ശമ്പളം നല്‍കാന്‍ പോലും പണമില്ല; ദാരിദ്ര്യം മാറാതെ 41 തദ്ദേശസ്ഥാപനങ്ങള്‍

ഭരണച്ചെലവിനായി സര്‍ക്കാര്‍ നല്‍കിയത് അഞ്ച് കോടി
Posted on: March 14, 2018 6:03 am | Last updated: March 13, 2018 at 10:54 pm
SHARE

കൊച്ചി: ഭരണച്ചെലവുകള്‍ക്കും ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്കും പണം കണ്ടെത്താനാകെ അതിദരിദ്രാവസ്ഥയില്‍ കഴിയുന്ന 41 തദ്ദേശസ്ഥാപനങ്ങള്‍ ഇപ്പോഴും സംസ്ഥാനത്തുണ്ടെന്ന് സര്‍ക്കാര്‍ കണ്ടെത്തല്‍. അധികാര വികേന്ദ്രീകരണത്തിന്റെ പേരില്‍ കോടികള്‍ ചെലവഴിച്ച് പദ്ധതികള്‍ നടപ്പാക്കിയിട്ടും സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയാത്ത 41 ഗ്രാമപഞ്ചായത്തുകളും ആറ് നഗരസഭകളും ഉള്‍പ്പെട്ട 41 തദ്ദേശസ്ഥാപനങ്ങള്‍ക്കായി ഇത്തവണ സര്‍ക്കാറിന് ചെലവിടേണ്ടി വന്നത് അഞ്ച് കോടിയിലധികം രൂപയാണ്. പഞ്ചായത്തിലെ ജീവനക്കാരുടെ ശമ്പളവും ജനപ്രതിനിധികളുടെ ഓണറേറിയവും നല്‍കാനാകാതെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ പോലും സ്തംഭിച്ച അവസ്ഥയിലായതോടെയാണ് സംസ്ഥാന ഓഡിറ്റ് വകുപ്പ് നടത്തിയ പരിശോധനപ്രകാരം 41 തദ്ദേശസ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പണം അനുവദിച്ച് നല്‍കിയത്.

പഞ്ചായത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് ആനുപാതികമായി സര്‍ക്കാര്‍ നല്‍കുന്ന വിഹിതം കൂടി ഉള്‍പ്പെടുത്തിയുള്ള ജനറല്‍ പര്‍പ്പസ് ഗ്രാന്റില്‍ നിന്നാണ് പഞ്ചായത്ത് ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമുള്‍പ്പെടെയുള്ളവ നല്‍കാറുള്ളത്. മുന്‍ വര്‍ഷങ്ങളിലെല്ലാം ഏതാനും ചില പഞ്ചായത്തുകള്‍ മാത്രമേ വരുമാനക്കുറവുമൂലം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കാറുള്ളൂ. എന്നാല്‍ ഇത്തവണ അത് വലിയ തോതിലാണ് വര്‍ധിച്ചത്. വാഹനങ്ങളും മറ്റും വാങ്ങി ചെലവ് കൂട്ടുകയും എന്നാല്‍ വരുമാനവര്‍ധവിന് ഒരു നടപടിയും കൈക്കൊള്ളാതിരിക്കുകയും ചെയ്ത പഞ്ചായത്തുകളും നഗരസഭകളുമെല്ലാമാണ് ഇത്തവണ സാമ്പത്തിക മാന്ദ്യത്തില്‍ കുടുങ്ങിയത്.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള ചെലവിന് പുറമെ ജനപ്രതിനിധികളുടെ അലവന്‍സുകളും മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിച്ചതും ചില തദ്ദേശസ്ഥാപനങ്ങളുടെ സാമ്പത്തികച്ചെലവ് കൂടുന്നതിന് കാരണമായതായും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. രാഷ്ട്രീയനേട്ടത്തിന് വേണ്ടി വരുമാനം കുറഞ്ഞ പഞ്ചായത്തുകളെ ചേര്‍ത്ത് നഗരസഭയാക്കി മാറ്റിയപ്പോഴുണ്ടായ വര്‍ധിച്ച ചെലവും ചില തേേദ്ദശസ്ഥാപനങ്ങള്‍ക്ക് താങ്ങാനാകുന്നതായിരുന്നില്ല. വ്യാപാര സ്ഥാപനങ്ങള്‍ വര്‍ധിപ്പിച്ച് വ്യവസായ എസ്റ്റേറ്റുകളടക്കമുള്ള പദ്ധതികള്‍ തുടങ്ങി വരുമാനം വര്‍ധിപ്പിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കോടികള്‍ നല്‍കിയെങ്കിലും അതൊന്നും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാത്തതാണ് പലയിടത്തും പ്രതിസന്ധിക്കിടയാക്കിയത്.

