പൊതുഇടങ്ങളില്‍ കുടിവെള്ള സംഭരണികള്‍ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Posted on: March 14, 2018 6:25 am | Last updated: March 14, 2018 at 12:00 am

തിരുവനന്തപുരം: വേനല്‍ചൂട് കടുത്ത പശ്ചാത്തലത്തില്‍ ജനങ്ങള്‍ വന്നുപോകുന്ന പ്രധാന സ്ഥലങ്ങളില്‍ സര്‍ക്കാറോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ കുടിവെള്ള സംഭരണികള്‍ സ്ഥാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ചീഫ് സെക്രട്ടറിയും ആരോഗ്യ, ജലവിഭവ, തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാരും അടിയന്തര നടപടികള്‍ സ്വീകരിച്ച ശേഷം ഏപ്രില്‍ നാലിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ ആക്ടിംഗ് അധ്യക്ഷന്‍ പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.

രാജഭരണകാലത്ത് പ്രധാന ജംഗ്ഷനുകളില്‍ മണ്‍കലങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കിയിരുന്ന കാര്യം ഓര്‍ക്കണം. വേനല്‍ക്കാലത്ത് ശുദ്ധജലം നല്‍കിയിരുന്ന പഞ്ചായത്ത്, മുനിസിപ്പല്‍ പ്രദേശത്തെ കുടിവെള്ള പൈപ്പുകളില്‍ 90 ശതമാനവും പ്രവര്‍ത്തിക്കുന്നില്ലെന്ന് മനുഷ്യാവകാശപ്രവര്‍ത്തകനായ പി കെ രാജു ഹരജിയില്‍ പറഞ്ഞു. ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷന്‍, സ്‌കൂളുകള്‍, കോളനികള്‍, ബസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ കുടിവെള്ള സംഭരണികള്‍ നിര്‍ബന്ധമായും സ്ഥാപിക്കണമെന്നാണ് ആവശ്യം.