ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസ്: കക്ഷി ചേരാനുള്ള ഹരജികള്‍ തള്ളി

തള്ളിയത് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ ഉള്‍പ്പെട്ട ബെഞ്ച്    
Posted on: March 14, 2018 7:59 pm | Last updated: March 15, 2018 at 10:34 am
SHARE

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ കക്ഷി ചേരാനുള്ള എല്ലാ അപേക്ഷകളും സുപ്രീം കോടതി തള്ളി. കേസില്‍ മൂന്നാം കക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച 32 ഹരജികളാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അബ്ദുന്നസീര്‍, അശോക്ഭൂഷണ്‍ എന്നിവരടങ്ങിയ ബഞ്ച് തള്ളിയത്. ബി ജെ പി നേതാവ് സുബ്രഹ്മണ്യം സ്വാമി, സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ്, ശ്യാം ബെനഗല്‍, അപര്‍ണാ സെന്‍ എന്നിവരുടെ ഹരജികളും തള്ളിയവയില്‍ ഉള്‍പ്പെടും.

കേസില്‍ അലഹബാദ് ഹൈക്കോടതിയിലെ കേസില്‍ കക്ഷികളായിരുന്നവരുടെ വാദം മാത്രമേ പരിഗണിക്കൂ എന്ന് കോടതി അറിയിച്ചു. കേസില്‍ മറ്റ് കക്ഷികളെ പരിഗണിക്കരുതെന്ന് നിലവിലെ കക്ഷികളും സിവില്‍ തര്‍ക്കങ്ങളില്‍ മൂന്നാം കക്ഷികളെ ഇടപെടാന്‍ അനുവദിക്കരുതെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലും ഇന്നലെ കോടതിയില്‍ നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കേസില്‍ മൂന്നാം കക്ഷിയാകണമെന്ന് അവശ്യപ്പെട്ട് ബി ജെ പി നേതാവ് സുബ്രഹ്മണ്യം സ്വാമി നല്‍കിയത് ഉള്‍പ്പെടെയുള്ള അപേക്ഷകള്‍ തള്ളിയത്. കേസില്‍ കക്ഷി ചേരാന്‍ താത്പര്യപ്പെട്ട് നല്‍കുന്ന അപേക്ഷകള്‍ സ്വീകരിക്കേണ്ടതില്ലെന്ന് ബഞ്ച് രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

അതേസമയം, മൂന്നാം കക്ഷിയാക്കണമെന്ന സുബ്രഹ്മണ്യം സ്വാമിയുടെ അപേക്ഷ തള്ളിയെങ്കിലും അയോധ്യയില്‍ പ്രാര്‍ഥിക്കാനുള്ള തന്റെ മൗലികാവകാശത്തിന് ഹരജി പുതുക്കി ആവശ്യമായ ബഞ്ചിന് മുന്നില്‍ സമര്‍പ്പിക്കാമെന്ന് കോടതി വ്യക്തമാക്കി. കേസില്‍ സമവായ ശ്രമം നടത്തണമെന്ന വാദം കോടതി അംഗീകരിച്ചില്ല. കോടതി സമവായത്തിന് എതിരല്ല. പുറത്തുള്ള കക്ഷികള്‍ക്ക് സ്വന്തം നിലയില്‍ സമവായ ശ്രമങ്ങള്‍ നടത്തി കേസിലെ കക്ഷികള്‍ അംഗീകരിക്കുന്ന പക്ഷം കോടതിയെ സമീപിക്കാം. എന്നാല്‍, സമവായ നീക്കത്തിന് ആരെയെങ്കിലും ചുമതലപ്പെടുത്താനോ നിര്‍ദേശം നല്‍കാനോ ആകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
അയോധ്യയില്‍ ബാബരി മസ്ജിദ് നിലകൊള്ളുന്ന 2.77 ഏക്കര്‍ വരുന്ന ഭൂമി സുന്നി വഖ്ഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡക്കും രാംലല്ല വിരാജ് മിന്നിനുമായി വിഭജിച്ച് നല്‍കിയ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീലുകളാണ് സുപ്രീം കോടതിക്ക് മുന്നിലുള്ളത്. തികച്ചും ഭൂമിതര്‍ക്കം മാത്രമായാവും അയോധ്യയിലെ ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസ് പരിഗണിക്കുകയെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട രാമായണം, രാമചരിതമാനസം, ഭഗവത്ഗീത ഉള്‍പ്പെടെ മൊത്തം 524 രേഖകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാറിന് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കഴിഞ്ഞ തവണ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും നിര്‍മോഹി അഖാഡക്കുമായി മൂന്നായി വിഭജിക്കണമെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലക്‌നോ ബഞ്ച് 2010 സെപ്തംബര്‍ 30ന് വിധിച്ചിരുന്നു. മൂന്നംഗ ബഞ്ചിന്റെതായിരുന്നു വിധി.

വിധിക്കെതിരെ നിര്‍മോഹി അഖാഡ, ഹിന്ദു മഹാസഭ, ജംഇയ്യത്തുല്‍ ഉലമ ഹിന്ദ്, സുന്നി സെന്‍ട്രല്‍ വഖ്ഫ് ബോര്‍ഡ് തുടങ്ങിയവയുടേതും ഹാഷിം അന്‍സാരിയെന്ന വ്യക്തിയുടേതും ഉള്‍പ്പെടെ 13 ഹരജികളാണ് സുപ്രീം കോടതിയിലുള്ളത്. ഹാഷിം അന്‍സാരി മരിച്ചതിനാല്‍ മകന്‍ ഇക്ബാല്‍ അന്‍സാരിയാണ് ഇപ്പോള്‍ കക്ഷി.