Connect with us

National

ആന്ധ്രക്ക് പ്രത്യേക റെയില്‍വേ സോണില്ല

Published

|

Last Updated

ഹൈദരാബാദ്: കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് തെലുഗു ദേശം പാര്‍ട്ടി (ടി ഡി പി) മന്ത്രിമാരെ പിന്‍വലിച്ച പശ്ചാത്തലത്തില്‍ ആന്ധ്രാ പ്രദേശിന് പ്രത്യേക റെയില്‍വേ സോണ്‍ സ്ഥാപിക്കാനുള്ള ആവശ്യം കേന്ദ്രം തള്ളി. സാങ്കേതികമായി സാധ്യമല്ലെന്നും സാമ്പത്തികമായി അനുയോജ്യമല്ലെന്നും ചൂണ്ടിക്കാണിച്ചാണ് കേന്ദ്രം ആവശ്യം തള്ളിയത്. ആന്ധ്ര വിഭജന ഘട്ടത്തില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിന് ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ ആന്ധ്ര ചീഫ് സെക്രട്ടറിയെ അറിയിച്ചതാണിത്.

സംസ്ഥാനം വിഭജിക്കുന്നതിന് കൊണ്ടുവന്ന നിയമത്തിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു വിശാഖപട്ടണം ആസ്ഥാനമായി റെയില്‍വേ സോണ്‍ സ്ഥാപിക്കുമെന്നത്. സൗത്ത് സെന്‍ട്രല്‍ റെയില്‍വേ സോണിന്റെ ആസ്ഥാനം ഹൈദരാബാദ് ആണ്. ആന്ധ്ര വിഭജിച്ചപ്പോള്‍ ഹൈദരാബാദ് തെലങ്കാനയുടെ ഭാഗമായി. സ്‌പെഷ്യല്‍ സോണ്‍ പദ്ധതി സംബന്ധിച്ച് സാധ്യതാ പഠനം നടത്തിയ കമ്മിറ്റി വിജയപ്രദമാകില്ലെന്നാണ് കണ്ടെത്തിയതെന്ന് ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ ആന്ധ്ര ഉദ്യോഗസ്ഥരെ അറിയിച്ചു. ഭരണ ചെലവ് വര്‍ധിപ്പിക്കാനാണ് ഇത്തരം പദ്ധതികള്‍ ഇടയാക്കുകയെന്ന് യോഗത്തില്‍ പങ്കെടുത്ത റെയില്‍വേ അധികൃതരും പറഞ്ഞു.

എന്നാല്‍, കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ആന്ധ്രക്ക് പ്രത്യേക റെയില്‍വേ സോണ്‍ സ്ഥാപിക്കുന്നത് കേന്ദ്രം ഗൗരവമായി പരിഗണിക്കുകയാണെന്ന് കഴിഞ്ഞ മാസം ആറിന് രാജ്യസഭയെ അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ഇക്കാര്യം സൂചിപ്പിച്ചതാണ്. എന്നാല്‍, ആന്ധ്രക്ക് പ്രത്യേക പദവി നല്‍കാന്‍ ആകില്ലെന്ന് ജെയ്റ്റ്‌ലി തീര്‍ത്തുപറഞ്ഞതോടെ ടി ഡി പി മന്ത്രിമാരെ പിന്‍വലിച്ചത് റെയില്‍വേ സോണ്‍ സാധ്യത ഇല്ലാതാക്കി.

ഈ വിഷയത്തില്‍ എന്‍ ഡി എ സര്‍ക്കാര്‍ അനുകൂല തീരുമാനം കൈക്കൊള്ളുമെന്നതില്‍ ആത്മവിശ്വാസമുണ്ടെന്ന് ബി ജെ പി നിയമസഭാംഗവും വക്താവുമായ പി വി എന്‍ മാധവ് പറഞ്ഞു. ടി ഡി പി. എം പിമാരുടെ പ്രതിനിധി സംഘം പിയൂഷ് ഗോയലിനെ ഇന്നലെ സന്ദര്‍ശിച്ചിരുന്നു.