Connect with us

Sports

രാഷ്ട്രീയക്കളിയില്‍ കുഴഞ്ഞത് ഉന്‍മുക്ത്

Published

|

Last Updated

ആറ് വര്‍ഷം മുമ്പ് ഐ സി സി അണ്ടര്‍ 19 ലോകകപ്പ് ഇന്ത്യക്ക് നേടിക്കൊടുത്ത നായകന്‍ ഉന്‍മുക്ത് ചന്ദ് ഇന്നെവിടെയാണ് ? ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടമില്ല. ഡല്‍ഹി ടീമില്‍ ഇടമില്ല. ഐ പി എല്‍ ടീമുകളുടെ കരാറും ഉന്‍മുക്തിന് ലഭിച്ചില്ല.

ദേവ്ദര്‍ ട്രോഫി കളിക്കാന്‍ ധര്‍മശാലയിലെത്തിയ ഉന്‍മുക്ത് തന്റെ കരിയറില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ദുരന്തമോര്‍ത്ത് നിരാശയുടെ നടുക്കയത്തിലേക്ക് താഴ്ന്നു പോകുന്നു.
ഡല്‍ഹി ക്രിക്കറ്റിലെ രാഷ്ട്രീയമാണ് ഉന്‍മുക്തിനെ പോലൊരു ഭാവിവാഗ്ദാനത്തിന്റെ കഥ കഴിക്കുന്നത്. മുംബൈയില്‍ രണ്ട് വര്‍ഷം മുമ്പ് ട്വന്റി20 മേഖലാ മത്സരം കളിക്കുമ്പോഴാണ് ഉന്‍മുക്ത് ചന്ദ് ഡല്‍ഹി ഏകദിന സ്‌ക്വാഡില്‍ നിന്ന് പുറത്തായ വിവരം അറിയുന്നത്. തൊട്ടു മുമ്പ് ഇന്ത്യ എ ടീമിനെ നയിക്കുകയും കൂടുതല്‍ റണ്‍സെടുക്കുകയും ചെയ്തിരുന്നു ഉന്‍മുക്ത്. ഡല്‍ഹി ക്രിക്കറ്റ് സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമായിരിക്കെയാണ് ഉന്‍മുക്ത് ടീമിന് പുറത്താകുന്നത്. താന്‍ ഞെട്ടലോടെയാണ് ഈ നടപടികളെ ഉള്‍ക്കൊണ്ടതെന്ന് ഇരുപത്തിനാലുകാരന്‍ പറയുന്നു.
ഐ പി എല്‍ താരലേലത്തില്‍ ഒരു ഫ്രാഞ്ചൈസി പോലും ഉന്‍മുക്തിനെ പരിഗണിച്ചില്ല. ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്ത താരങ്ങളെ അവഗണിക്കുകയായിരുന്നു ഫ്രാഞ്ചൈസികള്‍. മുംബൈ ഇന്ത്യന്‍സ് കഴിഞ്ഞ വര്‍ഷം ഉന്‍മുക്തിനെ ടീമിലെടുത്തെങ്കിലും അവസരം നല്‍കിയില്ല. പുറത്തിരുന്ന് മടുത്തപ്പോഴാണ് ഉന്‍മുക്ത് മുംബൈ ഇന്ത്യന്‍സ് വിടാന്‍ തീരുമാനിച്ചത്. പണമല്ല, കളിക്കാനവസരം ലഭിക്കുകയാണ് ഉന്‍മുക്തിന് പ്രധാനം.

ഈ വര്‍ഷം ഡല്‍ഹിക്കായി ആകെ രണ്ട് ടി20 മത്സരങ്ങളാണ് ഉന്‍മുക്ത് കളിച്ചത്. ഒന്ന് ഫൈനലായിരുന്നു. അര്‍ധസെഞ്ച്വറി നേടുകയും ചെയ്തു. എന്നിട്ടും ഐ പി എല്ലില്‍ അവസരം ലഭിച്ചില്ല.

ഡല്‍ഹിയില്‍ അവസരം കുറയുന്നതിനാല്‍ മറ്റ് സംസ്ഥാന ടീമുകളിലേക്ക് ചേക്കേറുന്നതിനെ കുറിച്ച് താരം ആലോചിക്കുന്നു. എന്നാല്‍, ഡല്‍ഹിയുടെ രഞ്ജി ട്രോഫി ടീമില്‍ നിന്ന് തഴയപ്പെടുന്ന നിമിഷത്തിലേ അതുണ്ടാകൂ.

അങ്ങനെയൊന്ന് സംഭവിച്ചാല്‍ ഉന്‍മുക്തിന് അത്ഭുതം തോന്നില്ല. കളിമികവിനേക്കാള്‍ രാഷ്ട്രീയതാത്പര്യങ്ങളാണ് ഡല്‍ഹി ക്രിക്കറ്റിനെ ഭരിക്കുന്നത് എന്നയാള്‍ക്ക് ബോധ്യമുണ്ട്.

Latest