Connect with us

Education

കോഴിക്കോട് മെഡിക്കല്‍ കോളജിലെ 250 എം ബി ബി എസ് സീറ്റുകള്‍ക്ക് സ്ഥിരാനുമതി

Published

|

Last Updated

തിരുവനന്തപുരം: കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ 250 എം ബി ബി എസ് സീറ്റുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സ്ഥിരാനുമതി ലഭിച്ചു. 250 വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ കഴിയുന്ന ക്ലാസ് റൂമുകള്‍, മികച്ച ലൈബ്രറി സൗകര്യം, ഹോസ്റ്റല്‍, പരീക്ഷാ നടത്താനുള്ള സൗകര്യം, അധ്യാപക വിദ്യാര്‍ഥി ആനുപാതം എന്നിവയെല്ലാം പരിശോധിച്ച് വിലയിരുത്തിയ ശേഷമാണ് എം സി ഐ 250 സീറ്റുകള്‍ക്കും സ്ഥിരാനുമതി നല്‍കിയത്.

നേരത്തെയുണ്ടായിരുന്ന 200 സീറ്റില്‍ നിന്ന് 250 സീറ്റായി എം സി ഐ വര്‍ധിപ്പിച്ചിരുന്നുവെങ്കിലും സ്ഥിരാനുമതി നല്‍കിയിരുന്നില്ല. അതിനാല്‍ തന്നെ ഓരോ വര്‍ഷവും എം സി ഐ സംഘം പരിശോധന നടത്തിയാണ് ആ വര്‍ഷത്തെ അംഗീകാരം നല്‍കിയിരുന്നത്.

കേരളത്തിലെ ഏറ്റവുമധികം എം ബി ബി എസ് വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളജാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്. അധിക സീറ്റിന് അംഗീകാരം ലഭിക്കുമോയെന്ന രക്ഷകര്‍ത്താക്കളുടെയും വിദ്യാര്‍ഥികളുടെയും ആശങ്കക്കാണ് ഇതോടെ വിരാമമായത്.

കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളജുകളിലുമായി മൊത്തത്തില്‍ 1,300 സീറ്റുകളാണുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 200, പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ 100, ആലപ്പുഴ മെഡിക്കല്‍ കോളജില്‍ 150, കോട്ടയം മെഡിക്കല്‍ കോളജില്‍ 150, തൃശൂര്‍ മെഡിക്കല്‍ കോളജില്‍ 150, എറണാകുളം മെഡിക്കല്‍ കോളജില്‍ 100, മഞ്ചേരി മെഡിക്കല്‍ കോളജില്‍ 100, പാലക്കാട് മെഡിക്കല്‍ കോളജില്‍ 100 എന്നിങ്ങനെയാണ് സീറ്റുകളുള്ളത്.

കോട്ടയം മെഡിക്കല്‍ കോളജിലെ നിലവിലെ 100 സീറ്റിന് പുറമേ 50 സീറ്റിന് കൂടി ഈ വര്‍ഷം എം സി ഐയുടെ സ്ഥിരാനുമതി ലഭിച്ചിട്ടുണ്ട്.

 

---- facebook comment plugin here -----

Latest