന്റെ ശാസ്ത്ര പുരോഗതി പ്രത്യേകം വിശകലനവിധേയമായെന്നതാണ് ഹോക്കിംഗിന്റെ ബഹിഷ്‌കരണ തീരുമാനത്തിന്റെ മറ്റൊരു തലം. ജൂതരാഷ്ട്രത്തിന്റെ ശാസ്ത്ര നേട്ടങ്ങളില്‍ നല്ല പങ്കും സൈനിക ശേഷിയുമായി ബന്ധപ്പെട്ടതാണെന്ന് ലോകം തിരിച്ചറിഞ്ഞു. നിരപരാധികളെ കൊന്നൊടുക്കാന്‍ അമേരിക്ക ഉപയോഗിക്കുന്ന ആളില്ലാവിമാനങ്ങള്‍ നിര്‍മിക്കുന്നത് ഇസ്‌റാഈലിലാണ്. സിറിയന്‍ വിമതരുടെ കൈയില്‍ എത്തിയിരിക്കുന്ന മാരക രാസായുധങ്ങള്‍ മുഴുവന്‍ ഇസ്ഈലിന്റെ ‘മഹത്തായ നേട്ട’ങ്ങളാണ്. ഫലസ്തീന്‍ പ്രക്ഷോഭത്തെ എങ്ങനെ നേരിടാമെന്ന ഗവേഷണത്തിലാണ് അവിടുത്തെ സോഷ്യോളജിസ്റ്റുകളും സൈക്കോളജിസ്റ്റുകളും. ഇസ്‌റാഈല്‍ ഡിഫന്‍സ് ഫോഴ്‌സിലെ ഉദ്യോഗസ്ഥര്‍ക്ക് അധിനിവേശ തന്ത്രങ്ങള്‍ ഉപദേശിക്കലാണ് ഇവരുടെ പ്രധാന ചുമതല. വിധ്വംസക പ്രവര്‍ത്തനത്തിന് ശാസ്ത്രജ്ഞരെ ഉപയോഗിക്കുന്നതില്‍ അമേരിക്കക്കും മുമ്പിലാണ് ഇസ്‌റാഈല്‍. ഇത്തരം കാര്യങ്ങളൊക്കെ ചര്‍ച്ചയിലേക്ക് കൊണ്ടുവരാന്‍ ആ ഒരൊറ്റ ബഹിഷ്‌കരണത്തിന് സാധിച്ചു.

ഇസ്‌റാഈലിനകത്തും ചെറു ചലനങ്ങള്‍ നടന്നു. വലിയ ഭൂകമ്പമായി മാറാവുന്ന ചലനങ്ങള്‍. കുപ്രസിദ്ധ സയണിസ്റ്റ് സൈദ്ധാന്തികന്‍ ബെന്‍ ഗുറിയോണിന്റെ പേരിലുള്ള രാഷ്ട്രതന്ത്ര സ്ഥാപനം പുറത്തിറക്കിയ പ്രബന്ധ സമാഹാരത്തില്‍ രാജ്യത്ത് ശക്തമായ വംശവിവേചനം നിലനില്‍ക്കുന്നുവെന്നും തീര്‍ത്തും ജനാധിപത്യവിരുദ്ധമാണ് രാഷ്ട്രീയ ഘടനയെന്നും വിശദമായി പ്രതിപാദിച്ചു. സ്ഥാപനം അടച്ചുപൂട്ടാനുള്ള ഉത്തരവിറക്കിയാണ് ഇതിനോട് ഇസ്‌റാഈല്‍ ഭരണകൂടം പ്രതികരിച്ചത്. ഉത്തരവിനെതിരെ രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ വിദഗ്ധര്‍ രംഗത്തെത്തിയതോടെ തീരുമാനം തത്കാലം മരവിപ്പിക്കേണ്ടിവന്നു. മാനസികമായ ആക്രമണമാണ് ബഹിഷ്‌കരണവും നിസ്സഹകരണവും. ശക്തമായ ഒരു സംവിധാനത്തോടാകുമ്പോള്‍ അത് ശ്രമകരമാണ്. അത്തരമൊരു വലിയ ദൗത്യമാണ് തന്റെ നിലപാടിലൂടെ സ്റ്റീഫന്‍ ഹോക്കിംഗ് നിര്‍വഹിച്ചത്. ആരോഗ്യ മേഖലയിലെ സ്വകാര്യവത്കരണത്തിനെതിരെ വാദിച്ചു അദ്ദേഹം. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ട്രംപിന്റെ നയങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞു. ശാസ്ത്രപുരോഗതിയെ പിന്നോട്ടടിപ്പിക്കുമെന്നതിനാല്‍, ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ നിന്ന് പിന്‍വാങ്ങരുത് എന്ന കാഴ്ചപ്പാടുകാരനായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗ്. ബഹിഷ്‌കരണത്തിന്റെ ആ തുടര്‍ച്ച തന്നെയാണ് അദ്ദേഹത്തെ ഇത്തരം നിലപാടുകളിലുമെത്തിച്ചത്. സ്റ്റീഫന്‍ ഹോക്കിംഗിന്റെ കണ്ടെത്തലുകള്‍ക്കൊപ്പം എന്നും ചരിത്രത്തിലിടം പിടിക്കുന്നതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളും.

LEAVE A REPLY

Please enter your comment!
Please enter your name here