ഐ സി സി വിടുമെന്ന് ഫിലിപ്പൈന്‍സ് 

മയക്കുമരുന്ന് 'വേട്ട' അന്താരാഷ്ട്ര നീതിന്യായ കോടതി അന്വേഷിക്കും
Posted on: March 15, 2018 6:00 am | Last updated: March 14, 2018 at 10:08 pm
SHARE

മനില: അന്താരാഷ്ട്ര നീതിന്യായ കോടതി(ഐ സി സി)യില്‍ നിന്ന് പുറത്തുപോകുമെന്ന് ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്‌റിഗോ ഡൂടര്‍തെയുടെ മുന്നറിയിപ്പ്. മയക്കുമരുന്നിനെതിരെ എന്ന പേരില്‍ ഫിലിപ്പൈന്‍സ് സര്‍ക്കാര്‍ നടത്തിയ മനുഷ്യത്വവിരുദ്ധ നടപടികളെ കുറിച്ച് അന്വേഷിക്കുമെന്ന് ഐ സി സി പ്രഖ്യാപിച്ച് ഒരാഴ്ച കഴിയുമ്പോഴാണ് മുന്നറിയിപ്പുമായി പ്രസിഡന്റ് രംഗത്തെത്തിയിരിക്കുന്നത്.

ഹേഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് നിയമപരിപാലനാധികാരം ഇല്ലെന്നും തന്റെ മേല്‍ നിയമപരിപാലനം നടത്താന്‍ ആ സംഘനടക്ക് ആകില്ലെന്നും റോഡ്‌റിഗോ ഒപ്പുവെച്ച ഒരു പ്രസ്താവനയില്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. അന്താരാഷ്ട്ര നീതിന്യായ കോടതി പരിപാലിച്ചുപോരുന്ന കരാര്‍ ഫിലിപ്പൈന്‍സിനെ സംബന്ധിച്ചിടത്തോളം ഫലപ്രദമല്ല. അന്താരാഷ്ട്ര തലത്തിലുള്ള ഒരു നിയമത്തിന് ഒരിക്കലും ഒരു രാജ്യത്തിന്റെ നിയമത്തെ വെല്ലുവിളിക്കാനോ തകര്‍ക്കാനോ ആകില്ല. മയക്കുമരുന്നു രാജാക്കന്‍മാര്‍ക്കെതിരെ ഫിലിപ്പൈന്‍സ് പ്രഖ്യാപിച്ച യുദ്ധത്തിന്റെ പേരില്‍ ഐ സി സി നടത്തുന്ന അന്വേഷണം പലതിന്റെയും ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, അന്താരാഷ്ട്ര നീതിന്യായ കോടതിയുമായുള്ള കരാര്‍ പ്രകാരം, ഒരു രാജ്യത്തിന് ഈ കോടതിയുടെ അധികാര പരിധിയില്‍ നിന്ന് പുറത്തുപോകണമെങ്കില്‍ ഒരു വര്‍ഷം മുമ്പ് പിന്‍വാങ്ങുന്നത് സംബന്ധിച്ച് യു എന്‍ സെക്രട്ടറി ജനറലിന് നോട്ടീസ് നല്‍കണം. അതുപോലെ, ഒഴിഞ്ഞുപോകുന്ന രാജ്യത്തിനെതിരെ നിലവില്‍ കോടതിയില്‍ കേസുകളുണ്ടെങ്കിലും ഐ സി സിയുടെ അധികാരപരിധിയില്‍ നിന്ന് ആ രാജ്യത്തിന് ഒഴിഞ്ഞുമാറാനാകില്ലെന്നും വ്യവസ്ഥയുണ്ട്. എന്നാല്‍ ഫിലിപ്പൈന്‍സ് സര്‍ക്കാറിനെ ഐ സി സിയില്‍ ഒപ്പ് വെപ്പിക്കുന്ന നടപടിയിലും ചില കള്ളക്കളികള്‍ നടന്നതായി ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്‌റിഗോ ആരോപിക്കുന്നു. അതുകൊണ്ട് തന്നെ വ്യവസ്ഥകളില്‍ നിന്ന് വ്യത്യസ്തമായി ഫിലിപ്പൈന്‍സിന് എത്രയും വേഗം ഐ സി സിയില്‍ നിന്ന് പുറത്തുപോകാമെന്നും അദ്ദേഹം പറയുന്നു.
റോഡ്‌റിഗോ അധികാരത്തില്‍ വന്ന ശേഷം നടത്തിയ മയക്കുമരുന്നുവിരുദ്ധ യുദ്ധത്തില്‍ രണ്ടായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. ഇവ സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് അടുത്തിടെ ഐ സി സി പ്രഖ്യാപിച്ചിരുന്നു.