വിവാദ ഭൂമിയിടപാട്: കര്‍ദിനാളിനെതിരായ എഫ് ഐ ആര്‍ പുറത്ത്

Posted on: March 13, 2018 3:20 pm | Last updated: March 13, 2018 at 8:16 pm

കൊച്ചി: സീറൊ മലബാര്‍ സഭയുടെ വിവാദമായ ഭൂമിയിടപാട് കേസില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ പുറത്തായി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ള പ്രതികള്‍ സഭയുടെ സ്ഥലം കുറഞ്ഞ വിലക്ക് വില്‍ക്കാന്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്ന് എഫ് ഐ ആറില്‍ പറയുന്നു.

എഫ് ഐ ആര്‍ പോലീസ് എറണാകുളം സി ജെ എം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഐ പി സി 154-ാം വകുപ്പ് പ്രകാരമാണ് കര്‍ദിനാള്‍, ഫാദര്‍ ജോഷി പുതുവ, ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, ഭൂമി വില്‍പ്പനയിലെ ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരെ പ്രതികളാക്കി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സഭാംഗമെന്ന നിലയില്‍ ചേര്‍ത്തല സ്വദേശിയായ ഷൈന്‍ വര്‍ഗീസ് നല്‍കിയ പരാതിയിലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 27.15 കോടി രൂപ നിശ്ചയിച്ചിരുന്ന സഭയുടെ സ്ഥലം 13.51 കോടി രൂപക്ക് വിറ്റ് നഷ്ടം വരുത്തിയെന്ന് പരാതിയിലുണ്ട്. സഭക്ക് നഷ്ടം വരണമെന്ന ഉദ്ദേശത്തോടെ 301.76 സെന്റ് സ്ഥലം 36 പ്ലോട്ടുകളാക്കി വിറ്റുവെന്നും ഷൈന്‍ വര്‍ഗീസ് പരാതിയില്‍ പറയുന്നു.