മിഡിലീസ്റ്റ് റെയില്‍ പ്രദര്‍ശനത്തില്‍ ഇന്ത്യന്‍ പവലിയന്‍ ശ്രദ്ധേയം; ട്രെയിന്‍ കോച്ചുകള്‍ക്ക് ആവശ്യക്കാരേറെ ഇന്ത്യന്‍ റെയില്‍വേ പവലിയന്‍

Posted on: March 13, 2018 9:10 pm | Last updated: March 13, 2018 at 9:12 pm

ദുബൈ: ഇന്ത്യന്‍ റെയില്‍വേയുടെ സാങ്കേതിക ശേഷിയും നിര്‍മാണ വൈദഗ്ധ്യവും ലോകത്തിനു പരിചയപ്പെടുത്തിക്കൊടുക്കാന്‍, ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിലെ മിഡിലീസ്റ്റ് റെയില്‍ പ്രദര്‍ശനത്തില്‍ ഇന്ത്യക്ക് മികച്ച പവലിയന്‍.

ഇന്നലെ ആരംഭിച്ച പ്രദര്‍ശനം ഇന്ന് വൈകിട്ട് സമാപിക്കും. ഇന്ത്യന്‍ റെയില്‍ മന്ത്രാലയത്തിന് കീഴിലുള്ള റൈറ്റ്‌സ് ലിമിറ്റഡ്, ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ സാങ്കേതിക സേവനങ്ങളാണ് ഇന്ത്യന്‍ റെയില്‍വേസ് പവലിയന്‍ പ്രദര്‍ശിപ്പിക്കുന്നത്. നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ ദുബൈയില്‍ എത്തിയിട്ടുണ്ട്. പാലങ്ങള്‍, തുരങ്ക പാതകള്‍, റോപ് വേകള്‍ നിര്‍മിക്കുന്നതില്‍ അഗ്രഗണ്യരാണ് ‘റൈറ്റ്‌സ്’. കോച്ചു ഫാക്ടറി അടക്കം റെയില്‍വേ സാങ്കേതിക സൗകര്യങ്ങള്‍ ഉള്ള കമ്പനിയാണ് ഇര്‍കോണ്‍. മധ്യ പൗരസ്ത്യ ദേശത്തു ധാരാളം റെയില്‍ പദ്ധതികള്‍ പുതുതായി വരുന്നതിനാല്‍ കോച്ചുകള്‍ വിതരണം ചെയ്യാന്‍ ഇന്ത്യക്കാകുമെന്നു അഡീ. ജനറല്‍ മാനേജര്‍ മധു മുല്‍ചന്ദാനി പറഞ്ഞു. ഇന്നലെ ഇന്ത്യന്‍ ട്രെയിന്‍ കോച്ചുകള്‍ക്ക് വിവിധ രാജ്യങ്ങളില്‍ നിന്ന് ആവശ്യക്കാരെത്തി.

മിഡിലീസ്റ്റ് റെയില്‍ മേളയില്‍ മുഖ്യ ആകര്‍ഷണമാണ് ഇന്ത്യന്‍ റെയില്‍വേ പവലിയന്‍. ഇന്ത്യന്‍ റെയില്‍വേയുടെ 9.1 ലക്ഷം കോടി രൂപ (14,000 കോടി ഡോളര്‍)യുടെ പദ്ധതികളെക്കുറിച്ച് ഇവിടെ പ്രദര്‍ശനങ്ങളൊരുക്കിയിട്ടുണ്ട്.
ട്രാം, മോണോ റെയില്‍, ഹൈസ്പീഡ് റെയില്‍, ദീര്‍ഘദൂര യാത്രാ-ചരക്കു തീവണ്ടികള്‍ എന്നിവ വിദേശികളെ ആകര്‍ഷിക്കുന്നു. ട്രാക്കുകളില്‍ വൈദ്യുതീകരണം, സിഗ്‌നലിങ് നവീകരണം, ട്രാക്കുകളുടെ അറ്റകുറ്റപ്പണി, സുരക്ഷാ സംവിധാനങ്ങള്‍, ഡിജിറ്റൈസേഷന്‍ എന്നിങ്ങനെ റെയില്‍ വികസനവുമായി ബന്ധപ്പെട്ട എന്ത് സേവനത്തിനും ഇന്ത്യ പ്രാപ്തി നേടിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ റെയില്‍ ശൃംഖലകളിലൊന്നാണ് ഇന്ത്യന്‍ റെയില്‍വേ. യു എ ഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ രക്ഷാകര്‍ത്തൃത്വത്തില്‍, അടിസ്ഥാന സൗകര്യവികസന മന്ത്രാലയവും ഫെഡറല്‍ ട്രാന്‍സ്‌പോര്‍ട് അതോറിറ്റിയും ചേര്‍ന്നാണ് മേള ഒരുക്കിയത്. മുന്നൂറോളം പ്രദര്‍ശകര്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയിലെ ഉള്‍പെടെ ലോകത്തിലെ പ്രധാന റെയില്‍ കമ്പനികളുടെ പ്രതിനിധികള്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവര്‍ നയിക്കുന്ന ശില്‍പശാലകളും സെമിനാറുകളും ഇതോടനുബന്ധിച്ച് നടക്കുന്നു.

