അസ്ലന്‍ഷാ കപ്പ് ആസ്‌ത്രേലിയക്ക്

Posted on: March 13, 2018 6:06 am | Last updated: March 13, 2018 at 12:14 am

ഇപോ (മലേഷ്യ): സുല്‍ത്താന്‍ അസ്ലന്‍ ഷാഹോക്കി ടൂര്‍ണമെന്റില്‍ ആസ്‌ത്രേലിയക്കു കിരീടം. ആവേശകരമായ കലാശപ്പോരില്‍ കഴിഞ്ഞ തവണത്തെ ജേതാക്കളായ ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ആസ്‌ത്രേലിയ കീഴടക്കിയത്. ഇതു പത്താം തവണയാണ് അസ്ലന്‍ ഷാ ഹോക്കിയില്‍ ഓസീസ് കിരീടമുയര്‍ത്തുന്നത്.

ബ്ലാക് ഗോവേഴ്‌സ് , ലാക്ലാന്‍ ഷാര്‍പ്പുമാണ് ഫൈനലില്‍ ജേതാക്കള്‍ക്കായി സ്‌കോര്‍ ചെയ്തത്.
ഇംഗ്ലണ്ടിന്റെ ഗോള്‍ മടക്കിയത് 54ാം മിനിറ്റില്‍ സാമുവല്‍ വാര്‍ഡായിരുന്നു. ടൂര്‍ണമെന്റില്‍ ഒരു കളി പോലും തോല്‍ക്കാതെയാണ് ഓസീസ് കപ്പിലേക്കു കുതിച്ചെത്തിയത്. നേരത്തേ കളിച്ച അഞ്ചു മല്‍സരങ്ങളിലും ജയിച്ച് ഒന്നാംസ്ഥാനക്കാരായി ഫൈനലിലെത്തിയ ഓസീസ് ജയം ആവര്‍ത്തിക്കുകയായിരുന്നു. നേരത്തേ ഇംഗ്ലണ്ടിനെ 4-1ന് തകര്‍ത്താണ് ഓസീസ് ടൂര്‍ണമെന്റില്‍ അരങ്ങേറിയത്.

ഒളിമ്പിക് ജേതാക്കളായ അര്‍ജന്റീനയ്ക്കാണ് ടൂര്‍ണമെന്റില്‍ മൂന്നാംസ്ഥാനം. മൂന്നാംസ്ഥാനക്കാരെ കണ്ടെത്താനുള്ള മല്‍സരത്തില്‍ ആതിഥേയരായ മലേഷ്യയെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു കീഴടക്കുകയായിരുന്നു. ഇന്ത്യക്ക് അഞ്ചാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നിരുന്നു.