ഗ്രീസില്‍ ഫുട്‌ബോള്‍ അടിയന്തരാവസ്ഥ

  • ഗോള്‍ അനുവദിച്ചില്ല; ക്ലബ്ബ് ഉടമ തോക്കുമായി ഗ്രൗണ്ടിലിറങ്ങി
  • യുവേഫ ഇടപെടുന്നു
Posted on: March 13, 2018 6:28 am | Last updated: March 13, 2018 at 12:08 am
ക്ലബ്ബ് ഉടമ തോക്കുമായി ഗ്രൗണ്ടിലിറങ്ങി വിളയാടുന്നു

ഏഥന്‍സ്: തൊണ്ണൂറാം മിനുട്ടില്‍ റഫറി ഗോള്‍ നിഷേധിച്ചപ്പോള്‍ പിഎഒകെ ക്ലബ്ബിന്റെ ഉടമ തോക്കുമായി ഗ്രൗണ്ടിലേക്ക് ഇരച്ചു കയറി.

കൂടെ അദ്ദേഹത്തിന്റെ അംഗരക്ഷകരും. എഇകെ ഏഥന്‍സിന്റെ കളിക്കാരും കാണികളും റഫറിയും സുരക്ഷാ ഉദ്യോഗസ്ഥരും പകച്ചു പോയ നിമിഷമായിരുന്നു ഗ്രീക്ക് സൂപ്പര്‍ ലീഗില്‍ അരങ്ങേറിയത്.

ഇതോടെ, ഗ്രീക്ക് സര്‍ക്കാര്‍ ഫുട്‌ബോള്‍ ലീഗ് അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു. കായിക മന്ത്രി യിര്‍ഗോസ് വസിലിയാഡിസ് അടിയന്തരമായി അന്വേഷണത്തിന് ഉത്തരവിട്ടു.

പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസുമായി കൂടിക്കാഴ്ച നടത്തി വേണ്ട നടപടി സ്വീകരിക്കുമെന്ന് കായിക മന്ത്രി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ഗ്രീക്ക് സര്‍ക്കാര്‍ സംഭവം യുവേഫ പ്രതിനിധികളുമായി ചര്‍ച്ച ചെയ്യും. ഗ്രീക്ക് ഫുട്‌ബോള്‍ ഈ വിധം മുന്നോട്ടു കൊണ്ടു പോകുവാന്‍ കഴിയില്ലെന്ന് വ്യക്തമാക്കും.

ഗ്രീക്ക് – റഷ്യന്‍ വ്യാപാരപ്രമുഖന്‍ ഇഴാന്‍ സാവിഡിസാണ് ഗ്രൗണ്ടില്‍ പരിഭ്രാന്തി സൃഷ്ടിച്ചത്. എ ഇ കെ ഏഥന്‍സ് കളിക്കാര്‍ സുരക്ഷാ കാരണങ്ങളാല്‍ മത്സരം പൂര്‍ത്തിയാക്കാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കി മടങ്ങി. ലീഗില്‍ പി എ ഒ കെയും എഇകെയും കിരീടപ്പോരില്‍ ഇഞ്ചോടിഞ്ചാണ്.