സത്യവാങ്മൂലത്തില്‍ പിഴവ്; വി മുരളീധരന്റെ പത്രിക കമ്മീഷന് തള്ളാം

Posted on: March 13, 2018 6:41 pm | Last updated: March 14, 2018 at 9:41 am

ന്യൂഡല്‍ഹി: രാജ്യസഭാതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബി ജെ പി നിര്‍വാഹക സമിതിയംഗം വി മുരളീധരന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പിഴവ്. ആദായ നികുതി അടച്ചതുമായി ബന്ധപ്പെട്ട് തെറ്റായ വിവരമാണ് നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുള്ളത്. നാളിതുവരെ ആദായനികുതി അടച്ചിട്ടില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട കോളത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, 2016ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് നിന്ന് മത്സരിക്കാന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആദായ നികുതി അടച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.

അറിയാവുന്ന കാര്യങ്ങള്‍ മറച്ചുവെക്കുന്നത് കുറ്റകരമാണെന്നിരിക്കെ നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. 2004 -05 സാമ്പത്തിക വര്‍ഷം ആദായ നികുതി ഫയല്‍ ചെയ്തിട്ടുണ്ടെന്നാണ് 2016ല്‍ കഴക്കൂട്ടത്ത് നിന്ന് നിയമസഭയിലേക്ക് മല്‍സരിച്ചപ്പോള്‍ വി മുരളീധരന്‍ സത്യവാങ്മൂലം നല്‍കിയത്. 3,97, 558 രൂപ ആദായ നികുതി അടച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്.