റെയില്‍വേ ബോര്‍ഡിലെ മഹേഷ് കുമാര്‍ ഗുപ്തയാണ് ഇന്ത്യന്‍ സംഘത്തെ നയിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേസ് ചീഫ് എന്‍ജിനീയര്‍ അങ്കാല സായ്ബാബ, അഹമ്മദാബാദ് മെട്രോ ലിങ്ക് എക്‌സ്പ്രസ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ജയന്ത് പാണ്ഡെ, കൊല്‍ക്കത്ത മെട്രോ റെയില്‍ കോര്‍പറേഷന്‍ ചീഫ് എന്‍ജിനീയര്‍ (സിഗ്‌നലിങ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സ്) സഞ്ജയ് കുമാര്‍ എന്നിവരും സംഘത്തിലുണ്ട്.
നാല്‍പത്തഞ്ചിലേറെ ടണലുകളും 125 പാലങ്ങളും നിര്‍മിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ആലോചിക്കുന്നു. 11,050 കോടി രൂപ (170 കോടി ഡോളര്‍)യുടെ പദ്ധതിയാണിത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍പാലം ഇതില്‍ ഉള്‍പ്പെടുന്നു. ഒട്ടേറെ കമ്പനികള്‍ക്കു പദ്ധതികളില്‍ അവസരം ലഭിക്കും. ഇന്ത്യന്‍ റെയില്‍വേ പൂര്‍ണമായും എല്‍ ഇ ഡി ലൈറ്റിങ് സംവിധാനത്തിലേക്കു മാറാനൊരുങ്ങുകയാണ്. ഇതോടൊപ്പം സിഗ്‌നലിങ് സംവിധാനത്തിലും സമഗ്രമാറ്റമുണ്ടാകും.

ഇത്തിഹാദ് റെയിലിനെ ചലിപ്പിക്കുന്നതില്‍ മലയാളികളും

അജയ് ഗോപാലകൃഷ്ണ പിള്ള

യു എ ഇ യുടെ വികസന കുതിപ്പില്‍ നിര്‍ണായകമായ ഇത്തിഹാദ് റെയില്‍വേ പദ്ധതിക്ക് സുരക്ഷ ഒരുക്കുന്നവരില്‍ മലയാളികളും. കരുനാഗപ്പള്ളി സ്വദേശി അജയ് ഗോപാലകൃഷ്ണ പിള്ള അവരില്‍ ഒരാളാണ്. റുവൈസ്, ഷാഹ് എന്നീ പ്രദേശങ്ങള്‍ക്കിടയില്‍ മിര്‍ഫ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. നാല് വര്‍ഷമായി ഇത്തിഹാദില്‍ ഉദ്യോഗസ്ഥനാണ് അജയ്. മരുഭൂമിയിലൂടെയുള്ള റെയില്‍പാത ആയതിനാല്‍ ട്രെയിനുകളുടെ സുരക്ഷ വലിയ വെല്ലുവിളിയാണെന്ന് അജയ്. 264 കിലോമീറ്ററില്‍ അബുദാബി അതിര്‍ത്തിയിലെ ഷാഹില്‍ നിന്ന് ഹബ്ഷാനിലേക്കു സള്‍ഫര്‍ എത്തിക്കാനാണ് ട്രെയിന്‍ ഓടുന്നത്. ദിവസം രണ്ടു ട്രെയിന്‍ ഓടും. കനത്ത കാറ്റ് ഉണ്ടെങ്കില്‍ ട്രാക്ക് മണലിനടിയിലാകും. അവ നീക്കം ചെയ്യുന്നതിന് മേല്‍നോട്ടം വഹിക്കുകയെന്നതാണ് ദൗത്യം. 2016 ജനുവരിയില്‍ ചരക്കു വണ്ടി ഓട്ടം തുടങ്ങി. ഇതേവരെ അപകടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. പക്ഷേ ലോകത്തു ഒരിടത്തും ഇത്രയും ദൂരെ മരുഭൂമിയില്‍ റെയില്‍പാളം ഇല്ലെന്ന് അജയ് ചൂണ്ടിക്കാട്ടി. ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം മിഡിലീസ്റ്റ് റെയില്‍ പ്രദര്‍ശനത്തിനെത്തിയതാണ് അജയ്. ഇത്തിഹാദ് റെയിലും ബ്രിട്ടീഷ് കമ്പനിയായ ഷെങ്കറും സംയുക്തമായാണ് ഇത്തിഹാദ് റെയിലിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. അഡ്നോക്ക് കമ്പനിക്കു വേണ്ടിയാണ് ഇത്തിഹാദ് റെയില്‍ ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നത്. ദിവസം പതിനായിരം ടണ്‍ സള്‍ഫര്‍ വഹിക്കാന്‍ ശേഷിയുണ്ട്. റോഡിലൂടെ ആണെങ്കില്‍ 70 ട്രെയ്ലര്‍ വേണ്ടി വരും.

താമസിയാതെ ഇത്തിഹാദ് റെയില്‍ രണ്ടാം ഘട്ടം നിര്‍മാണം തുടങ്ങും. അപ്പോള്‍ അബുദാബി നഗരത്തിലേക്ക് വരെ പാത എത്തും. യാത്രാ വണ്ടികളും ഓടിത്തുടങ്ങും. തറ നിരപ്പില്‍ നിന്ന് ഒന്നര മീറ്റര്‍ ഉയരത്തിലാണ് ഇത്തിഹാദ് റെയില്‍പാളം. 35 രാജ്യങ്ങളില്‍ നിന്ന് 240 ഉദ്യോഗസ്ഥര്‍ പദ്ധതിയുടെ ഭാഗമായുണ്ട്.