Connect with us

Kerala

ശുഐബ് വധം: സിബിഐ അന്വേഷണത്തിന് സ്‌റ്റേ, സര്‍ക്കാറിന് ആശ്വാസം

Published

|

Last Updated

കൊച്ചി: സജീവ സുന്നി പ്രവര്‍ത്തകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ മട്ടന്നൂരിലെ ശുഐബിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണത്തിന് താത്കാലിക സ്‌റ്റേ. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റേതാണ് സ്‌റ്റേ ഉത്തരവ്. ശുഐബ് വധം സിബിഐ അന്വേഷിക്കണമെന്ന് ഉത്തരവിട്ട സിംഗിള്‍ ബഞ്ച് വിധി ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്. മാര്‍ച്ച് 23ന് വിശദമായ വാദം കേള്‍ക്കും.

കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. പോലീസ് അന്വേഷണം തൃപ്തികരമാണ്. കേസ് ഡയറി പരിശോധിക്കാതെയാണ് സിംഗിള്‍ ബഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്നും സര്‍ക്കാറിന്റെ ഭാഗം കേട്ടില്ലെന്നും ഹരജിയില്‍ ഉന്നയിക്കുന്നു.

ഈ മാസം ഏഴിനാണ് ശുഐബ് വധക്കേസില്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. പോലീസ് അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ചായിരുന്നു ജസ്റ്റിസ് കമാല്‍ പാഷയുടെ ഉത്തരവ്. ശുഐബിന്റെ മാതാപിതാക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്തേണ്ടതുണ്ടെന്നും അതിന് സി ബി ഐ അന്വേഷണം ആവശ്യമാണെന്നുമായിരുന്നു സര്‍ക്കാറിന്റെ ശക്തമായ വാദങ്ങളെ തള്ളി കോടതി ചൂണ്ടിക്കാട്ടിയത്.

Latest