Connect with us

Kerala

മികച്ച ഡ്രൈവറാകാന്‍ 'ട്രാഫിക് ഗുരു'

Published

|

Last Updated

പോലീസ് ആസ്ഥാനത്ത് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ “ട്രാഫിക് ഗുരു” മൊബൈല്‍ ആപ്ലിക്കേഷന്റെ ഔപചാരിക പ്രകാശനം നിര്‍വഹിച്ചപ്പോള്‍

തിരുവനന്തപുരം: നിയമങ്ങളൊന്നും തെറ്റിക്കാതെ സുരക്ഷിതമായി വണ്ടിയോടിച്ചാല്‍ ഒരു ബാഡ്ജ് കിട്ടും- ഭയങ്കരന്‍ ഡ്രൈവര്‍. വാഹനമോടിക്കുമ്പോള്‍ അന്‍പത് അപകടങ്ങള്‍ വരുത്തിയാല്‍ കിട്ടുക മറ്റൊരു ബാഡ്ജാണ്- ചതിയന്‍ ചന്തു. സുരക്ഷിത ഡ്രൈവിംഗ് രീതികളും ട്രാഫിക് നിയമങ്ങളും സ്വായത്തമാക്കാന്‍ കേരള പോലീസ് പുറത്തിറക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ട്രാഫിക് ഗുരുവാണ് ഈ മുദ്രകള്‍ നല്‍കുന്നത്. രസകരങ്ങളായ മറ്റ് നിരവധി ബാഡ്ജുകളും ഈ ത്രീഡി വീഡിയോ ഗെയിം കളിക്കുന്നവര്‍ക്ക് ലഭിക്കും. കാറുകള്‍ പൂര്‍ത്തിയാക്കി ട്രക്കുകള്‍ ഓടിക്കാന്‍ കഴിയുന്നവര്‍ക്ക് പുലി മുരുകന്‍, അഞ്ഞൂറ് കിലോമീറ്റര്‍ യാത്ര പൂര്‍ത്തിയാക്കിയാല്‍ നാടോടി. എല്ലാ പാഠങ്ങളും സൂക്ഷ്മതയോടെ അഭ്യസിക്കുന്നവര്‍ക്കും എല്ലാതരം കാറുകളും ഓടിച്ചുതീര്‍ത്തവര്‍ക്കുമൊക്കെ ഇങ്ങനെ ബഹുമതി മുദ്രകളുണ്ട്.

സുരക്ഷിത ഡ്രൈവിംഗ് മാത്രമല്ല, കൃത്യമായ റോഡ് നിയമങ്ങള്‍ ഹൃദിസ്ഥമാക്കാനും ഈ ആപ്ലിക്കേഷന്‍ സഹായിക്കും. രസകരമായ വീഡിയോ ഗെയിമായി ഉപയോഗിക്കാവുന്ന ഈ ആപ്പ് കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും മാത്രമല്ല സുരക്ഷിത ഡ്രൈവിംഗില്‍ മെച്ചപ്പെടണമെന്ന് ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഏറെ പ്രയോജനപ്രദമാണ്.

പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ട്രാഫിക് ഗുരുവിന്റെ ഔപചാരിക പ്രകാശന കര്‍മം നിര്‍വഹിച്ചു. റോഡപകടങ്ങള്‍ കുറക്കാനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഈ സംരംഭമെന്നും ചെറുപ്പക്കാര്‍ക്കു മാത്രമല്ല, നന്നായി വാഹനമോടിക്കുന്നവര്‍ക്കും കഴിവുകള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെറുപ്പത്തിലേ ഈ രസകരമായ വീഡിയോ ഗെയിം കളിക്കുന്ന ഒരു കുട്ടി പ്രായപൂര്‍ത്തിയായി വാഹനമോടിക്കുമ്പോള്‍ നിയമങ്ങളിലെല്ലാം പൂര്‍ണമായി അറിവുണ്ടാകുമെന്ന് ഇതിന്റെ രൂപകല്‍പ്പനക്ക് നേതൃത്വം നല്‍കിയ എ ഡി ജി പി നിതിന്‍ അഗര്‍വാള്‍ പറഞ്ഞു. കേരള പോലീസിന്റെ നിര്‍ദേശാനുസരണം റെയിന്‍ കണ്‍സര്‍ട്ട് ടെക്‌നോളജീസിന്റെ സാങ്കേതിക സഹായത്തോടെ സിഡ്‌കോയാണ് പദ്ധതി ഏറ്റെടുത്ത് നടപ്പാക്കിയത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഐ ഒ എസ് പ്ലാറ്റ്‌ഫോമില്‍ നിന്നും ട്രാഫിക് ഗുരു ഡൗണ്‍ലോഡ് ചെയ്യാം.