കളമൊരുങ്ങും മുമ്പ് അങ്കം; ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് ചൂടിലേക്ക്

  • എല്‍ ഡി എഫിന് സജി ചെറിയാന്‍
  • യു ഡി എഫിന് ഡി വിജയകുമാര്‍
Posted on: March 13, 2018 6:21 am | Last updated: March 12, 2018 at 11:30 pm

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരും മുമ്പെ ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥികളായി. സ്ഥാനാര്‍ഥികള്‍ കളത്തിലിറങ്ങിയതോടെ ചെങ്ങന്നൂര്‍ ഇനി ഉപതിരഞ്ഞെടുപ്പിന്റെ ചൂടിലമരും. ഇടത് മുന്നണി സ്ഥാനാര്‍ഥിയായി സജിചെറിയാനെ സി പി എമ്മും യു ഡി എഫ് സ്ഥാനാര്‍ഥിയായി അഡ്വ. ഡി വിജയകുമാറിനെ കോണ്‍ഗ്രസും ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും കഴിഞ്ഞ തവണ മത്സരിച്ച പി എസ് ശ്രീധരന്‍പിള്ളയാണ് ബി ജെ പിക്ക് വേണ്ടി ഇത്തവണയും കളത്തിലിറങ്ങുന്നത്. ആര്‍ രാമചന്ദ്രന്‍നായരുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന ചെങ്ങന്നൂര്‍ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

മത്സരത്തിന്റെ തീവ്രത ബോധ്യപ്പെടുത്തുന്നതാണ് ഇരുമുന്നണികളും ബി ജെ പിയും നടത്തുന്ന തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ മൂന്ന് കക്ഷികളും പ്രചാരണം തുടങ്ങിയിരുന്നു. മണ്ഡലത്തിലെ പ്രധാനവ്യക്തികളെ കണ്ട് സ്ഥാനാര്‍ഥികള്‍ ആദ്യഘട്ട പ്രചാരണത്തിന് തുടക്കമിട്ട് കഴിഞ്ഞു. ഡി വിജയകുമാറിനെ സ്ഥാനാര്‍ഥിയാക്കാന്‍ കെ പി സി സി നല്‍കിയ നിര്‍ദേശം എ ഐ സി സി നേതൃത്വം അംഗീകരിക്കുകയായിരുന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റിക്കു ശേഷമാണ് സജി ചെറിയാന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.

കഴിഞ്ഞ തവണ മത്സരിച്ച പി എസ് ശ്രീധരന്‍പിള്ളയെ തന്നെയാണ് ബി ജെ പി സ്ഥാനാര്‍ഥിയെങ്കിലും ഔദ്യോഗികമായി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ബി ഡി ജെ എസ് അടക്കമുള്ള ഘടകകക്ഷികളുമായി അഭിപ്രായ സമന്വയം ഉണ്ടാകാത്ത സാഹചര്യത്തിലാണ് പ്രഖ്യാപനം വൈകുന്നതെന്നാണ് സൂചന. രാജ്യസഭാസീറ്റിന്റെ പേരില്‍ ഇടഞ്ഞ് നില്‍ക്കുന്ന ബി ഡി ജെ എസിനെ അനുനയിപ്പിക്കാന്‍ പ്രാധാന്യമുള്ള ബോര്‍ഡ്, കോര്‍പ്പറേഷന്‍ അധ്യക്ഷ പദവികളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. സി പി എം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കു രണ്ടാം വട്ടം തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് സജി ചെറിയാനെ സ്ഥാനാര്‍ഥിയാക്കാന്‍ സി പി എം തീരുമാനിച്ചത്. എസ് എഫ് ഐയിലൂടെ പൊതുരംഗത്ത് എത്തിയ സജി ചെറിയാന്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍, ചെറിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, സി പി എം ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറി എന്നീ ചുമതലകളും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. 2006ല്‍ ചെങ്ങന്നൂരില്‍ പി സി വിഷ്ണുനാഥിനോടു പരാജയപ്പെടുകയായിരുന്നു.

ചെങ്ങന്നൂര്‍ കാര്‍ഷിക സഹകരണ ബേങ്കിന്റെ പ്രസിഡന്റും അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ ദേശീയ വൈസ് പ്രസിഡന്റുമായ വിജയകുമാര്‍ ചങ്ങനാശ്ശേരി എന്‍ എസ് എസ് കോളജില്‍ കെ എസ് യു യൂനിറ്റ് വൈസ് പ്രസിഡന്റായാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. യൂത്ത് കോണ്‍ഗ്രസ് ചെങ്ങന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ആലപ്പുഴ ഡി സി സി ജനറല്‍ സെക്രട്ടറി, ഐ എന്‍ ടി യു സി ജില്ലാ വൈസ് പ്രസിഡന്റ്, കെ പി സി സി അംഗം, നിര്‍വാഹകസമിതി അംഗം എന്നീ പാര്‍ട്ടി പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് മാവേലിക്കര ഡിസ്ട്രിക്ട് പ്രസിഡന്റ്, മൂന്ന് തവണ ചെങ്ങന്നൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്, ദക്ഷിണ റെയില്‍വേ സോണല്‍ കമ്മിറ്റി അംഗം, ചെങ്ങന്നൂര്‍ റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, റെയില്‍വേ ഡിവിഷണല്‍ യൂസേഴ്‌സ് കമ്മിറ്റി അംഗം (തിരുവനന്തപുരം, പാലക്കാട്), കേരള കാര്‍ഷിക സര്‍വകലാശാല മുന്‍ അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍, ആലപ്പുഴ കോഓപ്പറേറ്റീവ് സ്പിന്നിങ് മില്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.