മിനിമം ബാലന്‍സ്: ഒടുവില്‍ എസ് ബി ഐ പിഴത്തുക വെട്ടിക്കുറച്ചു

Posted on: March 13, 2018 12:20 pm | Last updated: March 13, 2018 at 5:26 pm

മുംബൈ: മിനിമം ബാലന്‍സ് തുക കുറഞ്ഞാല്‍ ഈടാക്കുന്ന പിഴയില്‍ എസ് ബി ഐ 75 ശതമാനത്തോളം കുറവു വരുത്തി. അടുത്തമാസം ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.ബേങ്കിന്റെ 25 കോടിയിലധികം വരുന്ന ഉപഭോക്താക്കള്‍ക്ക് തീരുമാനം ഗുണകരമാകും. മെട്രോ സിറ്റികളിലും മറ്റ് നഗരങ്ങളിലുമുള്ള ഉപഭോക്താക്കളില്‍നിന്നും പ്രതിമാസം ഈടാക്കിയിരുന്ന പിഴത്തുക 50 രൂപയില്‍നിന്നും 15 രൂപയായി കുറച്ചപ്പോള്‍ അര്‍ധനഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ളവരില്‍ നിന്നും ഈടാക്കിയിരുന്ന 40 രൂപ പ്രതിമാസ പിഴത്തുക യഥാക്രമം 12ഉം 10ഉം രൂപയായി കുറച്ചു. എന്നാല്‍ പിഴത്തുകയിന്‍മേല്‍ ജി എസ് ടി കൂടി ചുമത്തും. മിനിമം ബാലന്‍സ് ഇല്ലാത്തവരില്‍നിന്നായി എട്ട് മാസം കൊണ്ട് ബേങ്ക് 1771 കോടി രൂപയാണ് ഈടാക്കിയത്. ഇത് കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കിയ സാഹചര്യത്തിലാണ് ബേങ്ക് പിഴത്തുകയില്‍ കാര്യമായ കുറവ് വരുത്താന്‍ തയ്യാറായത്.