തുര്‍ക്കി സൈന്യം അഫ്‌റിന്‍ നഗരം വളഞ്ഞു

Posted on: March 14, 2018 6:13 am | Last updated: March 13, 2018 at 11:29 pm

ദമസ്‌കസ്: വടക്കന്‍ സിറിയയിലെ അഫ്‌റിന്‍ നഗരം വളഞ്ഞതായി തുര്‍ക്കി സൈന്യം. കുര്‍ദ് തീവ്രവാദികളെ ലക്ഷ്യമാക്കിയാണ് സൈന്യം മുന്നേറുന്നതെന്നും തുര്‍ക്കി സൈന്യവും സിറിയന്‍ വിമതരും ചേര്‍ന്ന് ചില സുപ്രധാന ഭാഗങ്ങള്‍ പിടിച്ചെടുത്തതായും പ്രസ്താവനയില്‍ തുര്‍ക്കി വ്യക്തമാക്കി. അഫ്‌റിന്‍ നഗരത്തിലേക്കുള്ള മുഴുവന്‍ പാതകളും ഇപ്പോള്‍ തുര്‍ക്കി സൈന്യം സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. തുര്‍ക്കി സൈന്യം നഗരം വളയുന്നതായുള്ള സൂചനകള്‍ പുറത്തുവന്നപ്പോള്‍ തന്നെ നൂറുകണക്കിന് പ്രദേശവാസികള്‍ സിറിയന്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള അയല്‍ദേശങ്ങളിലേക്ക് പലായനം ആരംഭിച്ചു.

അഫ്‌റിനില്‍ തമ്പടിച്ചുകഴിയുന്ന കുര്‍ദിഷ് പ്യൂപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റ്(വൈ പി ജി) തീവ്രവാദികളെ ഇവിടെ നിന്ന് തുരത്തുക എന്ന ലക്ഷ്യത്തില്‍ കഴിഞ്ഞ ജനുവരി 20നാണ് തുര്‍ക്കി സൈന്യം നീക്കങ്ങള്‍ ആരംഭിച്ചത്. നിരോധിക്കപ്പെട്ട കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി(പി കെ കെ)യുടെ ഒരു ശാഖയാണ് വൈ പി ജിയെന്നും ഇതൊരു ഭീകരവാദി സംഘടനയാണെന്നും തുര്‍ക്കി സര്‍ക്കാര്‍ ആരോപിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി തെക്കുകിഴക്കന്‍ തുര്‍ക്കിയില്‍ സ്വതന്ത്ര കുര്‍ദ് മേഖലക്ക് വേണ്ടി പി കെ കെ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുകയാണ്. എന്നാല്‍ പി കെ കെയുമായി ഏതെങ്കിലും തരത്തിലുള്ള നേരിട്ടുള്ള ബന്ധം വൈ പി ജി നിഷേധിക്കുന്നു.

തുര്‍ക്കിയുടെ നേതൃത്വത്തിലുള്ള സൈന്യം അഫ്‌റിനോട് അടുത്തുകൊണ്ടിരിക്കുകയാണെന്ന് സിറിയയിലെ മനുഷ്യാവകാശ നിരീക്ഷണ സംഘടനയും അറിയിച്ചു. 90 ഗ്രാമങ്ങളും ഒരു പട്ടണവും ഇതിനകം തുര്‍ക്കി സൈന്യത്തിന്റെ നിയന്ത്രണത്തിലായെന്നാണ് റിപ്പോര്‍ട്ടുകള്‍. അഫ്‌റിന്‍ നഗരത്തിലേക്കുള്ള മുഴുവന്‍ റോഡുകളിലും തുര്‍ക്കി സൈന്യം ബോംബിട്ടുകൊണ്ടിരിക്കുകയാണെന്ന് വൈ പി ജി വക്താവ് നൂരി മുഹമ്മദ് അറിയിച്ചു. എന്നാല്‍ അഫ്‌റിന്‍ നഗരം എല്ലാ ദിശയില്‍ നിന്നും തുര്‍ക്കി സൈന്യം വളഞ്ഞുവെന്ന വാര്‍ത്തകള്‍ അവാസ്തവമാണെന്നും തുര്‍ക്കി സൈന്യത്തിന്റെ തന്ത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഫ്‌റിന്‍ ദൗത്യം ആരംഭിച്ചത് മുതല്‍ 3393 ഭീകരര്‍ കീഴടങ്ങുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് തുര്‍ക്കി സൈന്യം അവകാശപ്പെടുന്നു. ഇതുവരെ 230 സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇവരില്‍ 35 പേര്‍ കുട്ടികളാണെന്നും 688 പേര്‍ക്ക് പരിക്കേറ്റെന്നും കുര്‍ദിഷ് റെഡ് ക്രസന്റ് അധികൃതര്‍ അറിയിച്ചു. എന്നാല്‍ സാധാരണക്കാരെ ലക്ഷ്യമാക്കി ഇതുവരെയും ആക്രമണം നടത്തിയിട്ടില്ലെന്നും അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നല്‍കുന്നതില്‍ ഇപ്പോഴും സൈന്യം ശ്രദ്ധിക്കുന്നുണ്ടെന്നും തുര്‍ക്കി അറിയിച്ചു.