ഏഴാം ദിവസവും പാര്‍ലിമെന്റ് പ്രക്ഷുബ്ധംന്യൂഡല്‍ഹി:

പഞ്ചാബ് ബേങ്കും ആന്ധ്രയുടെ പ്രത്യേക പദവിയും: ഇരുസഭകളും പിരിഞ്ഞു
Posted on: March 14, 2018 6:09 am | Last updated: March 13, 2018 at 11:17 pm
SHARE

പഞ്ചാബ് നാഷനല്‍ ബേങ്ക് തട്ടിപ്പ് വിഷയം ഉയര്‍ത്തി പ്രതിപക്ഷവും ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭരണ കക്ഷിയും നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ഏഴാം ദിവസവും നടപടികളിലേക്ക് കടക്കാതെ പാര്‍ലിമെന്റിന്റെ ഇരുസഭകളും പിരിഞ്ഞു. ബേങ്ക് തട്ടിപ്പ്, ആന്ധ്രാപ്രദേശിന് പ്രത്യേക പദവി തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് ടി ഡി പി, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങിയതോടെ സഭ സ്തംഭിക്കുകയായിരുന്നു. സഖ്യകക്ഷി ധര്‍മം പാലിക്കണമെന്ന ആവശ്യപ്പെട്ടുള്ള പ്ലാക്കാര്‍ഡുകള്‍ ഉയര്‍ത്തി പിടിച്ച് ഭരണ കക്ഷിയായ ടി ഡി പിയിലെ എം പിമാര്‍ നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചു. വൈ എസ് ആര്‍ കോണ്‍ഗ്രസും ഇതേ ആവശ്യം ഉന്നയിച്ചു പ്രതിഷേധിച്ചു.

അതേസമയം, കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും പഞ്ചാബ് നാഷനല്‍ ബേങ്ക് തട്ടിപ്പ് വിഷയം ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഷേധിച്ചത്. കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് സ്ഥാപിക്കണമെന്ന ആവശ്യമുയര്‍ത്തി തമിഴ്‌നാട്ടില്‍ നിന്നുള്ള എ ഐ എ ഡി എം കെ അംഗങ്ങളും പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയതോടെ ബജറ്റ് സമ്മേളനത്തിന്റ രണ്ടാം ഘട്ടവും നടപടികള്‍ പൂര്‍ത്തിയാക്കാനാകാതെ അവസാനിക്കുമെന്ന് ഉറപ്പായി.
രാജ്യസഭ ഇന്നലെ ചേര്‍ന്ന ഉടന്‍ തന്നെ പ്രതിഷേധവുമായി അംഗങ്ങള്‍ എഴുന്നേറ്റതോടെ അധ്യക്ഷന്‍ വെങ്കയ്യ നായിഡു സഭ രണ്ട് വരെ നിര്‍ത്തിവെച്ചതായി അറിയിച്ച് സ്ഥലം വിട്ടു. ഉച്ചക്ക് ശേഷം ചേര്‍ന്നപ്പോഴും പ്രതിഷേധം തുടര്‍ന്നു. ബഹളം രൂക്ഷമായതോടെ സഭ ഇന്നലത്തേക്ക് പിരിഞ്ഞു.

അതേസമയം, ധനകാര്യ ബില്ലുകളിന്‍മേല്‍ ചര്‍ച്ചകള്‍ നടത്താതെ പാസാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷ എം പിമാര്‍ ഇന്നലെ ലോക്‌സഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കി.

സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിടുന്നതിനെതിരെയുള്ള ഇക്കണോമിക് ഒഫന്‍ഡേര്‍സ് ബില്ല്, ചിറ്റ് ഫണ്ട് (ഭേദഗതി) ബില്ല്, ഫിനാന്‍സ് ബില്ല് എന്നിവ ഈ സഭാ സമ്മേളനത്തില്‍ തന്നെ എങ്ങനെയെങ്കിലും പാസാക്കിയെടുക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇന്നും നാളെയും പാര്‍ടിയുടെ എല്ലാ ബി ജെ പി എം പിമാരും ലോക്‌സഭയില്‍ ഹാജരാകണമെന്ന് പാര്‍ട്ടി വിപ്പ് നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here