Connect with us

Kerala

ലൈഫ് മിഷന്‍ പദ്ധതി: അടുത്ത വര്‍ഷം രണ്ടര ലക്ഷം വീട് നിര്‍മിക്കും

Published

|

Last Updated

തിരുവനന്തപുരം: ലൈഫ് പദ്ധതിയുടെ ഭാഗമായി അടുത്ത സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് രണ്ടര ലക്ഷം വീടുകള്‍ നിര്‍മിക്കും. പി എം വൈ ഗ്രാമീണ്‍ പ്രകാരമുള്ള വീടുകള്‍ ലൈഫ് പദ്ധതിയുടെ ഭാഗമാക്കിയതായി തദ്ദേശ സ്വയംഭരണമന്ത്രി ഡോ. കെ ടി ജലീല്‍ നിയമസഭയെ അറിയിച്ചു.

പുതിയ ഭവന പദ്ധതിക്ക് രൂപം നല്‍കി സര്‍വേ പൂര്‍ത്തിയാക്കിയ വിവരം സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കി. കെട്ടിടാനുമതി, ഒക്യുപ്പെന്‍സി സര്‍ട്ടിഫിക്കറ്റ് എന്നിവ സമയബന്ധിതമായി നല്‍കാനുള്ള സോഫ്റ്റ് വെയര്‍ ഉടന്‍ സജ്ജമാകും. സി ആര്‍ സെഡ് ഫയര്‍ ആന്റ് സേഫ്റ്റി, എയര്‍പോര്‍ട്ട് അതോറിറ്റി, റെയില്‍വേ എന്നിവയുടെ അനുമതിയെല്ലാം നല്‍കാന്‍ കഴിയും വിധമാണ് ഇതിന്റെ ക്രമീകരണം. ഏപ്രിലോടെ സംസ്ഥാനത്തെ എട്ട് അമൃത് സിറ്റികളില്‍ പൈലറ്റ് പ്രൊജക്ട് ആരംഭിക്കും.

സ്വന്തമായി ഭൂമിയുള്ള ഭവനരഹിതരായ 1.70 ലക്ഷം പേര്‍ക്കും പി എം എ വൈ അര്‍ബന്‍ പ്രകാരം തിരഞ്ഞെടുത്ത 75,000 പേര്‍ക്കുമാണ് വീടുയരുക. കേന്ദ്രം മുന്നോട്ട് വെക്കുന്ന ഇരുചക്രവാഹനങ്ങള്‍, ഫ്രിഡ്ജ്, ലാന്‍ഡ്‌ഫോണ്‍ എന്നീ മൂന്ന് മാനണ്ഡങ്ങള്‍ സംസ്ഥാനത്തിന് വിനയാകാനിടയുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതോടൊപ്പം പണി പൂര്‍ത്തിയാകാത്ത 66,000 വീടുകളുടെ പൂര്‍ത്തീകരണവും ഉടന്‍ നടക്കും.
ഒമ്പത് മാസം പദ്ധതി രൂപവത്കരണവും മൂന്ന് മാസം നിര്‍വഹണവുമെന്ന രീതിമാറി മൂന്ന് മാസം കൊണ്ട് പദ്ധതി രൂപവത്കരിക്കാനും ശേഷിക്കുന്ന ഒമ്പത് മാസം നിര്‍വഹണത്തിനും എന്ന അവസ്ഥയിലെത്തി തദ്ദേശ സ്ഥാപനങ്ങള്‍.

അടുത്ത സാമ്പത്തിക വര്‍ഷം 12 മാസം പദ്ധതി നിര്‍വഹണത്തിന് ലഭിക്കും. ജൂണ്‍ 15ന് മുമ്പ് 1,150 തദ്ദേശ സ്ഥാപനങ്ങളും പദ്ധതി തയ്യാറാക്കി ഡി പി സിയുടെ അനുമതി വാങ്ങിക്കഴിഞ്ഞു. പദ്ധതി രൂപവത്കരണത്തിലെ വേഗത പ്രതീക്ഷിച്ചപോലെ നിര്‍വഹണത്തില്‍ ഉണ്ടായില്ല. ജി എസ് ടിയെ തുടര്‍ന്നുള്ള പ്രതിസന്ധിയും കരാറുകാരുടെ സമരവും ക്വാറികളില്‍ നിന്ന് വസ്തുക്കള്‍ ലഭ്യമല്ലാത്തതാണ് ഇതിന് കാരണം.
പദ്ധതി നിര്‍വഹണത്തിലും മികച്ച പ്രകടനമാണ്. സാമ്പത്തിക വര്‍ഷം തീരാന്‍ 19 ദിവസം ബാക്കി നില്‍ക്കെ പദ്ധതി ചെലവ് 59.74 ശതമാനമാണ്. ട്രഷറികളില്‍ നിന്ന് പാസായി കിട്ടാനുള്ള 336 കോടിയും കൂടി കൂട്ടിയാല്‍ ഈ വര്‍ഷത്തെ പദ്ധതി പദ്ധതി ചെലവ് 64.10 ശതമാനമാകും. തദ്ദേശസ്ഥാപനങ്ങളുടെ നികുതി പിരിവിലും മെച്ചപ്പെട്ട പ്രകടനമാണ്.

ഗ്രാമീണ റോഡ് നിര്‍മാണത്തിനുള്ള പി എം ജി എസ് വൈ പദ്ധതിയില്‍ കേരളത്തിന് കിട്ടിയത് മൊത്തം അലോട്ട്‌മെന്റിന്റെ 0.5 ശതമാനം മാത്രമാണെന്ന് മന്ത്രി വ്യക്തമാക്കി. ഒന്നും രണ്ടും ഘട്ടങ്ങളിലായി 3,708 കിലോമീറ്റര്‍ റോഡാണ് കേരളത്തിന് ലഭിച്ചത്. ഇതില്‍ 3,065 കിലോമീറ്റര്‍ പൂര്‍ത്തിയാക്കി.

2016-17 വര്‍ഷത്തില്‍ 319.948 കിലോമീറ്ററില്‍ 84 പ്രവര്‍ത്തികള്‍ക്കുള്ള അനുമതിയും നേടിയെടുക്കാനായി. 2017ല്‍19ല്‍ 263.365 കിലോമീറ്ററുകളിലായി 60 പ്രവര്‍ത്തികള്‍ക്കും. ഇതടക്കം ആകെ 583.313 കിലോമീറ്റുകളാണ് അനുമതി ലഭിച്ചത്. ഇതില്‍ 71.306 കിലോമീറ്റര്‍ പൂര്‍ത്തീകരിക്കാനുമായി.

20 മാസത്തിനുള്ളില്‍ ഗ്രാമ വികസന വകുപ്പില്‍ 889 ഒഴിവുകള്‍ നികത്തി. ഇതില്‍ 749 ഉം വി ഇ ഒമാരാണ് 437 സ്ഥാനക്കയറ്റങ്ങളും നല്‍കി. മുന്‍സിപ്പല്‍ കോര്‍പറേഷനുകളില്‍ 1,153 സ്ഥാനക്കയറ്റങ്ങള്‍ നടത്തുകയും 657 ഒഴിവുകള്‍ നികത്തുകയും ചെയ്തു. 142 ആശ്രിത നിയമനങ്ങളും ഇക്കാലയവളവില്‍ നടന്നു. 1,494 പുതിയ തസ്തികകളും പുതുതായി സൃഷ്ടിച്ചതായും മന്ത്രി അറിയിച്ചു.