പോരാട്ടം അവസാനിക്കുന്നില്ല

Posted on: March 14, 2018 6:01 am | Last updated: March 13, 2018 at 9:46 pm

സി പി എമ്മിന്റെ പോഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ നടന്ന കര്‍ഷക പ്രക്ഷോഭം ചരിത്രപരമായ വിജയം വരിച്ചിരിക്കുകയാണ്. നാസിക്കില്‍ നിന്ന് കാല്‍നടയായി 180 കിലോമീറ്റര്‍ താണ്ടി മുംബൈയിലെത്തിയ അര ലക്ഷത്തിലധികം വരുന്ന കര്‍ഷകര്‍ വിധാന്‍ സഭ വളയാനിരിക്കെയാണ് അവരുടെ പ്രതിനിധികളെ ചര്‍ച്ചക്ക് വിളിച്ചതും ആവശ്യങ്ങള്‍ മിക്കതും അംഗീകരിക്കാന്‍ മഹാരാഷ്ട്രയിലെ ബി ജെ പി സര്‍ക്കാര്‍ തയ്യാറായതും. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് കര്‍ഷക പ്രതിനിധികളുമായി നേരിട്ട് സംസാരിച്ചു. പരമ്പരാഗതമായി കൃഷി ചെയ്ത് പോന്ന വനഭൂമി ആദിവാസികള്‍ക്ക് പതിച്ചു നല്‍കുന്ന വനാവകാശ നിയമം ആറ് മാസത്തിനകം നടപ്പാക്കുമെന്ന് ഉറപ്പ് നല്‍കി. കടം എഴുതിത്തള്ളല്‍, ന്യായമായ താങ്ങുവില പ്രഖ്യാപിക്കല്‍, സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ആറംഗ കമ്മിറ്റിയെ നിയമിച്ചു. ഈ കമ്മിറ്റിയിലെ രണ്ടംഗങ്ങള്‍ കര്‍ഷകരുടെ പ്രതിനിധികള്‍ ആയിരിക്കും. ഇക്കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തി എഴുതി തയ്യാറാക്കിയ കരാറില്‍ സര്‍ക്കാര്‍ പ്രതിനിധികളും കര്‍ഷക നേതാക്കളും ഒപ്പുവെച്ചതോടെയാണ് സമരം അവസാനിക്കുന്നതായി പ്രഖ്യാപിച്ചത്. ആസാദ് മൈതാനിയില്‍ ഒത്തു കൂടിയ സമര ഭടന്‍മാര്‍, വറുതിയും കടവും ചൂഷണവും കിടപ്പാടമില്ലായ്മയും ആത്മഹത്യയും നിറഞ്ഞ സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ചു പോകുന്നത് മാറ്റം സാധ്യമാണെന്ന നിശ്ചയ ദാര്‍ഢ്യത്തോടെയാണ്.

രാജ്യത്തിനാകെ ആവേശവും പ്രതീക്ഷയും പകരുന്ന പരിസമാപ്തിയാണ് സമരത്തിന് ഉണ്ടായിരിക്കുന്നത്. സമരം തന്നെ വലിയ രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നിരിക്കെ അത് വിജയത്തില്‍ കലാശിക്കുന്നുവെന്നത് വരാനിരിക്കുന്ന വലിയ പോരാട്ടങ്ങള്‍ക്ക് കരുത്തു പകരുന്നു. ജനാധിപത്യ വ്യവസ്ഥതിക്ക് മരണം വിധിക്കുന്ന വിധത്തില്‍ ഫാസിസ്റ്റ് പ്രവണതകള്‍ രാജ്യത്ത് ശക്തിയാര്‍ജിക്കുകയും തിരഞ്ഞെടുപ്പുകളില്‍ പണാധിപത്യവും വര്‍ഗീയവത്കരണവും കുതന്ത്രങ്ങളും നിരന്തരം ജയിച്ചു വരികയും ചെയ്യുമ്പോള്‍ അടങ്ങാത്ത ഊര്‍ജമാണ് ഈ സമരം സമ്മാനിക്കുന്നത്. നിശ്ചദാര്‍ഢ്യമുള്ള മനുഷ്യര്‍ ഒറ്റക്കെട്ടായി അണിനിരന്നാല്‍ ഏത് ഭരണാധികാരിയും വിറക്കുമെന്നും മുട്ടുമടക്കുമെന്നും അത് തെളിയിക്കുന്നു. തെറ്റായ നയങ്ങള്‍ തിരുത്തിക്കാന്‍ വഴിവിട്ട പ്രതികരണങ്ങളും അക്രമ സമരങ്ങളുമല്ല, ഇരകളുടെ ഐക്യനിര പടുത്തുയര്‍ത്തുകയാണ് വേണ്ടതെന്ന സന്ദേശമാണ് ഈ സമരം നല്‍കുന്നത്. ആ നിലക്ക് ന്യൂനപക്ഷങ്ങള്‍ക്കും ദളിതുകള്‍ക്കും എല്ലാ തരം ഇരകള്‍ക്കും മുന്നോട്ടുള്ള വഴികാട്ടിയായി ഈ കര്‍ഷക സമരം മാറിയിരിക്കുന്നു.

