രാജീവ് ഗാന്ധി വധക്കേസ്: ശിക്ഷ റദ്ദാക്കണമെന്ന പേരറിവാളന്റെ ഹരജി തള്ളി

Posted on: March 14, 2018 7:40 pm | Last updated: March 14, 2018 at 7:40 pm

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി എ ജി പേരറിവാളന്‍ സര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. തനിക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്നും അതിനാല്‍ തനിക്കെതിരെ വിചാരണ കോടതി പുറപ്പെടുവിച്ച വിധി തള്ളണമെന്നുമായിരുന്നു പേരറിവാളന്റെ ആവശ്യം.

പേരറിവാളനെ എതിര്‍ത്ത് സി പി ഐ കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി നിലനില്‍ക്കില്ലെന്നും
1999ലെ സുപ്രീംകോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള പേരറിവാളന്റെ ഹര്‍ജി പരിഗണിച്ചാല്‍ മുഴുവന്‍ കേസും പുനഃപരിശോധിക്കേണ്ടിവരുമെന്നും സി ബി ഐ കോടതിയെ അറിയിച്ചിരുന്നു.

പേരറിവാളന് അനുകൂലമായി സിബിഐ അന്വേഷണ സംഘത്തിലുണ്ടായിരുന്ന മുന്‍ ഉദ്യോഗസ്ഥനായ ത്യാഗരാജന്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് വിചാരണ കോടതി ഉത്തരവ് ഉള്‍പ്പെടെ ചോദ്യം ചെയ്ത് പേരറിവാളന്‍ ഹര്‍ജി നല്‍കിയത്. താന്‍ വാങ്ങിക്കൊടുത്ത ഒന്‍പത് വോള്‍ട്ട് ബാറ്ററികള്‍ എന്തിന് വേണ്ടിയാണ് ഉപയോഗിക്കാന്‍ പോകുന്നതെന്ന് അറിയില്ലായിരുന്നുവെന്ന് പേരറിവാളന്‍ കുറ്റസമ്മതമൊഴിയില്‍ പറഞ്ഞത് ഒഴിവാക്കിയാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്ന് ത്യാഗരാജന്‍ വെളിപ്പെടുത്തിയിരുന്നു.