Connect with us

Gulf

പൂച്ചകളെ മുറിയില്‍ അടച്ചിട്ട് വളര്‍ത്തിയ യുവതിയെ നാടുകടത്തും

Published

|

Last Updated

അബുദാബി: വേണ്ടവിധത്തില്‍ പരിപാലിക്കാതെ പൂച്ചകളെ മോശമായി വീട്ടില്‍ വളര്‍ത്തിയിരുന്ന അറബ് വംശജയായ യുവതിയെ നാടുകടത്താന്‍ അബുദാബി കോടതി ഉത്തരവിട്ടു. 40 പൂച്ചകളെയാണ് യുവതി സ്വന്തം വില്ലയില്‍ ഒരു മുറിയില്‍ അടച്ചിട്ടു വളര്‍ത്തിയത്. ഇവയുടെ ആരോഗ്യ സ്ഥിതി വളരെ മോശമായിരുന്നു. ആരോഗ്യം വഷളായതിനെ തുടര്‍ന്ന് അവയില്‍ ഒരെണ്ണത്തിനു ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. പൂച്ചകളെ വളര്‍ത്തിയ ശേഷം ആവശ്യക്കാര്‍ക്കു വില്‍ക്കുകയായിരുന്നു യുവതിയുടെ പ്രധാന വിനോദം.

എന്നാല്‍ 40 പൂച്ചകളെയും വില്ലയിലെ വളരെ ഇടുങ്ങിയ ഒരു മുറിയിലാണു പാര്‍പ്പിച്ചിരുന്നത്. അവക്ക് സ്വതന്ത്ര്യമായി നടക്കാനുള്ള സാഹചര്യം പോലും ഉണ്ടായിരുന്നില്ല. വേണ്ടത്ര പോഷകം ലഭിക്കാതിരുന്നതിനാല്‍ ശരീരം വളരെയധികം ശോഷിച്ച അവസ്ഥയിലായിരുന്നു. യുവതി താമസിച്ച വില്ലയില്‍ നിന്നു ദുര്‍ഗന്ധം പുറത്തേക്കു വരുന്നതായി കാണിച്ചു സമീപവാസികള്‍ പൊലീസില്‍ പരാതി കൊടുക്കുകയായിരുന്നു. തുടര്‍ന്നു പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് മോശപ്പെട്ട സാഹചര്യത്തില്‍ വളരുന്ന പൂച്ചകളെയും ഒരെണ്ണത്തെ ജീവന്‍ പോയനിലയിലും കണ്ടത്. പൂച്ചകളുടെ വിസര്‍ജ്യം മുറിയിലാകെ ചിതറിക്കിടന്നിരുന്നു. പോലീസിന്റെ നിര്‍ദേശമനുസരിച്ചു നടന്ന വൈദ്യപരിശോധനയില്‍ പൂച്ചകളുടെ കുടലുകളില്‍ പുഴു അരിച്ചിരിക്കുന്നതായും തൊലിപ്പുറത്തു വ്രണങ്ങള്‍ ബാധിച്ചിരിക്കുന്നതായും കണ്ടെത്തി. ഈ സാഹചര്യത്തില്‍ പൂച്ചകളുടെ ഉടമയായ അറബ് യുവതിയെ കസ്റ്റഡിയിലെടുക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉത്തരവിടുകയായിരുന്നു. അവരുടെ വില്ലയില്‍ നിന്നു പൂച്ചകളെ മികച്ച പരിശോധനക്കും പരിചരണത്തിനുമായി മൃഗസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. വളര്‍ത്തു മൃഗങ്ങളോടു മോശമായി പെരുമാറുകയും പട്ടിണിക്കിടുകയും അനുവാദം കൂടാതെ വില്‍ക്കുകയും ചെയ്തു എന്ന കുറ്റമാണു യുവതിക്കെതിരെ ചുമത്തിയിട്ടുള്ളത്.

Latest