ഈ നിലയില്‍ കര്‍ഷക സമരം അവസാനിച്ചത് ബി ജെ പി സര്‍ക്കാറിന്റെ വലിയ മഹത്വം പോലെ അവതരിപ്പിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ പ്രചാരണം തുടങ്ങിയിട്ടുണ്ട്. മാര്‍ച്ചില്‍ പങ്കെടുക്കുന്നവര്‍ കര്‍ഷകരേ അല്ലെന്ന് പ്രഖ്യാപിച്ചയാളാണ് ദേവേന്ദ്ര ഫട്‌നാവിസ്. ചുവന്ന കൊടിയേന്തി മാര്‍ച്ച് നടത്തുന്നത് അപമാനകരമാണെന്നും ആദിവാസികളെയും കര്‍ഷകരെയും കമ്യൂണിസ്റ്റുകള്‍ തെറ്റിദ്ധരിപ്പിച്ചുവെന്നുമാണ് ആര്‍ എസ് എസ് നേതാവ് പ്രതികരിച്ചത്. മുഖ്യധാരാ മാധ്യമങ്ങള്‍ പരമാവധി തഴയാന്‍ ശ്രമിച്ച മുന്നേറ്റമായിരുന്നു ഇത്. ലോംഗ് മാര്‍ച്ചില്‍ ഓരോ ദിവസം പിന്നിടുമ്പോഴും പങ്കാളിത്തം വര്‍ധിക്കുന്നതും രാഷ്ട്രീയ പിന്തുണയേറുന്നതുമാണ് കണ്ടത്. അവഗണിക്കാനാകാത്ത വിധം വ്യക്തവും ശക്തവുമായ ശബ്ദമായി പ്രക്ഷോഭം മാറിയതോടെ ഗത്യന്തരമില്ലാതെ ചര്‍ച്ചക്ക് തയ്യാറാകുകയാണ് ഫട്‌നാവിസ് സര്‍ക്കാര്‍ ചെയ്തത്. അത് ഔദാര്യമല്ല, മറിച്ച് പിടിച്ചുവാങ്ങിയ അവകാശമാണ്. എല്ലാം നേടിയെന്നും പറയാനാകില്ല. വാഗ്ദാനങ്ങള്‍ പാലിച്ചു കിട്ടാന്‍ ഇനിയും സമരഭൂമിയിലിറങ്ങേണ്ടി വരുമെന്നതും വസ്തുതയാണ്.

