Connect with us

National

പാതയോരത്തെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാം: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ദേശീയ, സംസ്ഥാന പാതയോരത്തെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാമെന്ന് സുപ്രീം കോടതി. പഞ്ചായത്തുകളില്‍ മദ്യഷാപ്പിന് ഇളവ് നല്‍കിയ വിധിയില്‍ കള്ളുഷാപ്പുകളും ഉള്‍പ്പെടുമെന്നും ഏതൊക്കെ കള്ളുഷാപ്പുകള്‍ തുറക്കാമെന്ന് സര്‍ക്കാറിന് തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചിഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, അമിതാവ് റോയ് എന്നിവരടങ്ങിയ ബഞ്ചാണ് കള്ളുഷാപ്പുകള്‍ക്കും ഇളവ് ബാധകമാണെന്ന വിധിയില്‍ വ്യക്തത വരുത്തിയത്. അതേസമയം, കള്ള് മദ്യമാണോ അല്ലയോ എന്ന് കോടതി വ്യക്തമാക്കിയില്ല. ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലകള്‍ക്ക് നിരോധം ഏര്‍പ്പെടുത്തിയ വിധിയില്‍ നേരത്തെ സുപ്രീം കോടതി ഇളവ് വരുത്തിയിരുന്നു. ഈ വിധിയില്‍ കള്ളുഷാപ്പുകളെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളിലാണ് കോടതി ഉത്തരവ്.

പാതയോരങ്ങളിലെ കള്ളുഷാപ്പുകള്‍ മാറ്റിസ്ഥാപിക്കുന്നതിലുള്ള പ്രായോഗികബുദ്ധിമുട്ടുകള്‍ വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറിനോട് ബഞ്ച് നിര്‍ദേശിച്ചിരുന്നു. കേരളത്തില്‍ നിലവില്‍ അഞ്ഞൂറിലധികം കള്ളുഷാപ്പുകളാണ് പൂട്ടികിടക്കുന്നതെന്നും വിവിധ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും സത്യവ്ങമൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇളവ് കള്ളുഷാപ്പുകള്‍ക്ക് കൂടി ബാധമാകുന്നതോടെ സംസ്ഥാനത്ത് വലിയൊരു ശതമാനവും പുനഃസ്ഥാപിക്കപ്പെടും.

നേരത്തെ മുനിസിപാലിറ്റികളിലെയും നഗര മേഖലകളിലെയും മദ്യശാലകള്‍ തുറക്കാമെന്നാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. പട്ടണത്തിന്റെ സ്വഭാവമുള്ള പഞ്ചായത്തുകള്‍ക്കും ഇളവുകള്‍ ബാധകമാണ്. ഇത്തരം പഞ്ചായത്തുകള്‍ ഏതൊക്കെയെന്ന് സര്‍ക്കാറിന് തീരുമാനിക്കാമെന്നും നേരത്തേയും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ വാഹനാപകടങ്ങള്‍ കുറക്കുന്നതിന് വേണ്ടിയായിരുന്നു സുപ്രീം കോടതി സുപ്രധാനമായ ഉത്തരവ് പുറത്തിറക്കിയിരുന്നത്. എന്നാല്‍, കേരളം, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളും മദ്യാശാല ഉടമകളും വിധിയെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുകയായിരുന്നു.

Latest