അപകട കാരണം പൈലറ്റുമാരുടെ ആശയക്കുഴപ്പമെന്ന്

കാഠ്മണ്ഡു വിമാനാപകടം; മരണം 51 ആയി
Posted on: March 14, 2018 6:12 am | Last updated: March 13, 2018 at 11:29 pm
കൂറ്റന്‍ ക്രെയിന്‍ ഉപയോഗിച്ച് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കുന്ന നേപ്പാള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍

കാഠ്മണ്ഡു: നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ 51 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന് കാരണമായത് കോക്പിറ്റിലെ ആശയക്കുഴപ്പമെന്ന് സൂചന. പൈലറ്റും എയര്‍ ട്രാഫിക് കണ്‍ട്രോളറും നടത്തിയ അവസാനവട്ട സംസാരത്തില്‍ റണ്‍വേയെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകള്‍ ഉണ്ടായെന്നും ഇതാകാം അപകടത്തിലേക്ക് നയിച്ചതെന്നും നിരീക്ഷിക്കപ്പെടുന്നു. ബംഗ്ലാദേശില്‍ നിന്ന് 71 പേരുമായി കാഠ്മണ്ഡു വിമാനത്താവളത്തിലെത്തിയ യു എസ്- ബംഗ്ലാ എയര്‍ലൈന്‍സായിരുന്നു അപകടത്തില്‍പ്പെട്ടിരുന്നത്. ലാന്‍ഡിംഗിനിടെ വിമാനത്താവളത്തിന്റെ വേലിയില്‍ തട്ടിയ വിമാനം അഗ്നിക്കിരയാകുകയായിരുന്നു. രാഷ്ട്രീയ കോളിളക്കങ്ങളെ തുടര്‍ന്ന് താറുമാറായ സാമ്പത്തിക സ്ഥിതി വിനോദ സഞ്ചാരത്തിലൂടെ നേപ്പാള്‍ വികസിപ്പിച്ചുകൊണ്ടുവരുന്നതിനിടെയാണ് ഈ മേഖലയെ തളര്‍ത്തുന്ന അപകടമുണ്ടായത്.

അപകട സമയത്ത് അന്തരീക്ഷം മേഘാവൃതമായിരുന്നുവെങ്കിലും സാഹചര്യങ്ങള്‍ വിമാനമിറക്കുന്നതിന് അനുകൂലമായിരുന്നു. പൈലറ്റും എയര്‍ ട്രാഫിക് കണ്‍ട്രോളറും അവസാന നാല് മിനിറ്റില്‍ നടത്തിയ സംഭാഷണം പുറത്തുവന്നിട്ടുണ്ട്. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ കൈമാറിയ സന്ദേശത്തില്‍ പൈലറ്റിന് അവ്യക്തതയുണ്ടായിരുന്നുവെന്ന് സംഭാഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. വിമാനമിറക്കുന്നതിന്റെ ആദ്യഘട്ടത്തില്‍ വിമാനം നിയന്ത്രിച്ചിരുന്നത് സ്ത്രീ പൈലറ്റായിരുന്നുവെന്നും എന്നാല്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ അടുത്തതോടെ കോക്പിറ്റില്‍ പൈലറ്റായി ഉണ്ടായിരുന്നത് പുരുഷനായിരുന്നുവെന്നും സന്ദേശത്തില്‍ നിന്ന് വ്യക്തമാണ്. ‘റണ്‍ വേ 20നടുത്തേക്ക് പോകരുതെന്ന് ഞാന്‍ വീണ്ടും പറയുന്നു’ എന്ന് പുറത്തുവന്ന കോക്പിറ്റ് സംഭാഷണത്തിലുണ്ട്. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്. ഇതിന് ശേഷം മാത്രമേ അപകടത്തിലേക്ക് നയിച്ച കാരണങ്ങള്‍ എന്താണെന്ന് വ്യക്തമാകുകയുള്ളൂ.

അതേസമയം, വിമാനം ലാന്‍ഡ് ചെയ്യുന്നതിന് മുമ്പ് ചില ആശയക്കുഴപ്പങ്ങള്‍ നിലനിന്നിരുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് നേപ്പാള്‍ സര്‍ക്കാര്‍ അറിയിച്ചു. തെറ്റായ സന്ദേശമാണ് ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് നല്‍കിയതെന്ന ബംഗ്ലാദേശ് അധികൃതരുടെ വാദം ശരിയല്ല. ഇത്തരം ആരോപണങ്ങളെ തങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു. തങ്ങളുടെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം അന്താരാഷ്ട്ര പരിശീലനം ലഭിച്ചവരാണ്. എല്ലാ കാര്യങ്ങളും പൈലറ്റുമായി സംസാരിച്ചിരുന്നു. റണ്‍വേയുടെ ശരിയായ ദിശയിലൂടെ വിമാനം ലാന്‍ഡ് ചെയ്യാന്‍ എയര്‍ ട്രാഫിക് വിഭാഗം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നതാണെന്നും നേപ്പാള്‍ അധികൃതര്‍ വ്യക്തമാക്കി.