ഇന്ത്യ ഫൈനലില്‍

Posted on: March 14, 2018 8:43 pm | Last updated: March 14, 2018 at 11:48 pm
ബംഗ്ലാദേശിനെതിരെ 89 റണ്‍സെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ബാറ്റിംഗ്‌

കൊളംബോ: നിദാബാസ് ത്രിരാഷ്ട്ര ട്വന്റി20 ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഫൈനലില്‍. ബംഗ്ലാദേശിനെ പതിനേഴ് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്.

ടോസ് ജയിച്ച ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. ക്യാപ്റ്റന്‍ രോഹിത്ശര്‍മയുടെ (89)യും ശിഖര്‍ ധവാന്‍ (35), സുരേഷ് റെയ്‌ന (47) എന്നിവരുടെയും മികവില്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സടിച്ചു. ബംഗ്ലാദേശിന്റെ മറുപടി 20 ഓവറില്‍ ആറ് വിക്കറ്റിന് 159ല്‍ അവസാനിച്ചു.

61 പന്തുകളില്‍ നിന്നാണ് രോഹിത് ശര്‍മയുടെ മാന്‍ ഓഫ് ദ മാച്ച് ഇന്നിംഗ്‌സ്. അഞ്ച് ഫോറും അഞ്ച് കൂറ്റന്‍ സിക്‌സറുകളുമായി രോഹിത് കളം വാണു. അവസാന ഓവറിലെ അവസാന പന്തിലാണ് രോഹിത് ഔട്ടായത്. ഓപണിംഗില്‍ രോഹിതിന് കൂട്ടായെത്തിയ ധവാന്‍ പതിവ് പോലെ ഫോമിലായിരുന്നു. 27 പന്തുകളില്‍ അഞ്ച് ഫോറും ഒരു സിക്‌സറും ഉള്‍പ്പടെ 35 റണ്‍സെടുത്ത ധവാനെ റുബെല്‍ ഹുസൈന്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. സുരേഷ് റെയ്‌ന അവസാന ഓവറുകളില്‍ ആഞ്ഞടിച്ചു. മുപ്പത് പന്തുകളില്‍ അഞ്ച് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു റെയ്‌നയുടെ ഇന്നിംഗ്‌സ്. ദിനേശ് കാര്‍ത്തിക് രണ്ട് റണ്‍സുമായി പുറത്താകാതെ നിന്നു.

ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത് വാഷിംഗ്ടണ്‍ സുന്ദറാണ്. നാല് ഓവറില്‍ 22 റണ്‍സിന് മൂന്ന് വിക്കറ്റ്. മുഹമ്മദ് സിറാജ്, ഥാക്കൂര്‍, ചാഹല്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.