വാഗ്ദാനങ്ങള്‍ നിറവേറ്റുമെങ്കില്‍ മാത്രം ഉന്നുമായി ചര്‍ച്ച: വൈറ്റ് ഹൗസ്

Posted on: March 14, 2018 6:14 am | Last updated: March 13, 2018 at 11:31 pm

ന്യൂയോര്‍ക്ക്: വാഗ്ദാനങ്ങള്‍ പൂര്‍ണമായും നിറവേറ്റാന്‍ ഉത്തര കൊറിയ മുന്നോട്ടു വന്നാല്‍ മാത്രമേ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ചക്ക് സാധ്യതയുള്ളൂവെന്ന് വൈറ്റ് ഹൗസ്. മിസൈല്‍, ആണവ പരീക്ഷണം തുടങ്ങിയ വിവാദ വിഷയങ്ങളില്‍ പ്രത്യേകിച്ചും ആ രാജ്യം നിലപാട് മാറ്റേണ്ടിവരുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

നിശ്ചയിച്ചിരിക്കുന്ന ആ കൂടിക്കാഴ്ച നടക്കുമെന്നു തന്നെയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത്. കൂടിക്കാഴ്ചക്ക് ആ രാജ്യം വാഗ്ദാനം നല്‍കുകയും അമേരിക്ക അത് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഉത്തര കൊറിയ നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. അവ പൂര്‍ണമായി നടപ്പാക്കാന്‍ ആ രാജ്യം മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ നേരത്തെ നിശ്ചയിച്ച പ്രകാരം കൂടിക്കാഴ്ചയുമായി മുന്നോട്ടുപോകും- വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ് പറഞ്ഞു.
ചര്‍ച്ച സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിടാന്‍ സാധിക്കില്ല. എവിടെനിന്നാണെന്നോ ചര്‍ച്ചയുടെ സമയം എപ്പോഴാണെന്നോ തുടങ്ങിയ കാര്യങ്ങളൊന്നും പുറത്തുവിടില്ല. എന്തായാലും ഉത്തര കൊറിയക്ക് മേല്‍ നിരന്തരമായി ഏല്‍പ്പിച്ചുകൊണ്ടിരിക്കുന്ന സമ്മര്‍ദങ്ങള്‍ ഫലം ചെയ്യുന്നുവെന്നാണ് ആ രാജ്യത്തിന്റെ പ്രതികരണത്തില്‍ നിന്ന് മനസ്സിലാകുന്നത്. അതുകൊണ്ടാണ് കൂടിക്കാഴ്ചയോട് അനുകൂലമായി അമേരിക്കയും പ്രതികരിച്ചത്. ദക്ഷിണ കൊറിയ വഴിയായിരുന്നു കൂടിക്കാഴ്ചക്കുള്ള സന്നദ്ധത അമേരിക്കയെ അവര്‍ അറിയിച്ചത്. അവര്‍ മുന്നോട്ടുവെച്ച മൂന്ന് വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തില്‍ അമേരിക്ക അവരുടെ ക്ഷണം സ്വീകരിക്കുകയും ചെയ്തു. ഈ രീതിയിലൂടെ മുന്നോട്ടുപോകാന്‍ തന്നെയാണ് അമേരിക്കയുടെ തീരുമാനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ, ഉത്തര കൊറിയന്‍ വിഷയവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച് ആര്‍ മാക് മാസ്റ്റര്‍, യു എന്നിലെ യു എസ് സ്ഥാനപതി നിക്കി ഹാലി, യു എന്‍ സുരക്ഷാ കൗണ്‍സിലിലെ ചില പ്രധാനപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ ന്യൂയോര്‍ക്കില്‍ ചര്‍ച്ചകള്‍ നടത്തി.