കോണ്‍ഗ്രസ്, ശിവസേന, എന്‍ സി പി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികള്‍ക്കൊന്നും ഈ സമരത്തെ പിന്തുണക്കാന്‍ മടിയുണ്ടായില്ല. മുംബൈ നഗരം ചരിത്രത്തിലൊരിക്കലുമില്ലാത്ത ഐക്യദാര്‍ഢ്യമാണ് കാഴ്ചവെച്ചത്. ഡബ്ബാവാലകള്‍ സമരക്കാര്‍ക്ക് അന്നമേകി. അന്നദാതാക്കള്‍ക്ക് അന്നമേകേണ്ടത് ഞങ്ങളുടെ കടമയാണെന്നാണ് അവര്‍ പ്രഖ്യാപിച്ചത്. തെരുവുകളില്‍ അഭിവാദ്യമര്‍പ്പിക്കാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി. അങ്ങേയറ്റത്തെ അച്ചടക്കമാണ് മാര്‍ച്ചിലെ അംഗങ്ങള്‍ പുലര്‍ത്തിയത്. ഒരിടത്തും ക്രമസമാധാന പ്രശ്‌നമായി മാര്‍ച്ച് മാറാതിരിക്കാന്‍ നേതാക്കള്‍ നിതാന്ത ജാഗ്രത പുലര്‍ത്തി.
ജനകീയ സമരത്തിന്റെ ഉത്തമമാതൃകയായി വളര്‍ന്ന ലോംഗ് മാര്‍ച്ച് ഒറ്റപ്പെട്ട പ്രതിഭാസമല്ല. അത് ഇവിടെ ഒടുങ്ങുകയുമല്ല. രാജസ്ഥാനിലെ ബി ജെ പി സര്‍ക്കാറിന്റെ കര്‍ഷക ദ്രോഹനയങ്ങള്‍ക്കെതിരായി നടന്ന ഐതിഹാസികമായ സമരം കടാശ്വാസമടക്കമുള്ള ഉജ്ജ്വല നേട്ടങ്ങളോടെയാണ് സമാപിച്ചിരുന്നത്. മധ്യപ്രദേശിലെ ഭോപ്പാലില്‍ കര്‍ഷക പ്രക്ഷോഭത്തിന് നേരെ നടന്ന പോലീസ് വെടിവെപ്പില്‍ നാല് പേര്‍ മരിച്ചു വീണു. ഗുജറാത്തിലെ ഉനയില്‍ നിന്ന് ആരംഭിച്ച ദളിത് മഹാപ്രയാണം ഭാവിയിലെ എണ്ണിയാലൊടുങ്ങാത്ത പ്രക്ഷോഭത്തിന് അവിരാമമായ ഊര്‍ജം പകരുന്നതായിരുന്നു. തമിഴ്‌നാട്ടിലെ കര്‍ഷകര്‍ ഡല്‍ഹിയിലെത്തി നടത്തിയ സമരവും വീറുറ്റതായിരുന്നു. കേന്ദ്രത്തില്‍ ബി ജെ പി വന്ന ശേഷം നടപ്പാക്കുന്ന കരുണയറ്റ കോര്‍പറേറ്റ് അനുകൂല സാമ്പത്തിക നയവും സംഘ് സംഘടനാ പ്രവര്‍ത്തകര്‍ നടപ്പാക്കുന്ന ആള്‍ക്കൂട്ട നീതിയും സ്വാതന്ത്യ ബോധമുള്ള മനുഷ്യരെ പോരാട്ടത്തിന്റെ തീച്ചൂളയിലേക്ക് ആനയിക്കുകയാണ്. ഈ ജനകീയ പോരാട്ട വീര്യത്തിന് നേതൃത്വം നല്‍കാന്‍ മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാധിക്കുമോ എന്നതാണ് ചോദ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പിടിച്ചു നില്‍ക്കാന്‍ സഖ്യസാധ്യതകള്‍ തേടി നടക്കുന്ന പാര്‍ട്ടികള്‍ പ്രക്ഷോഭത്തിന്റെ ഐക്യനിര പടുത്തിയര്‍ത്തി ജനങ്ങളെ ശരിയായി രാഷ്ട്രീയവത്കരിക്കുകയാണ് യഥാര്‍ഥത്തില്‍ ചെയ്യേണ്ടത്. അപ്പോള്‍ മാത്രമേ വര്‍ഗീയ ഫാസിസത്തെ അതിജയിക്കാന്‍ സാധിക്കുകയുള്ളൂ. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തുടങ്ങുന്ന ചലോ ദില്ലി മാര്‍ച്ചിന്റെ ഒരുക്കത്തിലേക്ക് കര്‍ഷക സംഘടനകള്‍ നീങ്ങുകയാണ്. രാജ്യം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ ഏക്യമുന്നണിയായി ഈ പ്രക്ഷോഭം വളരുമെങ്കില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ മാത്രമല്ല, ഇന്ത്യന്‍ രാഷ്ട്രീയ വ്യവസ്ഥയുടെയും നട്ടെല്ലായി കര്‍ഷകര്‍ പരിണമിക്കും.