Connect with us

Kerala

എന്‍ഡിഎയിലെ പടലപ്പിണക്കം: ബിഡിജെഎസ് നിലപാട് ഇന്നറിയാം

Published

|

Last Updated

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എന്‍ ഡി എയില്‍ ഉടലെടുത്ത പടലപ്പിണക്കത്തിന് വിരാമം കുറിക്കാന്‍ കഴിയുമോയെന്ന് ഇന്നറിയാം. എന്‍ ഡി എയുമായി ഇടഞ്ഞുനില്‍ക്കുന്ന ബി ഡി ജെ എസിന്റെ സുപ്രധാന യോഗം ഇന്ന് കണിച്ചുകുളങ്ങരയില്‍ ചേരും. എന്‍ ഡി എ മുന്നണി വിടുന്നതടക്കമുളള വിഷയങ്ങളും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകളും ചര്‍ച്ച ചെയ്യാനാണ് അടിയന്തിര യോഗം വിളിച്ചുചേര്‍ത്തിട്ടുള്ളത്.

ബി ജെ പി നേതൃത്വമാകട്ടെ ബി ഡി ജെ എസ് മുന്നണി വിട്ടുപോകില്ലെന്ന ആത്മവിശ്വാസത്തിലാണ്. പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് ഉള്‍പ്പെടെ, ബി ഡി ജെ എസിന് നല്‍കാമെന്നേറ്റ സ്ഥാനങ്ങളൊന്നും നല്‍കാത്തതിലുള്ള കടുത്ത അമര്‍ഷത്തിലാണ് നേതൃത്വം.
ബി ജെ പി അധികാരത്തിലെത്തി നാല് വര്‍ഷമായിട്ടും ബി ഡി ജെ എസിന് വാഗ്ദാനം ചെയ്തതൊന്നും ലഭിക്കാതിരിക്കുകയും ഇടക്കിടെ പ്രഖ്യാപനങ്ങള്‍ നടത്തി പാര്‍ട്ടി നേതൃത്വത്തെ പൊതുജനമധ്യത്തില്‍ അവഹേളിക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷം ഇനിയും അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് നേതൃത്വം. രണ്ട് വര്‍ഷം മുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലടക്കം ബി ഡി ജെ എസിന്റെ ശക്തി ബി ജെ പിക്ക് ബോധ്യപ്പെട്ടിട്ടും അവഹേളനം തുടരുകയാണെന്നും ഇനിയും ഇത് സഹിച്ച് മുന്നണിയില്‍ തുടരാനാകില്ലെന്നുമുള്ള നിലപാടാണ് പൊതുവേ നേതാക്കള്‍ക്കുള്ളത്. ഏറ്റവുമൊടുവില്‍ തുഷാറിനെ യു പി യില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കുമെന്ന് മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ശേഷം സ്ഥാനാര്‍ഥി പട്ടിക വന്നപ്പോള്‍ ഒഴിവാക്കിയത് കടുത്ത അവഹേളനമാണെന്ന് നേതൃത്വം വിലയിരുത്തുന്നു.

എന്നാല്‍ സ്വന്തം സമുദായാംഗം തന്നെയായ ബി ജെ പിയുടെ മുതിര്‍ന്ന നേതാവിനെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുക വഴി ബി ജെ പി ദേശീയ നേതൃത്വം എസ് എന്‍ ഡി പി നേതൃത്വത്തിന്റെ വായടപ്പിക്കുകയും ചെയ്തു. രാജ്യസഭാ സീറ്റ് ആഗ്രഹിച്ചിരുന്നില്ലെന്നും പാര്‍ട്ടിക്ക് നല്‍കാമെന്നേറ്റ ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ നല്‍കാത്തത് അവഹേളനമാണെന്നുമുള്ള നിലപാട് മാറ്റം, ബി ജെ പിക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ബി ഡി ജെ എസിനെ അനുനയിപ്പിക്കാനുള്ള അവസാന വട്ട ശ്രമങ്ങള്‍ ബി ജെ പി സംസ്ഥാന, ദേശീയ നേതൃത്വങ്ങള്‍ നടത്തിവരികയാണ്. ബി ഡി ജെ എസ് മുന്നണി വിടുന്നതോടെ ഗോത്രമഹാ സഭ പോലുള്ള മറ്റു ചില പാര്‍ട്ടികളും മുന്നണി വിടാനുള്ള സാധ്യത കൂടി കണക്കിലെടുത്തുള്ള അനുനയ ശ്രമങ്ങളാണ് ബി ജെ പി നടത്തിവരുന്നത്.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബി ജെ പി ദേശീയ നേതൃത്വത്തിന്റെ അനുനയ ശ്രമങ്ങള്‍ പരാജയപ്പെടുന്ന പക്ഷം, ഇന്നത്തെ യോഗത്തില്‍ എന്‍ ഡി എ വിടുന്നതടക്കമുള്ള കടുത്ത തീരുമാനം ബി ഡി ജെ എസ് കൈക്കൊള്ളുമെന്നാണറിയുന്നത്. അങ്ങിനെ വന്നാല്‍ അത് ബി ജെ പിക്ക് കടുത്ത തിരിച്ചടിയാകുമെന്ന് നേതൃത്വം വിലയിരുത്തുന്നു.അതെസമയം, ബി ഡി ജെ എസ് മുന്നണി ബന്ധം വിഛേദിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് വിലയിരുത്തുന്നവരും ബി ജെ പി നേതൃത്വത്തിലുണ്ട്. ബി ഡി ജെ എസിന്റെ ബന്ധവിഛേദം ചെങ്ങന്നൂരില്‍ നായര്‍ സമുദായ വോട്ടുകളുടെ ഏകീകരണത്തിന് വഴിയൊരുക്കുമെന്നാണ് ഈ വിഭാഗക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

ബി ജെ പിയില്‍ സവര്‍ണാധിപത്യമാണെന്ന വെള്ളാപ്പള്ളിയുടെ ആരോപണവും ചെങ്ങന്നൂരില്‍ തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് ബി ഡി ജെ എസിന്റെ ബന്ധവിഛേദത്തെ അനുകൂലിക്കുന്നവര്‍ ഉയര്‍ത്തിക്കാട്ടുന്നത്.

Latest