യു പിയില്‍ യോഗിക്ക് അടിപതറുന്നു; ഉപതിരഞ്ഞെടുപ്പില്‍ എസ്പിയുടെ മുന്നേറ്റം

    Posted on: March 14, 2018 1:00 pm | Last updated: March 14, 2018 at 9:28 pm


    ഗോരഖ്പുര്‍:ഉത്തര്‍പ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലും ബിജെപിക്ക് കനത്ത തിരിച്ചടി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടര്‍ച്ചയായി അഞ്ച് തവണ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച ഗോരഘ്പൂരിലും മറ്റൊരു മണ്ഡലമായ ഫുല്‍പൂരിലും ബിജെപിയെ നിലംപരിശാക്കി സമാജ് വാദി പാര്‍ട്ടി വന്‍ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്.

    ഗോരഖ്പൂരില്‍ 25 റൗണ്ട് വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥി 22000ല്‍ അധികം വോട്ടുകള്‍ക്ക് മുന്നിലാണ്. ഫുല്‍പൂരില്‍ 28 റൗണ്ട് വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് 47000ല്‍ അധികം വോട്ടുകളുടെ ലീഡുണ്ട്.

    2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യോഗി ആതിഥ്യനാഥ് മൂന്ന് ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് ജയിച്ച മണ്ഡലമാണ് ഗോരഖ്പൂര്‍. ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യ എം പി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന ഫുല്‍പൂരില്‍ 2014ല്‍ മൂന്ന് ലക്ഷത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചിരുന്നത്.

    ഇത്തവണ രണ്ട് മണ്ഡലങ്ങളിലും ബിഎസ്പി എസ്പിക്ക് പിന്തുണ നല്‍കിയിരുന്നു. പ്രതിപക്ഷ വോട്ടുകളുടെ ഏകീകരണം ഈ രൂപത്തില്‍ സാധ്യമായാല്‍ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിയില്‍ ബിജെപി വന്‍ വെല്ലുവിളി നേരിടുമെന്ന് ഉറപ്പാണ്.