ശ്രീജേഷ് ദേശീയ ടീമില്‍ തിരിച്ചെത്തി

കോമണ്‍വെല്‍ത്ത് ഹോക്കി ടീം പ്രഖ്യാപിച്ചു
Posted on: March 13, 2018 7:18 pm | Last updated: March 13, 2018 at 11:52 pm

ന്യൂഡല്‍ഹി: കോമണ്‍ വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. പരുക്കുമൂലം പുറത്തായിരുന്ന മുന്‍ ക്യാപ്റ്റന്‍ മലയാളിയായ ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷ് ഉള്‍പ്പെട്ട 15 അംഗ ടീമിനെ മന്‍പ്രീത് സിംഗ് നയിക്കും.

ക്യാമ്പിലേക്ക് തിരഞ്ഞെടുത്ത പതിനെട്ടംഗ ടീമില്‍ നിന്ന് സീനിയര്‍ താരങ്ങളായ സര്‍ദാര്‍ സിംഗ്, രമണ്‍ദീപ് സിംഗ്, ആകാശ് ചിക്‌ടെ എന്നിവരെ ഒഴിവാക്കയാണ് അന്തിമ ടീമിനെ പ്രഖ്യാപിച്ചത്. ചിങ്‌ലെന്‍സന സിംഗ് കാങ്ജൂമാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍.

പാകിസ്ഥാന്‍, മലേഷ്യ, വെയ്ല്‍സ്, ഇംഗ്ലണ്ട് എന്നിവരുള്‍പ്പെട്ട ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ. പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഏപ്രില്‍ ഏഴിന് ഇന്ത്യ പാകിസ്ഥാനെ നേരിടും.
കഴിഞ്ഞ വര്‍ഷം നടന്ന അസ്‌ലന്‍ഷാ ഹോക്കി ടൂര്‍ണമെന്റിനിടെ പരുക്കേറ്റ് ദേശീയ ടീമില്‍ നിന്ന് പുറത്തായ ശ്രീജേഷ് ടീമിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടെ ന്യൂസീലന്‍ഡ് പര്യടനത്തില്‍ പുറത്തെടുത്ത മികച്ച പ്രകടനം ശ്രീജേഷിന്റെ തിരിച്ചുവരവ് എളുപ്പമാക്കി. അതേസമയം ശ്രീജേഷിന് പിന്നാലെ ക്യാപ്റ്റന്‍ പദവി ഏറ്റെടുത്ത മന്‍പ്രീതിന്റെ കീഴിലാണ് 2017ലെ ഏഷ്യാ കപ്പ് കിരീടവും ഭുവനേശ്വറില്‍ നടന്ന ഹോക്കി വേള്‍ഡ് ലീഗില്‍ വെങ്കലും ഇന്ത്യ നേടിയത്.

ടീം അംഗങ്ങള്‍
ഗോള്‍കീപ്പര്‍മാര്‍: പി ആര്‍ ശ്രീജേഷ്, സൂരജ് കര്‍ക്കറെ.
പ്രതിരോധം: രൂപീന്ദര്‍ പാല്‍ സിംഗ്, ഹര്‍മന്‍പ്രീത് സിംഗ്, വരുണ്‍കുമാര്‍, കോതജിത് സിംഗ്, ഗുരീന്ദര്‍ സിംഗ്, അമിത് റോഹിദാസ്.
മധ്യനിര: മന്‍പ്രീത് സിംഗ്, ചിങ്കല്‍സന സിംഗ്, സുമിത്, വിവേക് സാഗര് പ്രസാദ്.
മുന്നേറ്റം: ആകാശ്ദീപ് സിംഗ്, സുനില്‍ സോമര്‍പത്, ഗുര്‍ജന്ത് സിംഗ്, മന്ദീപ്‌സിംഗ്, ലളിത്കുമാര്‍ ഉപാധ്യ, ദില്‍പ്രീത് സിംഗ്‌