വീട്ടുനികുതി പോലുള്ള പരമ്പരാഗത രീതിയിലൂടെ മാത്രം വരുമാനം കൂട്ടാനാണ് ഇപ്പോള്‍ ദരിദ്രാവസ്ഥയിലായി മാറിയ പല പഞ്ചായത്തുകളും ശ്രമിച്ചത്. ഇടുക്കി ജില്ലയിലെ വട്ടവട പോലുള്ള ചില പഞ്ചായത്തുകളൊഴിച്ചാല്‍ മറ്റ് നിരവധി പഞ്ചായത്തുകള്‍ വരുമാനവര്‍ധവിനായി കാര്യമായ പദ്ധതികളൊന്നും ആവിഷ്‌കരിച്ചിട്ടില്ലെന്ന് കണ്ടെത്താനാകും. കണ്ണൂരിലെ മലപ്പട്ടം, കാസര്‍ഗോട്ടെ ബെള്ളൂര്‍, കൊല്ലത്തെ മണ്‍ട്രോതുരുത്ത് തുടങ്ങിയവയും നിരണം, കള്ളാക്കാട്, വെസ്റ്റ് കല്ലട, ആര്യങ്കാവ്, തലനാട്, മേലുകാവ്, മാങ്കുളം, ഉടുമ്പന്‍ചോല തുടങ്ങിയ പഞ്ചായത്തുകളുമെല്ലാം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനാകാതെ സര്‍ക്കാര്‍ സഹായം തേടിയ പഞ്ചായത്തുകളാണ്. ഇത്തരം പഞ്ചായത്തുകളെ സഹായിക്കാനായി 3,34,86,542 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ച് ഉത്തരവായിട്ടുള്ളത്. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, മാവേലിക്കര, ചേര്‍ത്തല, എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂര്‍, പാലക്കാട്, ചിറ്റൂര്‍-തത്തമംഗലം എന്നീ നഗരസഭകളാണ് സാമ്പത്തിക പരാധാധീനത മൂലം സര്‍ക്കാറിന്റെ സഹായം തേടിയത്. ഇവക്കായി 1,47,29,322 കോടി രൂപയും ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്.

പാലക്കാട് നഗരസഭ ഉള്‍പ്പടെയുള്ള ചിലയിടങ്ങളില്‍ നേരത്തെ ശമ്പളം ലഭിക്കാത്തത് ജീവനക്കാരില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അതേസമയം ശമ്പളത്തിലെ അനിശ്ചിതാവസ്ഥയ്ക്കു പരിഹാരമായി ജനറല്‍ പര്‍പ്പസ് ഗ്രാന്റ് പോലുള്ള അശാസ്ത്രീയ ഫണ്ട് വിതരണം അവസാനിപ്പിക്കുകയും എല്ലാവിഭാഗം തദ്ദേശ സ്ഥാപന ജീവനക്കാരുടെയും ശമ്പളച്ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കുകയുമാണു ചെയ്യേണ്ടതെന്നുമുള്ള ജീവനക്കാരുടെ ആവശ്യവും ശക്തമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here